രാഹുല്‍ ഗാന്ധി,ജനപക്ഷ രാഷ്ട്രീയത്തിന്റെ പുത്തന്‍ പ്രതീക്ഷ


അഡ്വ.ടി.പി.അര്‍ഷാദ്
മാന്യതയുടെ ആള്‍രൂപമാണ് താനെന്ന് പലവട്ടം നമ്മെ ബോദ്ധ്യപ്പെടുത്തിയ നേതാവാണ് രാഹുല്‍ജി. എന്നും ജനപക്ഷ രാഷ്ടീയത്തിന്റെ വക്താവും മുന്നണിപ്പോരാളിയുമാണെന്ന് താനെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരത്തിലുടനീളം സഞ്ചരിച്ച് ഗ്രാമീണ ജനഹൃദയവുമായി തന്റെ ഹൃദയം ചേര്‍ത്തുവെച്ച് അദ്ദേഹം സാധാരണ ജനതയുടെ നീറുന്ന പ്രശ്‌നങ്ങളും നിലനില്‍പ്പിന്റെ സമസ്യകളും നേരിട്ടറിയുകയായിരുന്നു.ദക്ഷിണേന്ത്യയോട് വിശിഷ്യാ കേരളത്തോട് ഡല്‍ഹിയിലെ ഭരണസിരാ കേന്ദ്രങ്ങള്‍ കാണിക്കുന്ന പ്രകടമായ അവഗണനയെക്കുറിച്ച് തന്റെ പ്രയാണത്തിലൂടെ ഉണ്ടായ ബോദ്ധ്യം അദ്ദേഹത്തെ കേരളത്തിന്റെ മണ്ണില്‍ വേരുന്നിക്കൊണ്ട് അവഗണകളില്ലാത്ത അഖണ്ഡ ഭാരതത്തിനു വേണ്ടി പടനയിക്കാനുള്ള ഉറച്ച തീരുമാനത്തിലെത്തിച്ചു.ബി.ജെ.പി മുന്നോട്ടു വെക്കുന്ന തീവ്രദേശീയത പലപ്പോഴും വിഘടനത്തിലേക്കാണ് നിയക്കുന്നതെങ്കില്‍ രാഹുല്‍ ദക്ഷിണ ഇന്ത്യയെകൂടി ചേര്‍ത്തു പിടിക്കുന്നതിലൂടെ സമ്പൂര്‍ണ്ണ ദേശീയതയുടെ വക്താവായി മാറുകയാണ്.അങ്ങിനെ കേരളത്തിന്റെ വിരിമാറില്‍
വിസ്മയം വിതക്കാന്‍ പറന്നിറങ്ങിയ രാഹുല്‍ ജി ഭാരതത്തിന്റെ മൊത്തം രക്ഷകനാവുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ പ്രസംഗങ്ങള്‍ പ്രൌഢഗംഭീരവും കാര്യമാത്ര പ്രസക്തവുമായിരുന്നു .
താന്‍ ഉയര്‍ത്തിക്കാട്ടുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയോ, പാര്‍ട്ടിക്കെതിരയോ, മുന്നണിക്കെതിരെയോ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല .താന്‍ നിങ്ങളില്‍ ഒരാളാണെന്നും നിങ്ങളുടെ സഹോദരനും മകനും,അച്ഛനുമെല്ലാമാണെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കലവറയില്ലാത്ത സ്‌നേഹത്തിന് വേദിയാവുകയാണ് ഇവിടം..നിങ്ങളുടെ സവിശേഷമായ പൈതൃകവും,മാതൃക പരമായ പെരുമാറ്റവും, അതിരറ്റ സ്‌നേഹവും നേരിട്ടനുഭവിക്കാനും അതിന്റെ ഭാഗമാവാനുമാണ് ഇവിടെ വന്നത് എന്നാണ് രാഹുല്‍ജി ആരവങ്ങള്‍ക്കിടയില്‍ പറഞ്ഞുവെച്ചത് . ഇതിലൂടെ വിജയം ഉറപ്പുവരുത്താന്‍ അമേഠിയില്‍ നിന്ന് കുറുക്കുവഴികള്‍ തേടി വന്നവനാണെന്നുള്ള പ്രതിപക്ഷ വാദഗതികള്‍ക്ക് അദ്ദേഹം പരോക്ഷമായിട്ടാണെങ്കിലും വ്യക്തമായ മറുപടി നല്‍കുകയാണ് .മാത്രമല്ല താന്‍ തുടര്‍ന്നും നിങ്ങളുടെ മന്‍കീ ബാത്ത് കേള്‍ക്കുവാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നിങ്ങള്‍ക്കിടയിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹം വയനാട്ടില്‍ വന്നത് പാക്കിസ്ഥാന്‍ പാര്‍ട്ടിയുടെ ന്യുനപക്ഷ വോട്ടുകള്‍ ഉന്നം വെച്ചാണെന്നുള്ള ബി.ജെപിയുടെ വര്‍ഗ്ഗീയ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാതെ മോഡി സര്‍ക്കാറിന്റെ ഭരണപരാജയത്തെക്കുറിച്ചും ,സാമ്പത്തികരംഗം തകര്‍ത്ത തെറ്റായ സാമ്പത്തിക നയത്തെക്കുറിച്ചും ,45 വര്‍ഷത്തിനുശേഷം രാജ്യം ഏറ്റുവുമധികം തൊഴിലില്ലാഴ്മ നേരിട്ടുന്നു എന്നുള്ള അംഗീകൃത ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ കുറിച്ചും,തകരുന്ന കാര്‍ഷിക മേഖലയെക്കുറിച്ചുമാണ് അദ്ദേഹം ഏറെ വാചാലനായത്. റഫേല്‍ അഴിമതിയുള്‍പ്പെടെയുള്ള വന്‍ അഴിമതികളെക്കുറിച്ചും മോഡി സര്‍ക്കാറിന്റെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള അതിരുവിട്ട കോര്‍പ്പറേറ്റ് ബാന്ധവത്തെക്കുറിച്ചും രാഹുല്‍ കണക്കിന് വിമര്‍ശിക്കുന്നു. ഉപജീവനത്തിന്റെ ഉപാധികളൊന്നുമില്ലാതെ, ജീവതത്തെ ഒരു ചോദ്യചിഹ്നം പോലെ നോക്കി നില്‍ക്കുന്ന സാധാരണ ജനങ്ങളുടെ സമൂലമായ മോചനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ന്യായ് പോലുള്ള സമഗ്രമായ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതുപോലെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില (MSP) പ്രഖ്യാപിക്കുമെന്നും ഉറപ്പ് നല്‍കുന്നതോടൊപ്പം ഇവയൊന്നും മോഡി സര്‍ക്കാറ് നല്‍കിയ പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ലയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. മാത്രമല്ല ഇത്തരം ബൃഹത്തായ പദ്ധതികള്‍ക്ക് അവശ്യമായ ഭീമമായ തുക കണ്ടെത്തുന്നത് കോര്‍പ്പറേറ്റ് ഭീമന്‍മാരില്‍ നിന്നുള്ള കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിലൂടെയും , കൃത്യമായി നികുതി പിരിച്ചെടുക്കുന്നതിലൂടെയുമാണെന്നു കൂടി പറയുമ്പോള്‍ രാഹുല്‍ജീ ജനപക്ഷ രാഷ്ട്രീയത്തിന് പുതിയ സമവാക്യങ്ങള്‍ തീര്‍ക്കുകയാണ്..
രാഹുല്‍ തീര്‍ച്ചയായും ഒരു ജെന്റില്‍ മാന്‍ പൊളിറ്റീഷനാണെന്ന് എതിര്‍ പക്ഷം പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു.രാജായം അകപ്പെട്ട് പ്രതിസന്ധിയില്‍ നിന്നും മുക്തമാവണമെങ്കില്‍ രാഹുല്‍ ഭാരത നേതൃത്വം ഏറ്റെടുക്കണമെന്ന് ജനം തിരിച്ചറിയുന്നു എന്നത് തന്നെയാണ് ഒരു നേതാവിന്റെ വിജയം. ആ തിരിച്ചറിവ് രാജ്യത്തിന് നല്‍കാന്‍ കഴിഞ്ഞിരിക്കുന്നു കോണ്‍ഗ്രസിന്.

0 Comments