ഖത്തറില്‍ വര്‍ധിച്ച താപനില;

ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും അശ്രദ്ധയുമാണ് വേനലില്‍ തീപിടുത്തങ്ങള്‍ കൂടുതലാകാന്‍ കാരണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

തീപിടുത്തങ്ങള്‍ നേരിടുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ഡിഫന്‍സ് പൂര്‍ണസജ്ജമാണ്. തീപിടുത്തമുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണം. പൂര്‍ണമേല്‍വിലാസം നല്‍കിയാല്‍ വേഗത്തില്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാകും. ഗുണനിലവാരം കുറഞ്ഞ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കണക്ടറുകളും ഉപയോഗിക്കുന്നതും ഇടവേളകളിലെ അറ്റകുറ്റപ്പണികളുടെ അഭാവവും അപകടങ്ങള്‍ക്കിടയാക്കും. പാചക വാതക സിലിന്‍ഡറുകളും മറ്റും ശരിയായ രീതിയില്‍ ഓഫ് ചെയ്യാതിരിക്കുക, സിഗരറ്റിലെ തീ കെടുത്താതെ വലിച്ചെറിയുക, വൈദ്യുതിയുടെ അമിതഭാരം തുടങ്ങിയവ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്്തമാക്കി.

വീടുകളിലും ഓഫീസുകളിലും ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍, ബ്ലാങ്കറ്റ് തുടങ്ങി അവശ്യ മുന്‍കരുതല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം അപകടത്തെ സങ്കീര്‍ണമാക്കും. അപകടത്തെയും നഷ്ടങ്ങളേയും പ്രതിരോധിക്കാന്‍ ഇവ യഥാസ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കണം. ഇവയുടെ അഭാവം തീപ്പിടുത്തത്തെ യഥാസമയം നിയന്ത്രിക്കുന്നതില്‍ തടസ്സമുണ്ടാക്കും. വീടുകളിലും മറ്റും തീപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സമ്പാദ്യം എല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലാകുന്നത് തടയാന്‍ തീ പടരാനുള്ള സാധ്യത ഇല്ലാതാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.പലപ്പോഴും വീടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ അശ്രദ്ധയില്‍ നിന്നാണ് തീ പടര്‍ന്നുപിടിക്കുന്നത്. അതിനാല്‍ പൊതുസ്വകാര്യ മുതലുകള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. റൂമിനു പുറത്തുപോകുമ്പോള്‍ ഉറപ്പായും എയര്‍കണ്ടീഷനുകള്‍ ഓഫ് ചെയ്തിരിക്കണം. കൂടുതല്‍ സമയം നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നത് അത് ചൂടായി കത്താന്‍ ഇടയാക്കും. ഒരു സോക്കറ്റില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും. സോക്കറ്റുകള്‍ ചൂടായി തീ പിടിക്കും. വീട്ടുപകരണങ്ങള്‍ കൃത്യമായ കാലാവധിക്ക് അറ്റകുറ്റപ്പണി നടത്തി തകരാറുകള്‍ പരിഹരിക്കണം. അടുക്കളയില്‍ ഉപയോഗിക്കുന്ന പാചക വാതക സ്റ്റൗവും വൈദ്യുതോപകരണങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. തീ പടരാന്‍ സാധ്യതയുള്ള ഒരു വസ്തുക്കളും അതിന് സമീപം സൂക്ഷിക്കരുത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar