തൊഴിലാളി സമൂഹത്തെ ആദരിച്ച് രാഹുല്‍ യു.എ.ഇ ലേബര്‍ ക്യാമ്പില്‍

ദുബയ്: യു.എ.ഇ എന്ന ആധുനിക നഗരം പടുത്തുയര്‍ത്തിയ നിങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ പുനര്‍ നിര്‍മ്മാണവും നടത്തിയത്.നിങ്ങള്‍ ഒഴുക്കിയ വിയര്‍പ്പാണ് ഇരു രാജ്യങ്ങളുടെ വികസനം സാധ്യമാക്കിയത്. ഇരു രാജ്യത്തിന്റെയും മണ്ണില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വന്‍കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നിങ്ങളുടെ രക്തവും സമയവും മാത്രമല്ല ജീവിതം തന്നെയാണ് മാറ്റിവെച്ചത്. അത് കൊണ്ട് തന്നെ ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ വികസനവും അത് വഴി സാമ്പത്തിക പുരോഗതിയും കൊണ്ടുവന്ന നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. ദുബയ് ജബല്‍ അലിയിലെ ലേബര്‍ക്യാംപില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് തൊഴിലാളികളുടെ ആവേശം നിറഞ്ഞ കൈയടികല്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ മാറ്രൊലിക്കൊണ്ടു. ഞാന്‍ വന്നത് മന്‍കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ കണ്‍നിറയെ കാണാനും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാനുമാണെന്നും നരേന്ദ്ര മോദിയെ പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.നിങ്ങളോടൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും. രാജ്യത്ത് പോര്‍മുഖം തുറന്നു കഴിഞ്ഞു. നിങ്ങെളല്ലാം ഒപ്പം വേണം. നാം വിജയിക്കാന്‍ പോവുകയാണ്? രാഹുല്‍ പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു. വ്യാഴാഴ്ച വൈകീട്ട് യുഎഇയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ദിവസം തുടങ്ങിയത് യു.എ.ഇയിലെ ഇന്ത്യന്‍ പ്രമുഖരുമൊത്തുള്ള പ്രഭാത ഭക്ഷണത്തോടെയാണ്. ഇന്ത്യന്‍ സ്ഥാനപതി ഡോ.നവ്ദീപ് സിങ് സുരി, ലുലു ഗ്രൂപ്പ് മേധാവി എം എ യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ. ബി ആര്‍ ഷെട്ടി,ജംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വര്‍ക്കി, അമാനത്ത് ഹോള്‍ഡിങ്സ് മേധാവി ഡോ.ശംസീര്‍ വയലില്‍,ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

0 Comments