സ്മരണാഞ്ജലി


പി. ശിവ പ്രസാദ്

ഒരു യാഗാശ്വം പോലെ ഓർമ്മകൾ ചിനച്ചു കൊ-
ണ്ടേതൊക്കെയോ മണൽക്കാടുകൾ താണ്ടീടുന്നു.
മരുഭൂക്കനലുകൾ നിഴലില്ലാത്ത സൂര്യവെളിച്ചം
മോന്തിക്കാഞ്ഞുവീഴും സസ്യ-തരുക്കളെമ്പാടും.

എങ്ങുമാർദ്രത തേടി, തൻ ശിരോവസ്ത്രം മാത്രം
തണൽമേഘമാക്കി പാഞ്ഞുപോകുന്നുണ്ടൊരാൾ.
ആ മുഖത്താളിൽ കവിത കുറിക്കുവാൻ
വെറിയേറുന്ന വേനൽക്കാറ്റിനും കൊതിപോലെ.

സംസ്കൃതീ നാഭീനാള ബന്ധത്തിൻ കെടാവിള-
ക്കെരിയുന്നുണ്ടാ മിഴിയൊന്നിലെ ചൈതന്യത്തിൽ.
മറുകണ്ണിലെ മൗനസാഗരമിളകുന്നു-
ണ്ടെവിടെനിന്നാണാവോ കരച്ചിൽ കേട്ടീടുന്നു?

അവിടേക്കോടിപ്പാഞ്ഞു ചെല്ലുമ്പോൾ മനുഷ്യർ തൻ
മരിക്കാ മനസ്സുകൾക്കകവും തുറക്കുന്നു.
മണലും മനുഷ്യനും, കടലും, കാലം നെഞ്ചി-
ലൊതുക്കും വിയർപ്പിന്റെ മികവും തെളിയുന്നു.

ചരിത്രം, പിന്നിൽ ദീർഘയാത്രതൻ ഭാണ്ഡം പേറി
അണിയായ് ചേരുന്നുണ്ട് അറബിക്കരുത്തുകൾ.
ചരിത്രം രചിക്കുവാൻ മരുഭൂവിലെ കപ്പൽ –
ക്കൊടികൾ ഉയരത്തിൽ പാറുവാൻ തുടങ്ങുന്നു.

ജലപാതകൾ പിന്നിട്ടകലെ രാജ്യാന്തരശ്രുതികൾ
തേടിപ്പായും സഞ്ചാരപ്പെരുമകൾ,
പിറവി കൊള്ളുന്നുണ്ട് അറിവിൻ പുതുലോക
സാമസൗരഭ്യം തൈലം പൂശിയ പെരുമയായ്.

അവർ പായുകയായി, വേഗമേറിയ യന്ത്ര-
ക്കുതിരമേലെന്നപോൽ അതിശീഘ്രമായ്പ്പിന്നെ.
അപ്പോഴും ഹൃദയത്തിൽ തുടിച്ചിട്ടുണ്ടാമൊരു
അർദ്ധനഗ്നനാം ഫഖീർ ചൊല്ലിയ വേദാന്തങ്ങൾ.

ശമതീക്ഷ്ണമാം മനസ്സാരിലും കുടികൊൾവൂ,
ശ്രമമേതവികലലോകവും സൃഷ്ടിക്കുന്നു.
അവർ തൻ ധീരോദാത്ത ലോകത്തിൽ പരുന്തുപോൽ, പറക്കുന്നുണ്ടാ വൈജയന്തികൾ വാനിൻ മീതെ.

ആരുടെ വാക്കിൻ ശരവേഗമോടണയുന്നു,
ഏതൊരു സംഗീതമീ പ്രാണനിൽ നിറയ്ക്കുന്നു ,
ഭാവസാന്ദ്രമായ് അറബിപ്പൊന്നു പൂത്തും കായ്ച്ചും
നാലുദിക്കിന്റെ നാദബ്രഹ്മമായ് മുഴങ്ങുന്നു.

കാറ്റുകൾ, കീറാപ്പായവഞ്ചികൾ, കടലിനെ –
പകുത്തും, ഇല്ലാപ്പാലത്തൂണിനാൽ ഇണക്കിയും…
മേഘങ്ങൾ മഴവില്ലിൻ ഞാണു കെട്ടിയും, ലോകം-
ഇവിടെക്കണയുവാൻ കാരണമാരേ, ചൊല്ലൂ.

അവർ തൻ പേരിൽ നാമീ നാടിനെയോർത്തീടുന്നു,
അതിന്റെ മഹിമകൾ പാടുന്നു, പറയുന്നു.
ലോകമേ തറവാടെന്നുറക്കെ ചൊല്ലീടുന്നു,.
ലോകരെയെല്ലാം തുല്യനീതിയാൽ ജയിക്കുന്നു.

അവരീ പൂവാടിയെ വസന്തോത്സവത്തിന്റെ
ആയിരം നിറങ്ങളാൽ ചമച്ചു, കരുതലിൻ
കതിരാൽ വിളയിച്ചു, കണ്ണുനീരൊഴിഞ്ഞുപോം
കാലത്തെ വിരിയിച്ചു കാത്തുസൂക്ഷിച്ചേ പൊന്നു.

സ്മരിക്കും നമ്മൾ പഞ്ചലോഹത്തിൻ മികവുള്ള ,
പാട്ടുപാടുന്ന, ചിരിക്കുന്ന, കണ്ണീർ തുടയ്ക്കുന്ന,
സ്വന്തമച്ഛനെപ്പോലെ തൊടുന്ന, തഴുകുന്ന
ധീരനാം, അതിലേറെ സൗമ്യനാം ഗുരുവിനെ.

ഇമറാത്തിലെ ഓരോ മൺതരിപോലും, സ്വന്തം
ഇടനെഞ്ചിലെ ശ്വാസകണികാജാലം പോലെ,
മറക്കില്ലൊരിക്കലും മനുഷ്യകുലത്തിന്റെ
മാതൃകാ പുരുഷനാം ഷേഖിനെ.. ഗുരുവിനെ.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar