നാടകക്കാര്‍ വിതച്ചു, നാട്ടുകാര്‍ ഉത്സവമാക്കി നൂറ് മേനി കൊയ്തു.
അമ്മാര്‍ കിഴുപറമ്പ്……….
കിഴുപറമ്പ്. കൊയ്ത്തുപാട്ടിന്റെയും ഒപ്പനയുടെയും കൈകൊട്ടിപ്പാട്ടിന്റെയും താളത്തില്‍ അരിവാള്‍ മൂര്‍ച്ചകൂട്ടി ഗ്രാമീണ ജനതയൊന്നടങ്കം നെല്‍ക്കതിര്‍ കൊയ്‌തെടുത്തു. ജൈവ വളം പ്രയോഗിച്ച് കൃഷി ചെയ്ത നെല്ല് കൊയ്‌തെടുക്കുന്നത് വലിയൊരു ഗ്രാമീണ ഉത്സവമാക്കി മാറ്റിയെടുക്കുകയായിരുന്നു നാട്ടുകാര്‍. കിഴുപറമ്പിലെ നാടക പ്രവര്‍ത്തകരാണ് ഈ കൃഷിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. വെള്ളരി നാടകത്തിന് പുനര്‍ജന്മം നല്‍കിയ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വെള്ളരിപ്പാടം തിയറ്റേഴ്‌സ് ആണ് ജൈവ നെല്‍ക്കൃഷി നൂറ് മേനി വിളയിച്ചത്. ഒരു നാടക സംഘം ജൈവ വള പ്രയോഗത്തിലൂടെ നെല്‍കൃഷി നട്ടതും നൂറ് മേനി വിളയിച്ചതും ചരിത്രത്തിലെ ആദ്യ സംഭവമായി മാറി. ഗോ മൂത്രവും ചാണകവും മാത്രം വളമായി ചേര്‍ത്ത് ഏക്കര്‍ കണക്കിന് ഭൂമിയില്‍ നൂറ് മേനി വിളയിച്ചത് ആധുനിക കര്‍ഷക സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കി കൊണ്ടാണ്. ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരാണ് വെള്ളരിപ്പാടം തിയറ്റേഴ്‌സില്‍ ഉള്ളത്. അവരെല്ലാവരും ജോലി കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിലാണ് കൃഷിയില്‍ വ്യാപൃതരായത്.മഹാ രോഗങ്ങളിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകുന്നത് രാസ വളങ്ങളുടെ അമിത പ്രയോഗമാണെന്നും പഴമക്കാരുടെ കൃഷി രീതിയിലേക്ക് തിരിച്ചുപോവേണ്ടത് കാലത്തിന്‍ അനിവാര്യതയാണെന്നുമുള്ള സന്ദേശമാണ് ഈ കൃഷി രീതിയിലുടെ നാടക പ്രവര്‍ത്തകര്‍ ആധുനിക കാര്‍ഷിക ലോകത്തോട് വിളിച്ചു പറഞ്ഞത്. ഇത്തരം കൃഷി രീതിയിലൂടെ നൂറ് മേനി വിളയിക്കാന്‍ കഴിയില്ലെന്നായിരുന്നു നാട്ടിലെ കര്‍ഷകരുടെ വാദം. എന്നാല്‍ ആ വാദത്തിന്റെ മുനയൊടിച്ചാണ് നാടക പ്രവര്‍ത്തകര്‍ കൊയ്ത്തുത്സവം നടത്തിയത്. നാട്ടുകാരെയും കര്‍ഷകരേയും അവര്‍ പ്രത്യേകം ക്ഷണിച്ചു വരുത്തി നാടിന്റെ കാര്‍ഷികോത്സവം തന്നെയാക്കി മാറ്റി വിളവെടുപ്പ്.രണ്ടു ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് ആസൂത്രമം ചെയ്തത്.സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജന ക്ലബ്ബുകളും തൊഴിലുറപ്പ് അംഗങ്ങളുമാണ് നാട്ടുകാരുമാണ് കൊയ്ത്തിന് പാടത്തിറങ്ങിയത്. അവര്‍ക്ക് പ്രസിദ്ധമായ ആറങ്ങോട്ടുകര കഞ്ഞിയാണ് ഭക്ഷണമായി നല്‍കിയത്.
ഓര്‍മ്മയുടെ വിസ്മൃതിയില്‍ ലയിച്ച നാടന്‍ ചന്തയുടെ പുനരാവിഷ്‌ക്കാരം വലിയ അനൂഭൂതിയാണ് സൃഷ്ടിച്ചത്. മണ്‍പാത്രങ്ങളും ഗ്രാമീണ കരകൗശലക്കാര്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളും ചന്തക്ക് മാറ്റ് കൂട്ടി. അയല്‍ക്കൂട്ടം സംരംഭകരുടെ ഉത്പ്പന്നങ്ങളും ചന്തയുടെ ഭാഗമായി. പ്രത്യോകം സജ്ജമാക്കിയ സ്റ്റാളുകള്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. മായം ചേര്‍ക്കാത്ത വിഭവങ്ങള്‍ നല്ല വില്‍പ്പന നടന്നു.വെള്ളരിപ്പാടം തിയറ്റേഴ്‌സിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണം പോലും പഴമയുടെ പ്രൗഡി വിളിച്ചോതുന്നതായിരുന്നു,
നേരത്തെ നടന്ന ഓലമെടയല്‍ മത്സരത്തില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറ്റമ്പതോളം നാട്ടുകാര്‍ പങ്കെടുത്തു. ആബിദ് തൃക്കളയൂര്‍ എഴുതി നാടകാചാര്യന്‍ പാറമ്മല്‍ അഹമ്മദ് കുട്ടി സംവ്വിധാനം നിര്‍വ്വഹിച്ച മക്കള്‍ കിനാവാണ് എന്ന നാടകവും തുപ്പേട്ടന്‍ രചിച്ച് തൃശൂര്‍ നാടകസംഘം അവതരിപ്പിക്കുന്ന ചക്ക നാടകവും അരങ്ങേറുന്നുണ്ട്. ഫിബ്രവരി പത്ത് ,പതിനൊന്ന് തിയ്യതികളില്‍ നടക്കുന്ന വിവിധ പ്രോഗ്രാമുകളുടെ ഔപാചാരിക ഉദ്ഘാടനം കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ കമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ഷൗക്കത്തലി,പാറമ്മല്‍ അഹമ്മദ് കുട്ടി,കെ.സി ശുക്കൂര്‍,കെ.സി അഹമ്മദ് കുട്ടി,നജീബ് കാരങ്ങാടന്‍,കൊല്ലേറ്റ് കുഞ്ഞഹമ്മദ്, വിവിധ വാര്‍ഡ് മെംബര്‍മാര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.
0 Comments