ക്രൊയേഷ്യ മുൻ ലോകചാംപ്യന്മാരായ അർജന്‍റീനയെ ചുരുട്ടികൂട്ടി മൂലക്കിട്ടു

മോസ്കോ: നിർണായക മത്സരത്തിൽ നാണംകെട്ട് അർജന്‍റീന. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ക്രൊയേഷ്യ മുൻ ലോകചാംപ്യന്മാരായ അർജന്‍റീനയെ ചുരുട്ടികൂട്ടി ചുരുട്ടികൂട്ടി മൂലക്കിട്ടത്.രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് . അർജന്‍റീനിയൻ പ്രതിരോധത്തെ തീർത്തും നിഷ്പ്രഭമാക്കിയായിരുന്നു ക്രൊയേഷ്യയുടെ മൂന്നാം ഗോൾ. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ കൊവാസിച്ചിന്‍റെ പാസിൽ നിന്നും റാക്കിറ്റിച്ചാണ് ക്രൊയേഷ്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
ഇതോടെ ഗ്രൂപ്പ്-ഡിയിൽ ആറ് പോയിന്‍റോടെ ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു. അതേസമയം, അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ പ്രധാനമായും വെള്ളിയാഴ്ച നടക്കുന്ന ഐസ്‌ലൻഡ്- നൈജീരിയ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഇതിനു പുറമെ, അർജന്‍റീനയുടെ അവസാന മത്സരത്തിൽ നൈജീരിയോടു വലിയ മാർജിനിൽ ജയിക്കേണ്ടതും അനിവാര്യമാണ്. ആ മത്സരത്തിൽ മെസിയും സംഘവും സമനില പാലിച്ചാലും അർജന്‍റീനയുടെ പ്രതീക്ഷകൾ അസ്തമിക്കാം. എന്തായാലും മുൻ ലോക ചാംപ്യന്മാരുടെ ലോകകപ്പ് പ്രയാണം ഇനിയുള്ള ഗ്രൂപ്പിലെ മറ്റു ടീമുകളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനമാക്കിയാവും നിർണയിക്കുക.
മത്സരം അവസാന പത്തു മിനിറ്റിലേക്ക് കടക്കവേ, അർജന്‍റീനയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചാണ് ക്രൊയേഷ്യ വീണ്ടും ലീഡ് ഉയർത്തിയത്. 80ാം മിനിറ്റിൽ തകർപ്പൻ ലോങ് റേഞ്ചറിലൂടെ മുന്നേറ്റ താരം ലൂക്ക മോഡ്രിക് ആണ് ക്രൊയേഷ്യയുടെ ലീഡ് വർധിപ്പിച്ചത്.
അർജന്‍റീന ഗോൾ കീപ്പർ വില്ലി കാബെല്ലേറൊ വരുത്തിയ വൻ അബദ്ധം മുതലെടുത്താണ് ക്രൊയേഷ്യ ലീഡ് നേടിയത്. 53ാം മിനിറ്റിലായിരുന്നു തകർപ്പനൊരു വോളിയിലൂടെ റെബിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. പ്രതിരോധ നിരയിൽ നിന്നെത്തിയ മൈനസ് പാസ് ക്ലിയർ ചെയ്യുന്നതിൽ പിഴവു വരുത്തിയ ഗോൾ കീപ്പർ, പന്ത് തട്ടിക്കൊടുത്തത് ക്രൊയേഷ്യൻ താരത്തിന്‍റെ കാലുകളിലേക്കായിരുന്നു. തുറന്നു കിട്ടിയ അവസരം റെബിച്ച് പാഴാക്കാതെ പന്ത അർജന്‍റീനയുടെ വലയിലെത്തിച്ചു.
ഫുൾ ടൈം സ്റ്റാറ്റ്സ്
ഷോട്‌സ്- അർജന്‍റീന-10, ക്രൊയേഷ്യ-14
ഷോട്‌സ് ഓൺ ടാർഗറ്റ്- അർജന്‍റീന-3, ക്രൊയേഷ്യ-5
ബോൾ പൊസെഷൻ- അർജന്‍റീന-58%, ക്രൊയേഷ്യ-42%
കോർണർ- അർജന്‍റീന-5, ക്രൊയേഷ്യ-2
ഫൗൾസ്- അർജന്‍റീന-16, ക്രൊയേഷ്യ-22
മഞ്ഞകാർഡ്- അർജന്‍റീന-3, ക്രൊയേഷ്യ-4
ആദ്യ പകുതി
മുൻ ലോകചാംപ്യന്മാരായ അർജന്‍റീനയും ക്രൊയേഷ്യയും തമ്മിലുള്ള നിർണായക ഗ്രൂപ്പ്-ഡി മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതം. ഇതിഹാസ താരം മെസിയും സംഘവും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. ഇതിനിടെ 30ാം മിനിറ്റിൽ അർജന്‍റീനൻ മധ്യനിര താരം എൻസൊ പെരസ്, തുറന്ന പോസ്റ്റിനു മുന്നിൽ ലഭിച്ച സുവർണാവസരം പുറത്തേക്കടിച്ച് പാഴാക്കി. കളിയിൽ പന്ത് കൈവശം വച്ചിരിക്കുന്നകതിലടക്കം അർജനീനയ്ക്ക് നേരിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും ഉശിരൻ കളി പുറത്തെടുത്തത് ക്രൊയേഷ്യയായിരുന്നു. ദൗർഭാഗ്യം കൊണ്ടായിരുന്നു രണ്ട് ഷോട്ടുകൾ അർജന്‍റീനയുടെ ഗോൾ ലൈൻ കടക്കാതിരുന്നത്.
ഹാഫ് ടൈം സ്റ്റാറ്റ്സ്
ഷോട്‌സ്- അർജന്‍റീന-2, ക്രൊയേഷ്യ-4
ഷോട്‌സ് ഓൺ ടാർഗറ്റ്- അർജന്‍റീന-0, ക്രൊയേഷ്യ-1
ബോൾ പൊസെഷൻ- അർജന്‍റീന-55%, ക്രൊയേഷ്യ-45%
കോർണർ- അർജന്‍റീന-2, ക്രൊയേഷ്യ-1
ഫൗൾസ്- അർജന്‍റീന-7, ക്രൊയേഷ്യ-11
മഞ്ഞകാർഡ്- അർജന്‍റീന- 0, ക്രൊയേഷ്യ-1
മാച്ച് പ്രിവ്യൂ
ലോകകപ്പിൽ മുൻചാംപ്യൻ അർജന്‍റീനയും സൂപ്പർ താരം ലയണൽ മെസിയും പുതു ജീവൻ തേടി ക്രൊയേഷ്യയെ നേരിടും. ഗ്രൂപ്പ് ഡിയിലെ ശ്രദ്ധേയ മത്സരത്തിനു കളമൊരുക്കുന്നത് നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം.ദുർബലരെന്നു വിലയിരുത്തപ്പെട്ട ഐസ്ലൻഡിനോടേറ്റ അപ്രതീക്ഷിത സമനിലയുടെ നിരാശയിലാണ് അർജന്‍റീന. സൂപ്പർ താരം ലയണൽ മെസി പെനൽറ്റി കളഞ്ഞതും അവരുടെ ആത്മവീര്യം തകർത്തു. ആ തിരിച്ചടികൾ മറന്നാൽ മാത്രമേ ക്രൊയേഷ്യയെ മറികടക്കാൻ അർജന്റീനയ്ക്കു സാധിക്കൂ. നിലവിൽ ഒരു പോയിന്റ് മാത്രമുള്ള അർജന്‍റീനയെ ക്രൊയേഷ്യയോടുള്ള സമനില പോലും വൻ പ്രതിസന്ധിയിലാക്കും. അത്ര മോശക്കാരല്ലാത്ത ക്രൊയേഷ്യക്കെതിരേ യഥാർത്ഥ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിൽ അർജന്‍റീന ഒരിക്കൽക്കൂടി പണിപ്പെടുമെന്നതും ഉറപ്പ്. അവസാന 21 ഷോട്ടുകളും പിഴച്ച മെസി താളം വീണ്ടെടുക്കേണ്ടത് അനിവാര്യമായിക്കഴിഞ്ഞു. ഐസ്ലൻഡിനോട് 4-2-3-1 എന്ന ഫോർമേഷനാണ് കോർച്ച് യോർഗെ സാംപോളി പരീക്ഷിച്ചത്.
ഫോർമേഷൻ 3-4-3 എന്നതിലേക്ക് മാറ്റാൻ സാംപോളി തുനിയുമെന്നാണ് സൂചന. ശൈലീമാറ്റത്തിന് അനുസൃതമായി വിങ്ങർ ക്രിസ്റ്റ്യൻ പാവോൻ ആദ്യ ഇലവനിൽ ഇടംനേടിയെടുത്തേക്കും. ഗബ്രിയേൽ മെർക്കാഡോയും മാർക്കോസ് അകുനയും മടക്കിവിളിക്കപ്പെടാനും സാധ്യതയുണ്ട്. മറുവശത്ത് നൈജീരിയയ്ക്കുമേൽ നേടിയ വിജയം ക്രൊയേഷ്യയുടെ മനോബലം കൂട്ടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഒത്തിണക്കമുള്ള നീക്കങ്ങൾ നടത്താൻ ക്രൊയേഷ്യയ്ക്കായി, ലൂക്ക മോഡ്രിച്ചിന്റെ ഉശിരൻ ഫോം ക്രൊയേഷ്യയ്ക്ക് ഗുണമാകും. ഇവാൻ റാക്കിറ്റിച്ചിനെയും മരിയോ മാൻസുകിച്ചിനെയും പോലെ ഒറ്റയ്ക്കു മത്സരഗതി മാറ്റിമറിക്കാൻ ശേഷിയുള്ളവരും ക്രൊയേഷ്യൻ നിരയിലുണ്ട്. സ്ട്രൈക്കർ നിക്കോള കാലിനിച്ചിനെ പുറത്താക്കിയെന്നതു മാത്രം ടീം നേരിടുന്ന ഏക അസ്വസ്ഥത. അർജന്‍റീനയെ അട്ടിമറിച്ച് പ്രീ- ക്വാർട്ടർ ഉറപ്പിക്കാൻ തന്നെയാവും ക്രൊയേഷ്യ കളംതൊടുക.
സ്റ്റാർട്ടിങ് ഇലവൻ
അർജന്‍റീന- ഫോർമേഷൻ: 3-4-2-1
കാബല്ലേറൊ, മെർകാഡോ, ഒറ്റാമെൻഡി, റ്റാഗ്ലിയഫികൊ, സാൽവിയോ, പെരസ്, മഷ്റാനൊ, അകുന, മെസി, മെസ, അഗ്വീറൊ
ക്രൊയേഷ്യ, ഫോർമേഷൻ 4-1-4-1
സുബാസിക്, സ്ട്രിനിക്, വിദ, ലൊവ്റെൻ, വർസായികൊ, ബ്രൊസോവിക്, പെരിസിക്, റാക്കിറ്റിച്ച്, മൊഡ്രിക്, റെബിക്, മാൻഡ്‌സുകിക്.
സ്റ്റാറ്റ്സ്
- ക്രൊയേഷ്യയും അർജന്‍റീനയും മുഖാമുഖം വരുന്നത് അഞ്ചാം തവണ
- മെസി അർജന്‍റീനിയൻ കുപ്പായത്തിൽ നേടിയ ആദ്യ ഗോൾ ക്രൊയേഷ്യക്കെതിരേയാണ് (2006ൽ)
- ഐസ്‌ലൻഡുമായുള്ള കഴിഞ്ഞ മത്സരത്തിൽ മെസി 11 ഷോട്ടുകൾ ഉതിർത്തെങ്കിലും ഗോൾ നേടാനായില്ല
0 Comments