നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി, വിജ്ഞാപനത്തിന് സ്റ്റേയില്ല

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ അശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മിഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. അപ്പീല്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പള വിജ്ഞാപനം നടപ്പിലാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കിയും 2017 ഒക്ടോബര്‍ ഒന്നും പ്രാബല്യം നല്‍കിയുമാണ് വിജ്ഞാപനം.
നിലവില്‍ 8975 രൂപയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. ഇവര്‍ക്ക് പരമാവധി അന്‍പത് ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 220,90 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതിനു പുറമേ സര്‍വിസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രികളുടെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും.
ഈ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്ന് കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്.
0 Comments