നിരാശ മാത്രം ബാക്കിവെച്ച് സര്‍വ്വകക്ഷി സംഘത്തിന്റെ മോദിയുമായുള്ള കൂടികാഴ്ച്ച

ന്യൂഡല്‍ഹി:സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. സംസ്ഥാനം മുന്നോട്ട് വച്ച നിരവധിയായ ആവശ്യങ്ങളില്‍ ഒന്നില്‍ പോലും അനുകൂലമായ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.കേരളത്തിനോട് കൃത്യമായ അവഗണനയെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തളളി. ഭക്ഷ്യഭദ്രത നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുളള വിഹിതം അനുസരിച്ച് മാാത്രമേ കേരളത്തിനുളള വിഹിതവും നല്‍കാനാവൂ എന്നാണ് പ്രധാനമന്ത്രി നല്‍കിയ മറുപടി. പ്രത്യേകമായി യാതൊരു സഹായവും നല്‍കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. ഇക്കാര്യത്തില്‍ റെയില്‍വെയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനിക്കാം എന്നാണ് പ്രധാനമന്ത്രി നല്‍കിയ മറുപടി. കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിന് കാര്യമായ ഉറപ്പൊന്നും ലഭിച്ചിരുന്നില്ല.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രത്യേക കേന്ദ്രസംഘത്തെ അയക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിശോധിച്ച് നിലപാടെടുക്കാം എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
ശബരിപാത പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യത്തില്‍ നരേന്ദ്രമോദി കേരളത്തെ കുറ്റപ്പെടുത്തിയാണ് നിലപാടെടുത്തത്. ശബരിപാതയ്ക്ക് കേരളം സ്ഥലം എടുത്ത് നല്‍കാന്‍ വൈകുന്നതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് കേന്ദ്രം പറഞ്ഞു. പദ്ധതിക്ക് വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാനുളള ശ്രമം ഉപേക്ഷിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി. കേരളത്തിന് ഈ പൊതുമേഖലാ സ്ഥാപനം വിട്ടുനല്‍കണമെന്ന ആവശ്യം തളളിയ പ്രധാനമന്ത്രി സംസ്ഥാനത്തോട് ടെന്ററില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തിന്റെ ഗ്രേഡ് ഉയര്‍ത്തുന്ന കാര്യം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാട് കിട്ടിയിട്ടില്ല. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.കേന്ദ്രത്തിന്‍രെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ വിഷയത്തിലും കേന്ദ്രത്തില്‍ നിന്ന് നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar