ആദ്യ അവിശ്വാസ വോട്ടിനു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ അവിശ്വാസ വോട്ട് നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ എംപിമാരും കൂടെയുണ്ടെന്നുറപ്പിക്കാന്‍ ബിജെപി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു. അതിന് വേണ്ടി ഇന്നത്തെ ഉച്ചയൂണിനും അത്താഴത്തിനും പാര്‍ട്ടി എംപിമാരെല്ലാം ഒന്നിച്ചുണ്ടാവണമെന്നാണ് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ മുഴുവന്‍ പാര്‍ട്ടി എംപിമാരുടെയും സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.545 അംഗ സഭയില്‍ 273 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് സ്പീക്കര്‍ അടക്കം 273 പേരാണ് സഭയില്‍ ഉള്ളത്. എന്നാല്‍, സ്പീക്കര്‍ക്ക് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആവില്ല. ഈ സാഹച്യത്തില്‍ പാര്‍ട്ടി എംപിമാര്‍ക്കൊപ്പം സഖ്യകക്ഷികളില്‍ നിന്നുള്ള വോട്ട് കൂടി ഉറപ്പിക്കേണ്ടതുണ്ട്.
അവിശ്വാസപ്രമേയത്തിനെതിരേ എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ എംപിമാരും വോട്ട് ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മറിച്ച് പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി മറ്റ് പാര്‍ട്ടികളുമായും ബന്ധപ്പടുന്നുണ്ട്. എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി എന്നിവ പിന്തുണക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിവസേനയും തങ്ങളെ പിന്തുണക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേ സമയം, എഐഎഡിഎംകെ, നവീന്‍ പട്‌നായികിന്റെ ബിജെഡി, ടിആര്‍എസ് എന്നിവ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar