നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തി.

ബീജിങ്:   പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തി. ഇരുപത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിനുള്ള നിർദേശങ്ങളാണ് ഇരുനേതാക്കളും മുന്നോട്ട് വച്ചത്.  ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്യാനാവും എന്ന കാര്യമായിരുന്നു മോദിയും ജിൻപിങ്ങും തമ്മിലുള്ള ആദ്യ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.

മാവോ സെതൂങ്ങിന്‍റ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായിരുന്ന വുഹാനിലാണു മോദി–ഷി കൂടിക്കാഴ്ച. ഡോക്‌ലാമിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കേയാണു ഇന്ത്യയും ചൈനയും ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് ചർച്ച നടത്തുന്നത്. ഹൂബെ പ്രവിശ്യാ മ്യൂസിയം സന്ദർശനമായിരുന്നു നേതാക്കളുടെ ആദ്യ പരിപാടി. ഇത്തരം അനൗപചാരിക കൂടിക്കാഴ്ചകൾ ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരം സ്വഭാവവും സംസ്കാരവുമാകണമെന്നു മോദി അഭിപ്രായപ്പെട്ടു. 2019ൽ അടുത്ത കൂടിക്കാഴ്ച നടത്താൻ ഷീ ജിൻപിങ്ങിനെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു.
ആഗോള സാമ്പത്തിക വളർച്ചയിൽ കഴിഞ്ഞ 1600 വർഷങ്ങളായി ഇന്ത്യയും ചൈനയും സ്തുത്യാർ‌ഹമായ സംഭാവനകൾ നൽകിവരുകയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ജിൻപിങ്ങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയിൽ അനുകൂല അന്തരീക്ഷമാണ് അനുഭവപ്പെട്ടതെന്നും ഇന്ത്യയോടുള്ള ജിൻപിങ്ങിന്‍റെ സ്നേഹമാണ് സഹൃദയ ആതിഥേയത്വത്തിലൂടെ വെളിവായതെന്നും മോദി പറഞ്ഞു.

രണ്ടു ദിവസവും അനൗപചാരികമായ സംഭാഷണങ്ങളാണ് ഇരുനേതാക്കളും തമ്മിലുള്ളത്. ബോട്ടുയാത്ര, പൂന്തോട്ടസ‍ഞ്ചാരം തുടങ്ങിയ പരിപാടികളിൽ പരിഭാഷകർ മാത്രമേ ഒപ്പമുണ്ടാകൂ. അതിർത്തിത്തർക്കം, വ്യാപാരം, പാക്കിസ്ഥാനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലുള്ള ഭിന്നതകൾ പരിഹരിച്ചു ധാരണയിലെത്താൻ കഴിഞ്ഞാൽ വുഹാൻ കൂട്ടായ്മ സൗഹൃദത്തിന്‍റെ പുതുചരിത്രമെഴുതും. അജണ്ടകളൊന്നുമില്ലാതെ പൂർണമായും അനൗപചാരികവുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയെന്നാണ് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar