ഇന്തോ ടിബറ്റൻ അതിർത്തി കാക്കാൻ പ്രകൃതി
ന്യൂഡൽഹി: ഇന്തോ ടിബറ്റൻ അതിർത്തി കാക്കാനെത്തുന്ന ആദ്യ വനിതാ ഓഫിസറായി ബിഹാർ സ്വദേശി പ്രകൃതി. വൈകാതെ ഡെറാഡൂണിലെ അക്കാഡമിയിൽ പരിശീലനത്തിനു ചേരുന്ന പ്രകൃതിക്ക് ഇതു പൂർത്തിയായാൽ അടുത്ത വർഷം അസിസ്റ്റന്റ് കമാൻഡന്റ് ആയി നിയമനം ലഭിക്കും. ഇതോടെ, അതിർത്തിയിലേക്കു നിയോഗിക്കപ്പെടും. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) നിലവിൽ കോൺസ്റ്റബിൾ റാങ്കിൽ മാത്രമേ വനിതകളെ നിയോഗിച്ചിട്ടുള്ളൂ.
യൂണിഫോം ധരിച്ചു രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കണമെന്നായിരുന്നു തന്റെ എക്കാലത്തെയും ആഗ്രഹമെന്നാണു അപൂർവ നിയോഗം കൈവരുമ്പോൾ പ്രകൃതിയുടെ പ്രതികരണം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം കേന്ദ്ര സായുധ സൈനിക വിഭാഗത്തിലേക്കുള്ള യുപിഎസ്സി പരീക്ഷ വിജയിച്ചാണു പ്രകൃതി രാജ്യത്തിന്റെ കാവലാളാകുന്നത്. ബിഹാറിലെ സമസ്തിപുർ സ്വദേശിയാണ് ഈ ഇരുപത്തഞ്ചുകാരി. വ്യോമസേനയിൽ ഓഫിസറായിരുന്ന അച്ഛനാണു റോൾ മോഡൽ.
യുദ്ധസാധ്യതാമേഖലയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നഅവസാനത്തെ സൈനിക വിഭാഗമാണ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് . 83,000 അംഗങ്ങളുടെ സേനയിൽ 1500 സ്ത്രീകളെ മാത്രമേ നിയമിച്ചിട്ടുള്ളൂ. സിആർപിഎഫ്, സശസ്ത്ര സീമാ ബെൽ, ബിഎസ്എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നേരത്തേ തന്നെ വനിതാ ഓഫിസർമാരെ അനുവദിച്ചിരുന്നു.
0 Comments