ഈ പരിപ്പ് ഇവിടെ വേവില്ല. വേറെവല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക് ഐസക്ക് സാര്‍.


അമ്മാര്‍ കിഴുപറമ്പ്
തോമസ് ഐസക്ക്, പുരോഗമന പ്രസ്ഥാനക്കാര്‍ അദ്ദേഹത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിചക്ഷണന്‍ എന്നെക്കെയാണ് വിളിക്കാറ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ ധനമന്ത്രിയായ ഐസക്ക് സാര്‍ എന്തെല്ലാം സാമ്പത്തിക മുന്നേറ്റങ്ങള്‍ സാധാരണക്കാരുടെ സമഗ്ര പുരോഗതിക്കുവേണ്ടി കൊണ്ടു വന്നു എന്ന് ചോദിച്ചാല്‍ അതൊരു രാഷ്ട്രിയ ചോദ്യമാവുമെന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.കണക്കില്‍ വാചക കസര്‍ത്തുകള്‍ നടത്താനും വാക്കുകള്‍കൊണ്ട് വികസനമെന്ന ആകാശം ഉണ്ടാക്കാനും മിടുക്കനാണ് ഐസക്ക് എന്ന നമ്മുടെ ധനമന്ത്രി. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഉതകുന്ന നൂതന പദ്ധതികള്‍ ഇത്രനാളും അവതരിപ്പിക്കാത്ത,അവതരിപ്പിച്ചാല്‍ തന്നെ നടപ്പാക്കാന്‍ പറ്റാത്ത മന്ത്രിക്ക് കോവിഡ് ബാധ കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോള്‍ ഒരു വെളിപാടുണ്ടായിരിക്കുന്നു.വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍ എസ് എസിന്റെ ട്രോജന്‍ കുതിരയാണെന്നും അവര്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരെ പിടികൂടാന്‍ തയ്യാറുണ്ടോ എന്നുമാണ് ചോദ്യം. തുടര്‍ന്ന് സര്‍ക്കാര്‍ 600 രൂപ പെന്‍ഷന്‍ 1400 ആക്കിയതിനെക്കുറിച്ചുള്ള വാചാടോപവുമാണ് മുഖപുസ്തകത്തിലെ ലേഖനം. 1400 രുപയാക്കി പെന്‍ഷന്‍ തുക ഉയര്‍ത്തിയ സര്‍ക്കാറിനുള്ള ജനസമ്മിതയില്‍ വിറളിപൂണ്ടാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ഈ തരികിട മുദ്രാവാക്യവുമായി ഇറങ്ങിയതെന്നു കൂടി അദ്ദേഹം തട്ടിവിടുന്നുണ്ട്.
അദ്ദേഹത്തിനുള്ള ഉത്തരങ്ങള്‍ അക്കമിട്ടു നിരത്തേണ്ടതുണ്ട്. ആദ്യം അര്‍ എസ് എസ് ആണ് ഒ.ഐ.ഒ.പി എന്ന സംഘടനക്ക് പിന്നിലെന്ന വാദത്തോട്. സാര്‍ താങ്കള്‍ പറയുന്ന പോലെ അവരാണ് സംഘടനക്ക് പിന്നിലെങ്കില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് പറഞ്ഞ് സംഘടനയുടെ സംസ്ഥാന ഭാരവാഹികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. അല്‍ഖ്വയ്ദ തീവ്രവാദികളെപ്പോലും പിടിക്കുന്ന പോലീസ് ഫോഴ്‌സ് കേരളത്തിന്നുണ്ട്. അങ്ങിനെ ആര്‍ എസ് എസിന്റെ കപട മുഖം മൂടി പിച്ചിചീന്തണം. സഖാക്കള്‍ അടക്കമുള്ള ആളുകള്‍ ഈ ആശത്തോട് ആകൃഷ്ട്ടരായി ഇപ്പോള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനിലുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് ഈ കണ്ടെത്തല്‍ ആദ്യം നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത് ആഭ്യന്തരത്തിന്റെ മേശപ്പുറത്തുണ്ട്. ഇതിന്മേല്‍ നടപടി സ്വീകരിച്ചാല്‍ മതി.ആര്‍ എസ് എസും ബി.ജെ.പിയുമാണ് ഇതിനു പിന്നില്‍ എന്ന് തെളിഞ്ഞാല്‍ അവരെ പുറത്താക്കി ചാണകം മെഴുകി ശുദ്ധി വരുത്തി സംഘടന ഏറ്റെടുക്കാന്‍ പൊതുജനം ലക്ഷങ്ങളുണ്ട് എല്ലായിടത്തും. മറ്റൊന്നു കൂടി ഇത്രയും ജനകീയമായ,സ്വാതന്ത്ര്യാന്തര ഇന്ത്യയില്‍ ആരും പറഞ്ഞിട്ടിലാത്ത ഒരു ജനകീയ മുദ്രാവാക്യം വര്‍ഗീയ പ്രസ്ഥാനങ്ങളുടെ തലയില്‍ ചാര്‍ത്തിക്കൊടുത്ത് അവരെ വിശുദ്ധരാക്കരുത്.
അറു നൂറില്‍ നിന്നും ആയിരത്തി നാനൂറിലേക്ക് പെന്‍ഷന്‍ നല്‍കി എന്ന അവകാശ വാദത്തോട് നല്ലത് തന്നെ. ഈ ആയിരത്തി നാനൂറില്‍ എത്താന്‍ കൊല്ലം പത്തറുപത് എടുത്തു എന്ന സത്യം മൂടിവെക്കരുത്. അതിന്നിടയില്‍ താങ്കളടക്കമുള്ള മന്ത്രിമാരുടേയും എം എല്‍എമാരുടേയും പെന്‍ഷന്‍ എത്ര ഇരട്ടി വര്‍ദ്ധിപ്പിച്ചു. 1400 ഇന്നത്തെ അവസ്ഥയില്‍ എന്തിനൊക്ക തികയുമെന്നുകൂടി താങ്കള്‍ പറയണം .സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂട്ടാന്‍ വേണ്ടി താങ്കള്‍ വര്‍ഷാവര്‍ഷം പെട്ടിയും തൂക്കി നിയമസഭയില്‍ വന്ന് വെള്ളംപോലും കൂടിക്കാതെ മണിക്കൂറുകള്‍ സംസാരിച്ചു പോവാറില്ലെ. ആ സംസാരം വിപണിയില്‍ എല്ലാറ്റിന്റെയും വിലകൂട്ടിയ വിവരം താങ്കള്‍ അറിയാറില്ല,കാരണം കടയില്‍ നി്ന്നും വല്ലതും നേരിട്ട് വാങ്ങിയിട്ട് വേണ്ടേ. എല്ലാം അടിയാളന്മാര്‍ എത്തിച്ചു തരുമ്പോള്‍ 1400 രൂപ ഇക്കാലത്ത് കുഴമ്പ് വാങ്ങാന്‍ തികയില്ല എന്ന സത്യം താങ്കള്‍ അറിഞ്ഞുകാണില്ല. ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പളകമ്മീഷന്‍ വഴി എങ്ങനെ വാരിക്കോരി നല്‍കാം എന്ന അന്വേഷണത്തിലാണ് താങ്കള്‍. ഏകദേശം ഒരു ലക്ഷം കോടി രൂപ അധികം വേണം മുന്‍കാല പ്രബല്യത്തോടെ അത് നടപ്പാക്കാന്‍. അതിന് ഫണ്ട് കണ്ടെത്താന്‍ രാജ്യത്തെ ശതകോടീശ്വരന്മാരെ പൊക്കുകയാണോ ചെയ്യുക. അല്ല, ഉദ്യോഗസ്ഥന്മാരെ സുഖിപ്പിച്ചെ എല്ലാവരും അധികാരത്തില്‍ നി്‌നും ഇറങ്ങിപ്പോരാറുള്ളു.കാരണം നടത്തിയതൊക്കെ മൂടിവെക്കാന്‍ അവരുടെ പിന്തുണ വേണം എന്നത് തന്നെ. അവരോട് ശമ്പളം വര്‍ദ്ധിപ്പിച്ചു തരാം കോടീശ്വരന്മാരെ പൊക്കി വരൂ,നികുതി പിരിക്കൂ എന്നൊന്നും ആരും പറയാറില്ലല്ലോ. പറയില്ല നിസ്സഹായരായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളോട് മാത്രമാണ് എല്ലാ ഭരണകൂടവും പുറം തിരിഞ്ഞു നില്‍ക്കുക.
എന്ത് 1400 രൂപ ഒരു പതിനായിരം എങ്കിലും വേണ്ടേ എന്നാണ് ചോദ്യം എന്നും അതിന്നായി സ്വയം അവരോധിത നേതാക്കള്‍ ഉണ്ടെന്നുമാണ് ഐസക്ക് സാറിന്റെ പരിഹാസം. മാത്രവുമല്ല,കണ്‍വെന്‍ഷനും ഫെയ്‌സ് ബുക്ക് കൂട്ടായ്മകളും സൂം മീറ്റിംഗുകളുമൊക്കെ നടത്തുന്നുമുണ്ടെന്നാണ് കണ്ടെത്തല്‍.ശരിയാണ് .ഇത്തരം ഹൃദ്യമായ ഒരു മുദ്രാവാക്യം ആരുന്നയിച്ചാലും ജനം അവരുടെ കൂടെ നില്‍ക്കും. ചരിത്രത്തിലൂടെ പിറകോട്ട് പോയാല്‍ താങ്കകളുടെ പാര്‍ട്ടിയില്‍ ഇ.എം എസ് എന്ന ഒരു ജനകീയ നേതാവിന്റെ ചിത്രം തെളിഞ്ഞു വരും.അദ്ദേഹം അക്കാലത്ത് ചേറിലും ചെളിയിലും കൃമികളെപ്പോലെ ജീവിച്ച അടിമകളായ മനുഷ്യരോട് ഒരു മുദ്രാവാക്യം ഉയര്‍ത്തി. നാം കൊയ്യും വയലുകളെല്ലാം നമ്മുടേതാകുമെന്ന്. കൃഷിഭൂമി കര്‍ഷകന്റേതെന്ന് .ആ മുദ്രാവാക്യം കേട്ട ജന്മിമാര്‍,പ്രഭുക്കള്‍ അന്നും പറഞ്ഞിരുന്നു താങ്കള്‍ ഇന്നു പറഞ്ഞ അതേ പോലെ. രാജ്യദ്രോഹികളാണ് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്ന്. ആ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ചേറില്‍ നിന്നും ഒരു കൈയ്യില്‍ ചുവന്ന കൊടിയും മറുകൈ ആകാശത്തിലേക്കും ജന്മിയുടെ നെഞ്ചിലേക്കും ഉയര്‍ത്തി വന്ന ആ നിഷ്‌കളങ്ക മനഷ്യരുടെ വിയര്‍പ്പാണ് സാര്‍ താങ്കളെ ശീതീകരിച്ച സ്റ്റേറ്റ് കാറില്‍ പറക്കാന്‍ പ്രാപ്തനാക്കിയത്. അവര്‍ സഹിച്ച ത്യാഗം ഇന്ന് താങ്കളെ പോലുള്ളവര്‍ മറന്നുപോയത് ഓര്‍മ്മിപ്പിക്കുന്നു എന്ന് മാത്രം. അധികാരത്തിലേക്ക് എത്തിച്ച അവര്‍( ജനങ്ങള്‍) ഇന്ന് താങ്കള്‍ക്ക് വേണ്ടാത്തവരായി. ഈ മുദ്രാവാക്യം നിങ്ങള്‍ പറയും നടപ്പിലാക്കും എന്ന് അവര്‍ കരുതി കാത്തിരുന്നു. അതുണ്ടായില്ല. അപ്പോള്‍ അതു പറയുന്നവര്‍ക്കൊപ്പം അവര്‍ പോയി എന്നു മാത്രം. കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുന്നതെങ്കിലും തിരിച്ചറിയുക. 1400 അല്ല വേണ്ടത് 10.000 തന്നെയാണ് അതിന്ന് അവസരമൊരുക്കുക.
ജനകീയ മുദ്രാവാക്യങ്ങള്‍ ചരിത്രത്തില്‍ എപ്പോഴെല്ലാം ഉയര്‍ന്നിട്ടുണ്ടോ അന്നെല്ലാം ഭരണകൂടം അതിന്നെതിരു നിന്നിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിന്ന് വേണ്ടി അധികാരത്തില്‍ വന്ന് പാര്‍ട്ടിയുടെ വക്താവായ താങ്കളും അതു തന്നെ ചെയ്യുന്നു എന്നതിലെ വേദനയുള്ളു..
ഇനി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ രാജ്യത്തെ ശതകോടീശ്വരന്മാരെ പറ്റി മിണ്ടുന്നില്ല എന്നാണ്. അതല്ല ഈ പ്രസ്ഥാനത്തിന്റെ ജോലി. അവരുടെ പണം കണ്ടു കെട്ടണമെന്ന മുദ്രാവാക്യമല്ല, പഴയകാലത്ത് ജന്മികളുടെ പത്തായം കൊള്ളചെയ്യാന്‍ പ്രേരിപ്പിച്ച,ഇരുട്ടിന്റെ മറവില്‍ അത്തരം പത്തായപ്പുരകള്‍ കൊള്ളയടിക്കുകയും ജന്മിമാരെ വധിക്കുകയും ചെയ്ത ശൈലി ആവര്‍ത്തിക്കണെന്നാണോ ഉപദേശം.എങ്കില്‍ അറിയുക എഴുതി വെച്ച, രജിസ്ട്രര്‍ ചെയ്ത ബൈലോയില്‍ അവര്‍ പറയുന്നത് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകയാണ്. നിയമപരമായി നേടിയെടുക്കുക. രാഷ്ട്രീയ ശക്തി പോലും ആവുകയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. തോമസ് ഐസക്ക് പറയുന്നു.ഇന്നിപ്പോള്‍ വയോജനങ്ങളുടെ എണ്ണം ഏതാണ്ട് 14.3 കോടി വരും. ഇതില്‍ ആദായനികുതി നല്‍കുന്നവര്‍, സര്‍ക്കാര്‍ പെന്‍ഷനും മറ്റും വാങ്ങുന്നവര്‍ എന്നിവരെ മാറ്റിയാല്‍ 12 കോടി പേര്‍ക്ക് 10,000 രൂപവച്ച് പെന്‍ഷന്‍ നല്‍കണമെന്നിരിക്കട്ടെ. മൊത്തം 14.4 ലക്ഷം കോടി രൂപ ചെലവുവരും. ഈ തുക എങ്ങനെ ഉണ്ടാക്കും. അത് കണ്ടെത്തേണ്ടത് ഞങ്ങള്‍ ജനങ്ങളാണെങ്കില്‍ പിന്നെ ധനമന്ത്രി എന്തിനാണ് സാര്‍. രാജ്യത്ത് നടപ്പാക്കുന്ന ബൃഹത് പദ്ധതികള്‍ക്ക് എങ്ങിനെയാണോ പണം കണ്ടെത്തുന്നത് അത് പോലെ കണ്ടെത്തുക. ശമ്പളകമ്ീഷന്‍ നടപ്പാക്കുമ്പോള്‍, മന്ത്രിമാരുയെും എംഎല്‍എമാരുടേയും ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്തരം ആശങ്കകളൊന്നും ഉണ്ടാവാറില്ലല്ലോ . അതുകൊണ്ട് ഈ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുക്കുകയും മുഖ്യധാരാ പ്രസ്ഥാനങ്ങളെകൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്യും. പതിനഞ്ച് ലക്ഷം എക്കൗണ്ടിലേക്കിടാമെന്ന് പറഞ്ഞു പറ്റിച്ച ബി.ജെ.പിയേയും ആര്‍ എസ്.എസിനേയും ആരും വിശ്വസിക്കില്ല. പിന്നില്‍ അവരാണെന്ന് തെളിഞ്ഞാല്‍ ആണ്‍കുട്ടികള്‍ ഈ മുദ്രാവാക്യം ഏറ്റെടുത്ത് കൊടിപിടിക്കും. ഒന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കുന്നു. സാര്‍ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വലിയ ആവശ്യമാണ്ആവശ്യമാണ് ഈ മുദ്രാവാക്യം അവര്‍ സംഘടിച്ചാല്‍ അധികാരം കിട്ടുമെന്നതിന്റെ തെളിവാണ് താങ്കളുടെ പ്രസ്ഥാനം. ആ തിരിച്ചറിവാണ് താങ്കളെ വിറളിപിടിപ്പിക്കുന്നെങ്കില്‍ സമയം വൈകിയിട്ടില്ല താങ്കള്‍ പറഞ്ഞവസാനിപ്പിച്ചപോലെ ഈ പരിപ്പ് ഇവിടെ വേവില്ല. വേറെവല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക് സാര്‍.

തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രാജ്യത്ത് വയോജനങ്ങള്‍ക്ക് സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആദര്‍ശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കര്‍ഷക ബോര്‍ഡ് പെന്‍ഷന്‍കൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. 1400 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നതില്‍ 1250 രൂപയും ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെന്‍ഷന്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ അംഗീകാരം സര്‍ക്കാരിനുണ്ട്. ഇത് എങ്ങനെ തകര്‍ക്കാം എന്നതിന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കാമ്പയിന്‍.
1400 രൂപ എന്ത്, 10000 രൂപയെങ്കിലും പെന്‍ഷന്‍ വേണ്ടേ എന്നാണ് ചോദ്യം. രാഷ്ട്രീയമൊന്നും ഇല്ല. നല്ലൊരു കാര്യത്തിന് എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം അവരോധിത നേതാക്കളും വക്താക്കളും ഉണ്ടായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് കൂട്ടായ്മകളും കണ്‍വെന്‍ഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കര്‍ട്ടനു പിന്നില്‍ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതല്‍ വ്യക്തമായത്. ഡല്‍ഹിലെ അണ്ണാ ഹസാരെ സമരം പോലെ ആര്‍എസ്എസ് ട്രോജന്‍ കുതിരയാണ് പുതിയ പ്രസ്ഥാനം.
ഇനിയും പ്രചാരണവുമായി മുന്നോട്ടു പോകുംമുമ്പ് നിങ്ങള്‍ നാട്ടിലെ 60 വയസ്സു കഴിഞ്ഞ എല്ലാ പാവങ്ങള്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ ആകെ എത്ര തുക വേണമെന്നു പറയുക. ഇന്നിപ്പോള്‍ വയോജനങ്ങളുടെ എണ്ണം ഏതാണ്ട് 14.3 കോടി വരും. ഇതില്‍ ആദായനികുതി നല്‍കുന്നവര്‍, സര്‍ക്കാര്‍ പെന്‍ഷനും മറ്റും വാങ്ങുന്നവരെ മാറ്റിയാല്‍ 12 കോടി പേര്‍ക്ക് 10000 രൂപവച്ച് പെന്‍ഷന്‍ നല്‍കണമെന്നിരിക്കട്ടെ.മൊത്തം 14.4 ലക്ഷം കോടി രൂപ ചെലവുവരും. ഈ തുക എങ്ങനെ ഉണ്ടാക്കും?
ഇതിന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരന്‍ കണ്ടുപിടിച്ചുള്ള മാര്‍ഗ്ഗം ഇന്നു പെന്‍ഷന്‍ വാങ്ങുന്നവരുടെയെല്ലാം പെന്‍ഷന്‍ 10000 രൂപയായി കുറയ്ക്കുക. മിച്ചംവരുന്ന പണം ഉപയോഗിച്ച് പെന്‍ഷനേ ഇല്ലാത്തവര്‍ക്ക് 10000 രൂപ വീതം നല്‍കുക. മണ്ടത്തരം വിളിച്ചുപറയുന്നതിന് ഒരു മര്യാദ വേണം. ഇന്ത്യയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെല്ലാംകൂടി നല്‍കുന്ന പെന്‍ഷന്‍ തുക ഇന്ന് 3.5 4 ലക്ഷം കോടി രൂപയേ വരൂ. ഇതില്‍ നിന്നും മിച്ചംവച്ച് എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ നല്‍കാമെന്ന് ആരെ പറഞ്ഞാണ് പറ്റിക്കുന്നത്? യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഉന്നം എത്രയോ ദശാബ്ദമായി സമരവും പ്രക്ഷോഭവുമെല്ലാം നടത്തി തങ്ങളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും, ന്യായമായ പെന്‍ഷന്‍ വിലപേശി നേടാന്‍ കഴിഞ്ഞവരെ മുഴുവന്‍ ജനശത്രുക്കളാക്കി ചിത്രീകരിക്കലാണ്.
എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ കൊടുക്കാന്‍ ഇന്ത്യയിലെ അതിസമ്പന്നന്‍മാരില്‍ നിന്നും നികുതി പിരിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. മാസശമ്പളവും പെന്‍ഷനും വാങ്ങുന്നവരെയല്ല, ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാരെ പിടികൂടണമെന്നു പറയാന്‍ തയ്യാറുണ്ടോ?
പ്രൊഫ. പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധന്‍മാര്‍ ഇതുസംബന്ധിച്ച് കണക്ക് കൂട്ടിയിട്ടുണ്ട്. ശതകോടീശ്വരന്‍മാര്‍ക്കുമേല്‍ ഒരു ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്തിയാല്‍ 6 ലക്ഷം കോടി രൂപ വരുമാനമുണ്ടാകും. ഇവരുടെ സ്വത്തില്‍ 5 ശതമാനം എല്ലാ വര്‍ഷവും പിന്തുടര്‍ച്ചാവകാശമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതിനുമേല്‍ Inheritance Tax ചുമത്തിയാല്‍ 9.3 ലക്ഷം കോടി കിട്ടും. ഈ 15 ലക്ഷം കോടി വച്ച് നമുക്ക് എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ ഇന്ത്യയില്‍ ആരംഭിക്കാം. എന്താ പറയാന്‍ തയ്യാറുണ്ടോ? സമരം ചെയ്യാന്‍ തയ്യാറുണ്ടോ? നാട്ടിലെ ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും മേല്‍ കുതിരകയറുവാന്‍ എളുപ്പമാണ്. പക്ഷെ, ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്കു നേരെ വാളുവീശുക എളുപ്പമല്ല.
ക്ഷേമ രാഷ്ട്രത്തിലേയ്ക്ക് എളുപ്പവഴി ഇല്ല. കേരളത്തില്‍ ഭൂപരിഷ്‌കരത്തിലൂടെയും കൂട്ടായ വിലപേശലിലൂടെയും സര്‍ക്കാരിന്റെ കരുതല്‍ നടപടികളിലൂടെയും ഇടതുപക്ഷം നടപ്പാക്കിയ വലിയ തോതിലുള്ള പുനര്‍വിതരണം, അതുമാത്രമാണ് മാര്‍ഗ്ഗം.
പിന്നെ ഒന്നുകൂടിയുണ്ട്. കൂലിയും ശമ്പളവും കഴിഞ്ഞിട്ടല്ലേ പെന്‍ഷന്‍ വരുന്നത്. എന്നാല്‍ പുതിയ പ്രസ്ഥാനക്കാര്‍ക്ക് രാജ്യത്തെ മിനിമം കൂലിയെക്കുറിച്ചോ, ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ല. മാസം 4000 – 5000 രൂപ മാത്രം കൂലിയും ശമ്പളവും കിട്ടുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം പണിയെടുക്കുന്നവരുടെ വേതനം മിനിമം 18000 രൂപയായി ഉയര്‍ത്തണമെന്നാണ് പറയുന്നത്. ഏയ് അതൊക്കെ പഴയുപോലെ തന്നെ. പെന്‍ഷനാണ് വര്‍ദ്ധിപ്പിക്കേണ്ടത് എന്നാണ് പുതിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരുടെ മനോഗതി.
ഈ പരിപ്പ് ഇവിടെ വേവില്ല. വേറെ വല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar