കോണ്‍ഗ്രസ് സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് കോണ്‍ഗ്രസ് സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി.സാമ്പത്തിക ഭദ്രതയും രാജ്യക്ഷേമവും മുദ്രാവാക്യമായി പ്രഖ്യാപിച്ച് കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
തൊഴിലില്ലായ്മ,കര്‍ഷകദുരിതം,സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കും. മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള വികസന അജന്‍ഡ, ജിഎസ്ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍. കൂടാതെ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭരണകൂടം മര്‍ദ്ദനോപകരണങ്ങളാക്കിയ ജനവിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുകയും ചെയ്യുമെന്നും പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. മൂന്നുവര്‍ഷമോ അതില്‍ത്താഴെയോ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന, മൂന്നുമാസം തടവ് പൂര്‍ത്തിയാക്കിയ മുഴുവന്‍ വിചാരണത്തടവുകാരെയും മോചിതരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാര്‍ ആറ് മാസം തടവ് പൂര്‍ത്തിയാക്കിയെങ്കില്‍ വിട്ടയക്കും. ജയില്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും സൈന്യത്തിന് പ്രത്യകാധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കുമെന്നും പറയുന്ന പത്രികയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകള്‍ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടി നിയമം സമഗ്രമായി പരിഷ്‌കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രാധികാരങ്ങള്‍ സിആര്‍പിസി നിയമത്തിനും ഇന്ത്യന്‍ തെളിവ് നിയമത്തിനും അധിഷ്ഠതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രിക പറയുന്നു. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി രൂപീകരിച്ച് റോ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികളെ അതിന് കീഴിലാക്കുമെന്നും അതിനെ പാര്‍ലമെന്റിനോട് അക്കൗണ്ടബിള്‍ ആക്കുമെന്നും പ്രകടനപത്രികയില്‍ വിശദമാക്കുന്നു. ‘ഞങ്ങള്‍ നടപ്പിലാക്കും’ (ഹം നിഭായേംഗേ) എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ഇത് ചരിത്ര ദിനമാണെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക ശക്തവും വികസിതവുമായ രാജ്യത്തെ പടച്ചെടുക്കുന്നതായിരിക്കുമെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എ.കെ ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar