അന്ത്യവിശ്രമം മറീന ബീച്ചില്‍ തന്നെ,തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു.

ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്ക് അന്ത്യവിശ്രമം മറീന ബീച്ചില്‍ തന്നെ. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി.രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരുടേതാണ് വിധി. സംസ്‌കാരം വൈകിട്ട് ആറിന് മറീന ബീച്ചിലെ അണ്ണാ സ്മാരകത്തിനു സമീപത്താണ് അന്ത്യവിശ്രമം.തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു.
രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട നാടകീയസംഭവങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. കരുണാനിധിക്ക് അന്ത്യവിശ്രമം മറീനബീച്ചില്‍ ഒരുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ വാദം മുഴുവനാക്കാന്‍ സാധിക്കാത്തതിനാല്‍ വാദം കേള്‍ക്ക് ഇന്ന് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മറ്റു ദ്രാവിഡ നേതാക്കള്‍ക്ക് സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈഞ്ജര്‍ക്കും ഇടം നല്‍കണമെന്ന ആവശ്യമാണ് ഡിഎംകെയുടേത്. ഇതേ ആവശ്യം തന്നെയാണ് അണികള്‍ക്കുമുള്ളത്. കരുണാനിധിക്കു ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനുമെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തിരുമ്പിപ്പോ എന്ന വിളികളും ഉയര്‍ന്നിരുന്നു.
കരുണാനിധിയെ മറീനാബീച്ചില്‍ സംസ്‌ക്കരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളെല്ലാം പിന്‍വലിച്ചിരുന്നു. ആറ് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഹര്‍ജികള്‍ പിന്‍വലിച്ചതോടെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേശ് പറഞ്ഞിരുന്നു. ഹര്‍ജികള്‍ പിന്‍വലിച്ചതോടെയാണ് മറീന ബീച്ചില്‍ തന്നെ അന്ത്യവിശ്രമം നടത്തുവാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രം മറീനാബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ പറ്റുകയുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മറീന ബീച്ചിന് പകരം ഗിണ്ടിയിലെ ഗാന്ധി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആര്‍എസ്എസും ഡിഎംകെയ്ക്ക് എതിരായ നിലപാടുമായി രംഗത്തു വന്നിരുന്നു.
അതിനിടെ, രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നില്‍നിന്ന് പൊലിസിനെ പിന്‍വലിച്ചതോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത്. ബാരിക്കേഡുകള്‍ തള്ളിമറിച്ച ജനക്കൂട്ടം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലിസ് ചെറിയ തോതില്‍ ലാത്തിവീശി.
കലൈഞ്ജര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി. ദിനകരന്‍, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ എത്തി.
0 Comments