ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു.ഹൈത്തം ബിന്‍ താരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍

മസ്‌കത്ത്: അരനൂറ്റാണ്ട്കാലം ഒമാന്‍ ജനതയുടെയും രാജ്യത്തിന്റെയും കാവല്‍ ഏറ്റെടുത്ത് ആധുനിക ഒമാന്റെ ശില്‍പ്പിയായി മാറിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സര്‍ക്കാര്‍ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 79 വയസ്സായിരുന്നു. വാര്‍ത്ത പുറത്തുവിട്ട ഒമാന്‍ ന്യൂസ് ഏജന്‍സി മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2014മുതല്‍ അര്‍ബുദത്തിന് യൂറോപ്പില്‍ ചികിത്സയിലാണ് അദ്ദേഹം. കുറച്ചുകാലമായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന ഖാബൂസ് ഡിസംബറിലാണ് ഒമാനില്‍ തിരിച്ചെത്തിയത്.
ആധുനിക ഒമാന്റെ ശില്‍പ്പി ആയാണ് സുല്‍ത്താന്‍ ഖാബൂസ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു ഗള്‍ഫ് രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. ദാരിദ്യത്തില്‍ നിന്ന് ഒമാന്‍ ജനതയെ കൈപിടിച്ചുയര്‍ത്തിയ അദ്ദേഹം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. 29-ാാം വയസ്സിലായിരുന്നു അധികാര ആരോഹണം. അവിവാഹിതനാണ്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം.
ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി. വിഭാഗീയത, രാഷ്ട്രീയ വിയോജിപ്പുകള്‍, വൈദേശിക ഇടപെടല്‍ തുടങ്ങിയവ കൊണ്ട് കലുഷമായ മദ്ധ്യേക്ഷ്യയില്‍ ഈ മൃദുഭാഷിയായ സുല്‍ത്താന്‍ ഖാബൂസ് മറ്റു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. വിദേശനയത്തില്‍ ഒരിടത്തും ചായ്വു കാണിക്കാതിരുന്ന ഖാബൂസ്, ഇറാന്‍, ഇസ്രയേല്‍, യു.എസ്, സൗദി അറേബ്യ, ഇന്ത്യ എന്നിവരുമായി എല്ലാം മികച്ച ബന്ധം പുലര്‍ത്തിപ്പോന്നു. മക്കളില്ലാത്തു കൊണ്ട് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഭരണാധികാരിയെ ഔമാന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പ്രകാരം സ്വീകരിക്കും. രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താല്‍ മരിച്ചാല്‍ കുടുംബ കൗണ്‍സില്‍ ചേര്‍ന്ന അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താനാകും. അല്‍ജസിറായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായ ഹൈതം ബിന്‍ താരിഖ് പുതിയ സുല്‍ത്താനായി സത്യപ്രതിജ്ഞ ചെയ്തതായും സൂചനയുണ്ട്. ഓക്സ്ഫേര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1990ന്റെ മദ്ധ്യത്തിലാണ് പൈതൃക സാംസ്‌കാരിക മന്ത്രിയായത്. ആധുനിക ഒമാന്റെ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചതോടെയാണ് പുതിയ സുല്‍ത്താനെ തെരഞ്ഞെടുത്തത്.

0 Comments