ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട തന്‍റെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായി,ജഡ്ജി കെമാൽ പാഷ

കൊച്ചി: സിറോ മലബാർ ഭൂമിയിടപാടു കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട തന്‍റെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായി കഴിഞ്ഞ ദിവസം വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാൽ പാഷ വ്യക്തമാക്കി. കർദിനാളിന് കാനോൻ നിയമങ്ങളല്ല ഇന്ത്യൻ പീനൽ കോഡാണ് ബാധകമെന്നും അദ്ദേഹം തുറന്നടിച്ചു. അടുത്തിടെ ന്യായാധിപന്മാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയത് അനവസരത്തിലാണെന്നും നടന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കെമാൽ പാഷ ഹൈക്കോടതി നടപടികളിലെ അതൃപ്തി പരസ്യമാക്കിയത്.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഹര്‍ജി വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ബെഞ്ചിലാണ് കേസ് പരിഗണിക്കാനെത്തിയത്. കേസ് കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന് കോടതി കയറേണ്ടി വന്നത് കേരള ചരിത്രത്തില്‍ ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ആകാക്ഷയോടെ കേസ് നിരീക്ഷിച്ചിരുന്നു. തന്നെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് എന്ത് കൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും എന്തായാലും അത് ജനങ്ങളിൽ സംശയമുണ്ടാക്കിയെന്നും കെമാൽ പാഷ പറഞ്ഞു.
വിരമിച്ച ശേഷം പദവികൾ ഏറ്റെടുക്കാൻ പാടില്ലെന്നാണ് തന്‍റെ അഭിപ്രായം. കഴിഞ്ഞ ദിവസം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് മുന്നറിയിപ്പായി തന്നെ കാണണം. ആരെയും വ്യക്തിപരമായി ഉപദേശിക്കാനില്ല. എത്ര പേർ അനുസരിക്കുമെന്ന് അറിയില്ല. വിരമിച്ച ശേഷം ജോലി നൽകാമെന്ന് തനിക്ക് ആരും വാഗ്ദ്ധാനങ്ങൾ നൽകിയിട്ടില്ല. ശമ്പളമുള്ള ജോലികൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments