സല്‍വയില്‍ കൂറ്റന്‍ കനാല്‍;ഖത്തര്‍ പൂര്‍ണമായും ദ്വീപ് രാജ്യമായി മാറും.

റിയാദ്: ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വയില്‍ സഊദി അറേബ്യാ വിവിധ പദ്ധതികളുമായി രംഗത്ത്.ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് അത്ര സുഖകരമല്ലാത്ത രീതിയിലുള്ള പദ്ധതികളാണ് സഊദി ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രമുഖ പത്രമായ സബ്ഖ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും വലിയ സൈനിക ക്യാമ്പും ആണവ മാലിന്യ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കാനുള്ള നീക്കവുമായാണ് സഊദി പദ്ധതി തയ്യാറാക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വയില്‍ കൂറ്റന്‍ കനാല്‍ നിര്‍മ്മിച്ചാണ് പുതിയ പദ്ധതി തയാറാക്കുന്നത്. കനാല്‍ നിര്‍മ്മിക്കുന്നതോടെ ഖത്തറിന്റെ ഏക കര മാര്‍ഗമായ സല്‍വയും ഖത്തറുമായി അകലുന്നതോടെ ഖത്തര്‍ പൂര്‍ണമായും ദ്വീപ് രാജ്യമായി മാറും. ഖത്തര്‍ അതിര്‍ത്തിയില്‍ മറൈന്‍ കനാലടക്കമുള്ള പദ്ധതികള്‍ക്ക് ഒമ്പത് കണ്‍സോര്‍ഷ്യത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ഇവിടെ നിര്‍മിക്കുന്ന മറൈന്‍ കനാല്‍ ബന്ധപ്പെട്ടതായിരിക്കും മേഖലയിലെ സൈനിക ക്യാമ്പ് നിര്‍മ്മിക്കുന്നത്. പൂര്‍ണമായും അത്യാധുനിക സജ്ജീകണങ്ങളോടെയുള്ള സൈനിക ക്യാമ്പ് ആയിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട് . ഇതിനു പുറമെയാണ് ആണവ ആണവ മാലിന്യ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കുന്നത്. രണ്ടു കേന്ദ്രങ്ങളുടെയും നിര്‍മ്മാണവും നിയന്ത്രണവും സഊദിയുടെ കരങ്ങളിലായിരിക്കുമെങ്കിലും യുഎഇ സഹായവും ഇതിനുണ്ടാകും.

ഖത്തറുമായി കര അതിര്‍ത്തി പങ്കിടുന്ന സഊദി പ്രദേശമായ സല്‍വയില്‍ നേരത്തെയുണ്ടായിരുന്ന പാസ്‌പോര്‍ട്ട് എമിഗ്രെഷന്‍ സെന്ററുകള്‍ നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഖത്തറുമായി ബന്ധം വിച്ഛേദിച്ചതിനു ശേഷം പൂര്‍ണമായും എമിഗ്രെഷന്‍ കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. പകരം ഇവിടെ ഇനി സഊദി അതിര്‍ത്തി സേനയുടെ നിയന്ത്രണത്തിലായിരിക്കും.

സഊദി അതിര്‍ത്തി കേന്ദ്രമായ സല്‍വയില്‍ മറൈന്‍ കനാല്‍ പദ്ധതിയും സൈനിക ക്യാമ്പും വരുന്നതോടെ സല്‍വ ദ്വീപ് സഊദിയുടെ തന്ത്രപ്രധാന കേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ ഒരു സ്വതന്ത്ര ദ്വീപാകുകയില്ലെന്നും സഊദി അനുമതി നല്‍കിയാല്‍ ബഹ്‌റൈന് സമാനമായി ഖത്തര്‍ മാറുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

നിര്‍ദിഷ്ട മറൈന്‍ കനാല്‍ പദ്ധതി സഊദി, യു എ ഇ സാമ്പത്തിക സഹായത്തോടെ പൂര്‍ണമായും സ്വകാര്യ മേഖലയിലായിരിക്കും നിര്‍മ്മാണം നടക്കുകയെന്നും സഊദി പരമാധികാരത്തിന്റെ പരിധിയിലായിരിക്കും പ്രദേശമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar