ലോക കേരള സഭ ദുബായില്‍ സമ്മേളിക്കുന്നത് ആര്‍ക്കുവേണ്ടി,


ജനാധിപത്യത്തിന് കേരളം നല്‍കുന്ന മഹത്തായ സംഭാവനയാണ് ലോക കേരള സഭ എന്ന പ്രഖ്യാപനത്തോടെ ഈ മാസം 15,16 തിയ്യതികളില്‍ നടക്കുന്ന ലോക കേരള സഭ എന്തിന് ആര്‍ക്ക് വേണ്ടി എന്ന അവ്യക്തത ഇനിയും ബാക്കിയാണ്. ലോകത്തിന്റെ വിവിധ കോണില്‍ ജീവിതത്തിന്റെ പച്ചപ്പു തേടി പരസഹായമില്ലാതെ സഞ്ചരിച്ചാണ് മലയാളി ഇക്കാണുന്ന ദേശങ്ങളിലെല്ലാം ചേക്കേറിയത്.കൂടപ്പിറപ്പുകളുടെ നിസ്സഹായതക്കും നിലവിളികള്‍ക്കും ഉത്തരം തേടി കടല്‍കടന്നവന്റെ് വേദനകളും ദുരിതങ്ങളും ഒരു ഭരണകൂടത്തിനും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ജീവിത പശ്ചാത്തലം അവന്‍ തന്നെ കണ്ടെത്തി വികസിപ്പിക്കുകയായിരുന്നു. വിമാനക്കമ്പനിയുടെയും വ്യാജ ഏജന്റുമാരുടെയും സകല ചൂഷണങ്ങള്‍ക്കും വിധേയനായി കടല്‍ കടന്നവന്റെ ആദ്യ തലമുറ അനുഭവിച്ച ദുരിതങ്ങള്‍ ഇന്ന് നമുക്ക് വായിച്ചാസ്വദിക്കാനുള്ള കഥകള്‍ മാത്രമാണ്, ആ കഥകളുടെ മറ്റൊരു അദ്ധ്യായമാണ് ഇന്ന് അറബ് രാജ്യങ്ങളില്‍ അരങ്ങേറുന്ന തൊഴില്‍ പ്രതിസന്ധി. പതിനായിരങ്ങളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ദിവസവും ഈ ഒഴുക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.ഈ സാഹചര്യം പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരള നിയമ സഭ നാളിത്രയായിട്ടും ഈ ഒരു പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യാം എന്ന് സഭയില്‍ ഒരു വരി പോലും ഉന്നയിച്ചിട്ടില്ല.ആര്‍ത്തവവും അരമന രഹസ്യവും അങ്ങാടിപ്പാട്ടാക്കുന്ന തിരക്കിലായിരുന്നു സദാ സമയവും ജന പ്രതിനിധികള്‍. കേരളം പ്രളയ ദുരിതത്തില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ പണപ്പെട്ടി എവിടുന്ന് നിറയ്ക്കാം എന്ന് സഭ അന്വേഷിച്ചു. അപ്പോള്‍ അവര്‍ക്ക് ഗള്‍ഫിനേയും മലയാളിയേയും ഓര്‍മ്മ വന്നു.കിഫ്ബിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍,പ്രവാസി ചിട്ടിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമാണ് ഭരണകൂടങ്ങള്‍ക്ക് പ്രവാസ സമൂഹത്തെ ഓര്‍മ്മ വരുന്നത്. തിരികെയെത്തിയ പ്രവാസി സമൂഹം നാട്ടിലെ തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ചോ,സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചോ സഭ ഇന്നു വരെ ചര്‍ച്ച ചെയ്തിട്ടുണ്ടോ.ഇല്ലെന്നു തന്നെയാണ് ഉത്തരം. പ്രവാസി സമൂഹത്തിന്റെ തൊഴില്‍ തേടിയുള്ള പോക്കും തൊഴില്‍ നഷ്ട്ടപ്പെട്ടുള്ള വരവുംഒരു ഭരണകൂടത്തെയും അലോസരപ്പെടുത്തുന്നില്ല, ഇത്തരം വിഷയങ്ങള്‍ ആരുടെയും ശ്രദ്ധയില്‍കൊണ്ടു വരാന്‍ ഗള്‍ഫ് രാഷ്ട്രീയ സംഘടനകള്‍ക്ക് കഴിയുന്നുമില്ല.
ഒന്നിക്കാം സംവ്വദിക്കാം മുന്നേറാം എന്നതാണ് കേരള ലോക സഭയുടെ മുദ്രാവാക്യം.ആരാണ് ഒന്നിക്കുന്നത്. ആരാണ് സംവ്വദിക്കുന്നത് എന്നത് നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.സംവ്വധിക്കാന്‍ ഒട്ടേറെ വിഷയങ്ങള്‍ പ്രവാസി മലയാളിക്കുണ്ട്. അത് കേല്‍ക്കാന്‍ ഭരണകൂടത്തിനും ജന പ്രതിനിധികള്‍ക്കും സന്മനസ്സും സൗകര്യവമുണ്ടോ എന്നതാണ് വിഷയം.ജനാധിപത്യത്തിന്റെ മഹത്വമാണ് ഇത്തരമൊരു അവസരം ഒരുക്കിയതെന്ന് സ്പീക്കര്‍ ക്ഷണക്കത്തില്‍ അഭിമാനത്തോടെ പറയുന്നുണ്ട്.പ്രവാസി പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ജനാധിപത്യത്തിന്റെ ഈ ലോക കേരള സഭക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്. പക്ഷെ,ഇത്ര നാളായിട്ടും ആ സഭയില്‍ ഒരു ചോദ്യമെങ്കിലും പ്രവാസി വിഷയത്തില്‍ ഉന്നയിക്കാത്തവര്‍ തലയിണയും പായയും കെട്ടി വരിഞ്ഞ് ദുബായില്‍ നേരിട്ടെത്തി പ്രശ്‌നം പഠിക്കാന്‍ വന്നത് നല്ലത് തന്നെ.പക്ഷെ,ആരില്‍ നിന്നാണ് നിങ്ങള്‍ പ്രവാസി പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് എന്നതാണ് മറ്റൊന്ന്. വൈറ്റ് കോളര്‍ സംഘടനകളെയും അവരുടെ സമ്പന്നരായ നേതാക്കളെയും വിളിച്ചു വരുത്തി നടത്തുന്ന ഈ മാമാങ്കം മറെറാരു പ്രവാസി ഭാരതിയ ദിവസായി മാറും എന്നലാലതെ മറ്റൊന്നും നേടില്ല.ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും രാഷ്ട്രീയ പരിഗണന നോക്കാതെ പങ്കേടുപ്പിച്ചാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രവാസി പ്രശ്‌നം പഠിക്കാം.ഒരു ബജറ്റിലും വ്യക്തമായ പരിഗണന ലഭിക്കാത്ത ഈ അവശ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് ആത്മാര്‍ത്ഥതയോടെയെങ്കില്‍ അവ പരിഹരിക്കാനും ശ്രമിക്കേണ്ടതുണ്ട്. അത്തരം ശ്രമം ഉണ്ടായില്ലെങ്കില്‍ കോടികള്‍ ദുര്‍വ്യയം ചെയ്യാനുള്ള മറ്റൊരു മാമാങ്കമായി കേരള ലോക സഭ മാറും.

വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം പേരാണ് ദുബൈ മില്ലേനിയം ഹോട്ടലിലും ദുബായ് ഇത്തിസാലാത്ത് അക്കാദമിയിലും നടക്കുന്ന ലോക കേരള സഭയില്‍ എത്തുന്നത്. കേരളത്തില്‍ നിന്ന് നോര്‍തക്ക റൂട്‌സ് ചെയര്‍മാന്മാരും ഉദ്യോഗസ്ഥരും മന്ത്രിപ്പടയും എത്തുന്നുണ്ട്. കേരളത്തില്‍ നടത്തിയ ലോക കേരള സഭക്ക് നാല് കോടിയാണ് ചെലവിട്ടത്. എന്നാല്‍ ദൂബായില്‍ നടക്കുന്ന ഈ മാമാങ്കത്തിന് എത്ര കോടിയാണ് പൊടിക്കുന്നതെന്ന് വ്യക്തമല്ല. പ്രളയ ദുിതത്തിന്റെ പേരില്‍ സകലതും വെട്ടിക്കുറച്ച സര്‍ക്കാറാണ് ഈ ദര്‍വ്യയത്തിനു ചുക്കാന്‍ പിടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനാവുന്ന ചടങ്ങില്‍ സ്പീക്കര്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷനാവും. പ്രതിപക്ഷ നേതാവടക്കം വലിയൊരു നിര തന്നെ ഗള്‍ഫിലെത്തുന്നുണ്ട്. ആശാ ശരത്തും സംഘവും നയിക്കുന്ന ഡാന്‍സും ബോളിവുഡ് ഗായകരുടെ ഗാനമേളയും മറ്റ് കലാകാരന്മാരുടെ പ്രോഗ്രാമും കേരള സഭയിലുണ്ട്. പാട്ടും നൃത്തവും കലാ പരിപാടിയും കേരള ലോകസഭയുടെ ചൈതന്യം കുറക്കില്ലേ എന്ന ചോദ്യമൊന്നും ഇവിടെ പ്രസക്തമല്ല. പ്രവാസിയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാന്‍ മറ്റൊരു വെള്ളാനയെക്കൂടി സൃഷ്ടിച്ചു എന്നതാണ് ലോക കേരള സഭയെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു……..
പ്രവാസ ലോകം സ്റ്റാഫ്,

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar