ശബരിമല :സംസ്ഥാന സര്‍ക്കാര്‍ നിലപാട് ലജ്ജാകരം.

കൊല്ലം:ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും ലജ്ജാകരമായ തീരുമാനമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നല്‍കി. കമ്മ്യൂണിസ്റ്റുകള്‍ ഭാരതീയ സംസ്‌കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.ഹ്വസ്വ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ മോദി സംസ്ഥാനത്ത് എന്‍.ഡി.എ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊല്ലം പീരങ്കി മൈതാനിയില്‍ എന്‍.ഡി.എയുടെ കൂറ്റന്‍ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഇരു മുന്നണികള്‍ക്കുമെതിരേയും ആഞ്ഞടിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും അധികാരക്കൊതിയില്‍ ജനങ്ങളെ മറന്നു. അഴിമതിയിലും വര്‍ഗീയതയിലും കേരള ജനതയെ അവര്‍ ബന്ദികളാക്കി. യു.ഡി.എഫും എല്‍.ഡി.എഫും ഒരേനാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ യു.എഡി.എഫിന് വ്യക്തമായൊരു നിലപാടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ അവര്‍ പാര്‍ലമെന്റില്‍ ഒന്നു പറയും. പത്തനംതിട്ടയില്‍ മാറ്റിപ്പറയും. ഈ വിഷയത്തില്‍ കൃത്യമായ നിലപാടു വ്യക്തമാക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്. കേരളീയ സംസ്‌കാരത്തോടൊപ്പം നിന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.
ത്രിപുരയില്‍ പൂജ്യം എന്ന നിലയില്‍ നിന്നാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും കളിയാക്കലുകള്‍ക്കും അക്രമങ്ങള്‍ക്കും കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ തളര്‍ത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വന്‍ ജന മുന്നേറ്റത്തിന് കേരളം സാക്ഷ്യംവഹിക്കുമെന്നും മോദി പറഞ്ഞു.
0 Comments