അഭിമന്യു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് റിഫ പിടിയില്‍

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെകൂടി അന്വേഷണസംഘം പിടികൂടി. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളെജ് വളപ്പിനുള്ളിലേക്ക് കൊലയാളി സംഘത്തെ എത്തിച്ചത് മുഹമ്മദ് റിഫയുടെ നേതൃത്വത്തിലായിരുന്നു. തലശേരി സ്വദേശിയും എറണാകുളം ലോ കോളെജ് വിദ്യാര്‍ഥിയുമായ മുഹമ്മദ് റിഫ, കൃത്യത്തിനു ശേഷം ഒളിവില്‍ കഴിയവേയാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടു പേരടക്കം പതിനഞ്ച് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
നേരത്തെ, കൊലപാതകത്തിനു ശേഷം മുഹമ്മദ് റിഫയെ രക്ഷപ്പെടാന്‍ സഹായിച്ചത് 25ാം പ്രതി ഷാനവാസാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയുമായ മുഹമ്മദില്‍ നിന്നും ഷാനവാസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുഹമ്മദ് റിഫയിലേക്ക് എത്തിയതെന്നാണ് സൂചന. അഭിമന്യു വധക്കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ ലോ കോളെജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതിനിടെ,അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീന്‍ കോടതിയില്‍ കീഴടങ്ങി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ, വ്യാഴാഴ്ച രാവിലെയാണ് ഫസലുദ്ദീന്‍ കീഴടങ്ങിയത്.
0 Comments