ഹലാല്‍ ലവ് സ്റ്റോറിയിലെ പെണ്ണുങ്ങള്‍…
പി എം എ ഗഫൂര്‍
ഒന്ന്
മതവിചാരങ്ങളുടെ ചരടുപൊട്ടിക്കാതെ തന്നെ കലയും സിനിമയും സംഗീതവുമടക്കമുള്ള എല്ലാ സര്‍ഗ്ഗാത്മക നനവുകളിലേക്കും പടരാന്‍ തൗഫീഖിന് ഊര്‍ജ്ജമായത് ആരാണെന്ന്, പത്രത്തിലേക്കയക്കുന്ന വിവാഹപ്പരസ്യത്തിന് ഉമ്മ പറഞ്ഞുകൊടുക്കുന്ന വാചകത്തിലുണ്ട്. ടെക്സ്റ്റ് ബുക്കിനു പകരം പ്രൊജക്റ്ററുമായി ക്ലാസിലേക്ക് കേറിവന്ന്, കുട്ടികള്‍ക്ക് ലോകത്തോളം വളരാന്‍ സിനിമയുടെ പാലമിട്ടുകൊടുക്കുന്ന തൗഫീഖെന്ന മലയാളം മാഷിന്, മതനിഷ്ടയും കലാബോധവുമുള്ള പെണ്ണിനെ മതിയെന്ന് തീരുമാനിക്കുന്ന ആ ഉമ്മ, ഉള്ളില്‍ കവിതയുള്ള ഉമ്മയാണ്.
രണ്ട്
ചുരമിറങ്ങിത്തീരാത്ത സംഘടനാ വാഹനത്തെ ഉപേക്ഷിച്ച്, വളയ്ക്കാനും തിരിക്കാനുമൊക്കെ പറ്റുന്നൊരു നടത്തം പരീക്ഷിക്കാന്‍ ഭര്‍ത്താവിനെ ഉപദേശിക്കുന്ന സീനത്തിന്റെ കഥാപാത്രം.
മൂന്ന്
പുരോഗമന പ്രസ്ഥാനത്തിനുള്ളില്‍ കൂടുതല്‍ പുരോഗമനമുള്ളവരുടെ യോഗത്തില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ സാധ്യമല്ലാത്ത വനിതാ അംഗം. അവളുടെ അഭിപ്രായത്തെ പാതിയില്‍ മുറിച്ച് മേല്‍ക്കൈ നേടുന്ന ആണത്തം. കമ്മിറ്റിയിലൊക്കെ നിങ്ങള്‍ക്ക് വരാം. കാരണം ഞങ്ങളൊരു പുരോഗമന പ്രസ്ഥാനമാണ്. പക്ഷേ, മിണ്ടാട്ടമില്ലാതെ അവിടെ ഇരുന്നോണം.
അവളതിന് പകരം വീട്ടുന്നത് കുറച്ചൂടെക്കഴിഞ്ഞ് അഭിനയക്കളരി തുടങ്ങുമ്പോളാണ്. പത്തുമുപ്പതു പേര്‍ പങ്കെടുത്തിട്ടും കൊള്ളാവുന്നവരായി തെരഞ്ഞെടുക്കപ്പെട്ടതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. മീറ്റിംഗില്‍ മിണ്ടാന്‍പറ്റാതെ പോയ പെണ്ണാണ് അതിലൊന്ന് എന്നതാണ് ശ്രദ്ധേയം.
സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ, വനിതാ സംഘടനയുടെ വരമ്പിനിപ്പുറം നിര്‍ത്തി, സംഘടനാ നേതൃത്വത്തിലോ പള്ളിക്കമ്മിറ്റിയിലോ പണ്ഡിതസഭയിലോ വാതില്‍ തുറന്നുകൊടുക്കാതെ, ഇമാമിന്റെ തുണിയലക്കിയിട്ട പള്ളിയുടെ പിന്നാമ്പുറത്തൊരു വാതില്‍ തുറന്നുകൊടുത്ത് സ്ത്രീ പള്ളിപ്രവേശത്തെ ആഘോഷിച്ചമര്‍ന്നിരിക്കുന്ന നവോത്ഥാന വാദികളെ വിചാരണ ചെയ്യുന്ന പെണ്ണാണവള്‍.
എന്റെ അറിവില്‍ ജമാഅതെ ഇസ്‌ലാമിയില്‍ മാത്രമേ സംഘടനാ നേതൃത്വത്തില്‍ പെണ്ണൂള്ളൂ. അവര്‍ക്കഭിവാദ്യം.
നാല്
മകള്‍ക്കൊരു മാതൃകയാകാനോ, തനിക്കൊരു സുഹൃത്താകാനോ കൊള്ളാത്തവനാണെങ്കില്‍ ആ ഭര്‍ത്താവ് എന്റെ വീടിന്റെ പടി കടക്കരുതെന്ന് പറയുന്ന സിറാജിന്റെ ഭാര്യ.
അഞ്ച്
‘തിരുമ്പുന്ന ഒച്ചാന്ന് പറഞ്ഞാല്‍ അത് നമ്മടെ നാട്ട്‌ത്തെ ഒച്ച തന്നെയല്ലേ. അത് സിനിമയില് കേട്ടാപ്പെന്താ’ എന്ന ചോദ്യം കൊണ്ട്, സിനിമയെ വെറുതെ ഇസ്തിരിയിടാന്‍ പോകാതെ നാടിന്റെ തനിമ കൊണ്ട് ഭംഗിയാക്കാലോ എന്ന മൂര്‍ച്ചയുള്ള ചിന്ത ഉയര്‍ത്തിയ ഇത്താത്ത. ആണുങ്ങള്‍ക്ക് ചോദിക്കാന്‍ മടിയുള്ള ചോദ്യം ശരീഫിന്റെ ‘മുഖത്ത് നോക്കി’ ചോദിക്കാന്‍ അതേ ഇത്താത്തക്ക് മാത്രേ ധൈര്യണ്ടായുള്ളൂ. നാട്ടുപെണ്ണിന്റെ നട്ടെല്ലുള്ള കഥാപാത്രം.
ആറ്
കൂവിക്കൂവിപ്പോകുന്ന മീന്‍കാരന്റെ മകള്‍ നന്നായി കൂവാന്‍ പഠിപ്പിക്കുന്ന കാസ്റ്റിംഗ് ഡയരക്ടറായിത്തീരുന്ന കാഴ്ചയാണ് ഹസീന എന്ന ട്രെയിനര്‍. അടച്ചിട്ട ജനലും വാതിലുമൊക്കെ തുറന്നിട്ട്, മുറുക്കങ്ങളേയെല്ലാം അയച്ചിട്ട്, അന്യോന്യമുള്ള പതിവു കലാപത്തിനു പകരം അവനവനോടുള്ള കലാപത്തെ ഓര്‍മ്മിപ്പിച്ച് പെട്ടെന്ന് മിന്നിമായുന്ന പാര്‍വ്വതിയുടെ അതിശക്തമായ കഥാപാത്രം.
ഏഴ്
പൂര്‍ണ്ണമായി സംഘടനാവല്‍ക്കരിക്കപ്പെടുമ്പോളും പേരിനുപോലും ആദര്‍ശവല്‍ക്കരിക്കപ്പെടാതെ പോകുന്ന പ്രസ്ഥാനജീവിതങ്ങളെ കണക്കിന് വിചാരണയ്‌ക്കെടുക്കുന്ന സുഹറയെന്ന വീട്ടമ്മ. സംഘടനാ പ്രവര്‍ത്തകന്റെ ആത്മപരിശോധനാ ചാര്‍ട്ടില്‍ ശരികള്‍ മാത്രം നേടിയെടുക്കുന്ന ശരീഫിന്റെയുള്ളിലെ ഹിപ്പോക്രസിയെ, ആണഹന്തയെ, ബുദ്ധികൊണ്ടഭിനയിക്കുന്ന നിഫാഖിനെ സുഹറ തുറന്നുകാണിക്കുന്നു. ഒടുക്കം കാണിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റില്‍ ഒന്നാമത്തെപ്പേര് സുഹറയുടേതാണ്. സുഹറയുടെതാണ് സിനിമ.
കാലങ്ങളായി കുതറാന്‍ സമ്മതമില്ലാതെപോയ പെണ്ണിന്റെ പിടച്ചിലും പൊരുതലുമാണ് ഞാന്‍ കണ്ട ഹലാല്‍ ലൗസ്റ്റോറി. സകരിയ്യ, മുഹ്‌സിന്‍; നിങ്ങളീ ചെയ്തുകൊണ്ടിരിക്കുന്നതിനെ വരാനിരിക്കുന്ന കാലം വിളിക്കുന്ന പേരാണ് നവോത്ഥാന പ്രവര്‍ത്തനം.
നന്ദി.
0 Comments