ബഹ്‌റൈനില്‍,പാസ്‌പോര്‍ട്ടില്‍ സര്‍നെയിം ഉണ്ടായിരിക്കണമെന്ന നിയമം രാജ്യത്ത് കര്‍ശനമാക്കി.

മനാമ: ബഹ്‌റൈനില്‍ പുതുതായി വിസയെടുക്കുന്നവര്‍ക്കെല്ലാം പാസ്‌പോര്‍ട്ടില്‍ സര്‍നെയിം ഉണ്ടായിരിക്കണമെന്ന നിയമം രാജ്യത്ത് കര്‍ശനമാക്കി.
ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയമായ എല്‍.എം.ആര്‍.എയുടെ കീഴിലുള്ള വിസാ സെക്ഷനിലാണ് ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശമുള്ളത്.
പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം ഉണ്ടായിരിക്കണമെന്ന നിയമം യൂറോപ്യന്‍ രാഷ്ട്രങ്ങളിലെല്ലാം നേരത്തെ നിലവിലുള്ളതാണെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇതുവരെ ഇക്കാര്യം കര്‍ശനമാക്കിയിരുന്നില്ല.
ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (എല്‍.എം.ആര്‍.എ) പുതിയ വിസക്കായി അപേക്ഷിച്ചവരുടെ അപേക്ഷകള്‍ വ്യാപകമായി തള്ളിയതോടെയാണ് രാജ്യത്ത് നിയമം കര്‍ക്കശമാക്കിയതായി വ്യക്തമായത്.
സ്വന്തം പേരിനോടൊപ്പം വീട്ടു പേര്, പിതാവിന്റെ പേര് എന്നിവയാണ് സാധാരണയായി പാസ്‌പോര്‍ട്ടിലെ സര്‍നെയിം കോളത്തില്‍ ചേര്‍ത്തു വരുന്നത്. ദീര്‍ഘമായ പേരുകളാണെങ്കില്‍ അവ രണ്ടായി ഭാഗിച്ച് ഗിവണ്‍നെയിം സര്‍നെയിം കോളങ്ങളിലായും നല്‍കി വരുന്നു.
എന്നാല്‍ ചിലരുടെ പാസ്‌പോര്‍ട്ടുകളില്‍ സര്‍ നെയിം കോളത്തില്‍ ഒന്നും ചേര്‍ക്കാതെ ഒഴിവാക്കിയിട്ടതായും കണ്ടു വരാറുണ്ട്. ഇത്തരം പാസ്‌പോര്‍ട്ടുകളിലാണിപ്പോള്‍ സര്‍നെയിം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ വിസ നിഷേധിക്കുന്നത്.
ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി പേരുടെ വിസാ അപേക്ഷകള്‍ തള്ളിയതായി അനുഭവസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇതോടെ ആശങ്കയിലായ നിരവധി പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാസ്‌പോര്‍ട്ടില്‍ സര്‍നെയിം ചേര്‍ക്കാനായി ഞെട്ടോട്ടമോടുന്നത്.
എന്നാല്‍ നിലവില്‍ ബഹ്‌റൈനില്‍ വിസയുള്ളവര്‍ക്ക് ഈ നിയമം ഇപ്പോള്‍ ബാധകമാകില്ലെന്നും പുതിയ വിസ എടുക്കുന്നവരെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നുമാണ് ക്ലിയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ, പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എംബസിയായതിനാല്‍ ഇന്ത്യന്‍ എംബസിയിലും എംബസിക്കു കീഴിലെ പാസ്‌പോര്‍ട്ട് ഓഫീസിലും വലിയ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.
പാസ്‌പോര്‍ട്ടില്‍ തങ്ങളുടെ പേരിനോടൊപ്പം സര്‍നെയിംകൂടി ചേര്‍ക്കണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് വീണ്ടും ഇഷ്യു ചെയ്യേണ്ടിവരുമെന്നതിനാല്‍ ഏതെങ്കിലും പ്രമുഖ പത്രത്തില്‍ പേരുമാറ്റം സംബന്ധിച്ച് ഒരു പരസ്യം നല്‍കുകയും പരസ്യം പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുകയും വേണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്രകാരം പത്ര പരസ്യം നല്‍കി സര്‍നെയിം ചേര്‍ത്ത് പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും തുടര്‍ന്ന് വിസാ നടപടികള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കുന്നവര്‍ നിരവധിയാണ്.
ഏതായാലും നാട്ടില്‍ നിന്നും പുതുതായി ബഹ്‌റൈനിലേക്ക് വരാനുദ്ദേശിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും വിസ ലഭിക്കാനും സമയധന നഷ്ടങ്ങള്‍ ഒഴിവാക്കാനും മുന്‍കൂട്ടി പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം ചേര്‍ക്കണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
0 Comments