നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകണം: ‘നന്മ’ കണ്‍‌വന്‍ഷന്‍ 

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ ‘നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സി (നന്മ) ന്റെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍‌വന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു.എ. നസീര്‍ (ന്യൂയോര്‍ക്ക്) – പ്രസിഡന്റ്, റഷീദ് മുഹമ്മദ് (ഡാളസ്) – വൈസ് പ്രസിഡന്റ്, മെഹബൂബ് കിഴക്കേപ്പുര (ന്യൂജേഴ്സി) – സെക്രട്ടറി, യാസ്മിന്‍ മര്‍ച്ചന്റ് (ടൊറോന്റോ, കാനഡ) – ജോയിൻറ് സെക്രട്ടറി, നിയാസ് അഹമ്മദ് (മിനിയപോളിസ്) – ട്രഷറർ, അജീത് കാരേടത്ത് (ഡാളസ്) – ജോയിന്റ് ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ ദേശീയതലത്തില്‍  തെരെഞ്ഞെടുക്കപ്പെട്ട ‘നന്മ’യുടെ  ഭാരവാഹികള്‍ക്ക് ഷാജഹാന്‍ (ഷിക്കാഗോ), സജീബ് കോയ (ടൊറോന്റോ) എന്നിവര്‍ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ഹാമിദലി കൊട്ടപ്പറമ്പന്‍ (കെന്റക്കി) – മീഡിയ & കമ്മ്യൂണിക്കേഷന്‍സ്,യാസ്മിന്‍ അമീന്‍ (ബോസ്റ്റണ്‍) – വിമന്‍സ് അഫയേഴ്‌സ്, ഡോ. തസ്‍ലീം കാസിം (നോർത്ത് ഡകോട്ട) – യൂത്ത് അഫയേഴ്‌സ്, ഹര്‍ഷദ് രണ്ടുതെങ്ങുള്ളതില്‍ (ലോസ് ആഞ്ചലസ്‌) – പ്രോഗ്രാം & പ്രോജക്ട്സ്, ശിഹാബ് സീനത്ത് (ടൊറോന്റോ, കാനഡ) – അസെറ്റ്‌സ് & മെമ്പര്‍ഷിപ്പ്, എന്നിവരെയും തെരഞ്ഞെടുത്തു.
ഉയര്‍ന്ന വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുള്ള ധാരാളം മുസ്ലിം കുടുംബങ്ങൾ നോര്‍ത്ത് അമേരിക്കയിലുണ്ടെന്നും അവരുടെ കഴിവുകളും സമയവും സമൂഹത്തിനു വേണ്ടി ഉപയോഗപ്പെടുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെടാനും കേരളത്തില്‍ നിന്ന്   വിദ്യാഭ്യാസ, തൊഴിൽ, ചികിത്സ എന്നീ വിവിധ ആവശ്യാര്‍ത്ഥം അമേരിക്കയിലും കാനഡയിലുമെത്തുന്നവര്‍ക്ക്  ആശ്രയിക്കാവുന്ന രൂപത്തില്‍ മെച്ചപ്പെട്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന സംവിധാനമൊരുക്കാനും ‘നന്മ’ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് യു.എ. നസീര്‍ ആഹ്വാനം ചെയ്തു.
തുടര്‍ന്നു നടന്ന പ്രവർത്തന രൂപരേഖയുടെ ചര്‍ച്ചയ്ക്ക് നിറാര്‍ കുന്നത്ത് ബഷീര്‍ (വാഷിംഗ്ടണ്‍ ഡി.സി) നേതൃത്വം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനം, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, മറ്റു സംഘടനകളുമായുള്ള സഹകരണം, വിദ്യാഭ്യാസം, കുടുംബം, ക്ലബുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ‘നന്മ’യുടെ പ്രാദേശിക-ദേശീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും സമ്മേളനത്തില്‍ തീരുമാനമായി.
മൂന്നു തലമുറകളായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്കുവേണ്ടി നിലവില്‍ വന്ന ‘നന്മ’, യുവാക്കളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ പ്രത്യേക പരിപാടികള്‍ തയ്യാറാക്കിയത് സുപ്രധാനമായ തീരുമാനമാണെന്ന് ആശംസകളര്‍പ്പിച്ചുകൊണ്ട് ഡോ. മൊയ്‌ദീന്‍ മൂപ്പന്‍ (ഫ്ലോറിഡ)   അഭിപ്രായപ്പെട്ടു.
സമ്മേളനം നിയന്ത്രിച്ചത് ഷിക്കാഗോ ആൻഡ് വിസ്കോണ്‍സിന്‍ ഗ്രൂപ്പിന് വേണ്ടി മുഹമ്മദ് ഷാജി, ഫൈസൽ പൊന്നമ്പത്ത് (ഷിക്കാഗോ), സമദ് പൊന്നേരി (ന്യൂജെഴ്സി), ഹമീദ് ഷിബിലി അഹമ്മദ് (കാന്‍സസ്), ഷഹീന്‍ അബ്ദുല്‍ ജബ്ബാര്‍ (ബോസ്റ്റണ്‍)  എന്നിവരാണ്. ദേശീയഗാനങ്ങളോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് കമാല്‍ ഖുര്‍ആന്‍ പാരായണവും, ലുഖ്‌മാന്‍   പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത്: ഹാമിദലി കൊട്ടപ്പറമ്പന്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar