പ്രചരിക്കുന്നത് വ്യാജവാർത്ത,പുറത്തേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്താൻ ആലോചനയില്ലെന്നും സൗദി

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ രാജ്യത്തിന്‍റെ പുറത്തേക്ക് അയയ്ക്കുന്ന പണത്തിനു നികുതി ഈടാക്കുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ധനമന്ത്രാലയം. ഇത്തരത്തിൽ പുറത്തേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്താൻ ആലോചനയില്ലെന്നും സൗദി ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷവും സമാന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായി സൗദിക്ക് പുറത്തേക്ക് പണം അയക്കുന്നതിനു അധികഫീസോ നികുതിയോ ഈടാക്കില്ല. വിദേശത്തേക്ക് പണം അയയ്ക്കുന്നതിനു ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അതേസമയം, പണം അയക്കുന്നതിനു വിദേശികളോട് ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന സർവീസ് ചാർജിന്‍റെ അഞ്ചു ശതമാനം മൂല്യവർധിത നികുതി മാത്രമാണ് ഈടാക്കുന്നതെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി അറേബ്യയിലുള്ള ഒരു കോടിയോളം വരുന്ന പ്രവാസികൾ കഴിഞ്ഞ വർഷം 2.75 ലക്ഷം കോടി രൂപ മാതൃരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യൻ മോണിട്ടറി ഏജൻസിയുടെ കണക്ക്. നിലവിൽ വിദേശ കറൻസികൾക്കെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു നിൽക്കുന്നതും ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷമേകുന്ന കാര്യമാണ്. ഇതിനോടൊപ്പം വിദേശത്തേക്ക് അയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നും വ്യക്തമായതോടെ ഇന്ത്യൻ പ്രവാസികളുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്.
0 Comments