സംസ്ഥാനങ്ങള്‍ക്കു തുല്യ വിഭവ വിതരണം അനുവദിച്ചാലേ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാവുകയുള്ളൂ.പിണറായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സംസ്ഥാനങ്ങള്‍ക്കു തുല്യ വിഭവ വിതരണം അനുവദിച്ചാലേ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗിന്റെ നാലാമതു ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവര്‍ഷം മുമ്പ് നിലവില്‍ വന്ന നീതി ആയോഗിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുടെ സമിതി രൂപീകരിക്കണം. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണം.
ആഗോള സമ്പദ്വ്യവസ്ഥയിലും വ്യാപാരരംഗത്തും സമൂല മാറ്റം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ചേരുന്ന നീതി ആയോഗ് യോഗത്തിന് എന്തുകൊണ്ടും പ്രസക്തിയുണ്ട്. കേരളത്തിന്റെ വികസനരംഗത്ത് പുത്തന്‍ അധ്യായം രചിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പതിമൂന്നാം പഞ്ചവത്സര പദ്ധതി രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭൗതികവും സാമൂഹികവുമായ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.
കാര്‍ഷിക- വ്യവസായിക മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുക, നൈപുണ്യ വികസനം, സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള നയപരിപാടികള്‍, സാമൂഹിക സുരക്ഷ തുടങ്ങിയവയും ഇതില്‍പ്പെടുന്നു. സുസ്ഥിര വികസനവും ജനകീയ പങ്കാളിത്തവും ചേര്‍ത്തുകൊണ്ട് നാലു മിഷനുകളിലൂടെ നവകേരളം കെട്ടിപ്പെടുക്കുകയാണു ലക്ഷ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള സ്കൂള്‍ വിദ്യാഭ്യാസം, ജനസൗഹൃദ ആരോഗ്യസംവിധാനം, പരിസ്ഥിതി സൗഹൃദ കാര്‍ഷിക രീതി, സമഗ്ര മാലിന്യ സംസ്കരണം എന്നിവ ഇതില്‍പ്പെടുന്നു.
കേന്ദ്രം ആവിഷ്കരിച്ച ചരക്കു സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ വരുമാന നഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതുപോലെ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവവിതരണത്തില്‍ തുല്യത ഉറപ്പുവരുത്തണം. 2013ലെ മാനുവല്‍ സ്കാവഞ്ചേഴ്സ് പുനരധിവാസ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. ഇതോടൊപ്പം വെളിയിട വിസര്‍ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാനും കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകാപരമായ സമീപനം കാഴ്ചവയ്ക്കാന്‍ കേരളത്തിനു കഴിഞ്ഞു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ഒന്നിച്ചിരുന്നു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയെന്ന നിലയില്‍ ലോക കേരള സഭയ്ക്കും രൂപം നല്കി. കാര്‍ഷിക മേഖലയില്‍ മൂന്നു വര്‍ഷത്തിനു ശേഷം 2016-17 ല്‍ വളര്‍ച്ച രേഖപ്പെടുത്തി എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.
മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. ഗ്രാമീണ മേഖലയില്‍ വീടുകളുടെ നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം- മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ജനസൗഹ്യദ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ആര്‍ദ്രം മിഷന് കൂടുതല്‍ കേന്ദ്ര സഹായം വേണം. നിപ വൈറസ് ബാധ പോലെയുള്ള രോഗങ്ങളെ നേരിടാന്‍ ഇതാവശ്യമാണ്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തു ജലഗതാഗതം വര്‍ധിപ്പിക്കാനും ശക്തിപ്പെടുത്താനു വിശദ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും കേന്ദ്രസഹായം അത്യാവശ്യമാണ്. വിവര സാങ്കേതികതയുടെ കാര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം കേരളത്തിനാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി എം കേരള ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം 52 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
പണി പൂര്‍ത്തിയായി വരുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് ചെയ്തതു പോലെ താത്പര്യമുള്ള വിമാനക്കമ്പനികള്‍ക്ക് ദിവസം രണ്ടു സര്‍വീസുകള്‍ പ്രത്യേക ഇളവില്‍ നടത്തുന്നതിന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടഭ്യര്ഥിച്ചു.
തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രത്തിന്റെ തത്വത്തിലുളള അനുമതി ആവശ്യമാണ്. പദ്ധതിക്ക് 46.769 കോടി രൂപ വേണ്ടിവരും. തീരദേശ ഹൈവേ, മലയോര ഹൈവേ, അങ്കമാലി- ശബരി റെയില്‍പാത എന്നിവയുടെ പൂര്‍ത്തീകരണത്തിനും കൂടുതല്‍ കേന്ദ്രസഹായം ആവശ്യമാണ്. എല്ലാവീടുകള്‍ക്കും വൈദ്യുതിയുടെ കാര്യത്തില്‍ കേരളം നൂറു ശതമാനം നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
0 Comments