ജലപുസ്തകം തരുന്ന ഹൃദ്യത

: ഗീതാഞ്ജലി :………………………………………………………………………………………………..

ഹൃദ്യമായ പ്രമേയവും അവതരണവും കൊണ്ട് ഏതൊരു വായനക്കാരനും ഏറെ പ്രിയപ്പെട്ടതാവുന്നു എച്ച് ടു ഒ. ചുട്ടുപൊള്ളുന്ന അക്ഷരങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക് നനവാര്‍ന്ന അനുഭവങ്ങളെ ചുരത്താന്‍ കഴിയുന്ന അക്ഷരങ്ങള്‍ തന്നെയാണ് കഥാകൃത്തിന്റെ പ്രത്യേകത. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശീര്‍ഷകത്തിനു പങ്കുണ്ടോയെന്നറിയില്ല. പക്ഷേ, എന്നെ സംബന്ധിച്ച് എച്ച് ടു ഒ എന്ന ശീര്‍ഷകത്തിനു വല്ലാത്തൊരു ആകര്‍ഷണീയതയുണ്ടായിരുന്നു. പച്ചവിരിയിട്ട ആശുപത്രിക്കിടക്കയിലെത്തുമ്പോഴേയ്ക്കും എന്റെ ശിരസ്സിനുമുകളില്‍ ഞാത്തിയിടപ്പെട്ട നക്ഷത്രവാല്‍ പറഞ്ഞു, ജലമാണ് നിന്റെ ദേവന്‍. സമുദ്രങ്ങളുടെ ദേവനത്രേ വരുണന്‍.! വെള്ളത്തില്‍ കളിച്ചു തിമിര്‍ത്ത കുട്ടിക്കാലം. കുളിമുറിയില്‍ മണിക്കൂറുകളോളം വെള്ളം ദേഹത്ത് തെറിപ്പിച്ചു ചെലവിടാന്‍ മടിയുണ്ടായിരുന്നില്ല. മഴക്കാലം ഉത്സവ കാലങ്ങളായിരുന്നു. പെണ്ണുങ്ങള്‍ ജലം പോലെയാകണമെന്നുമാത്രം കേട്ടു വളര്‍ന്നു (തീയാകാന്‍ ആരും പറഞ്ഞു തിന്നിട്ടില്ല). പകര്‍ന്നുവയ്ക്കപ്പെട്ട പാത്രത്തിനനുസരിച്ചു രൂപം മാറാന്‍ ശീലിച്ചു. ജലത്തുള്ളിയ്ക്കുള്ളിലെ പ്രപഞ്ചമാണ് ലോകമെന്നു ധരിച്ചുവച്ചു.! അങ്ങനെ എച്ച് ടു ഓയിലെ ദിവ്യ ഇസബെല്ലില്‍ എത്തുമ്പോള്‍ അവളുടെ കുഞ്ഞുവിരലുകള്‍ക്കൊപ്പം മരുഭൂമഴയെ ശേഖരിച്ചു വയ്ക്കാന്‍ ഞാനും വൃഥാ ശ്രമിച്ചു.

രണ്ടാം കഥയായ അനര്‍ട്ടോ ഗ്രാമോ പേരുകൊണ്ട് എന്നെ ആകാംക്ഷാ ഭരിതയാക്കി. പല പേരുകളും വായനയ്ക്കിടയില്‍ കേള്‍ക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ വെറുതെ ഗൂഗിളില്‍ തിരഞ്ഞുകൊണ്ടേയിരുന്നു. യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്ന ഇസ്രയേലി ഭൂഗര്‍ഭ അറകളെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം പണ്ടൊരു വയനാടന്‍ യാത്രയില്‍ കണ്ടുമുട്ടിയ കരിംപച്ചക്കണ്ണുകളുള്ള ജൂതനെ ഓര്‍മ്മവന്നു. നിന്റെയീ തേന്‍ നിറവും എണ്ണമയത്തൊലിയും എന്നെ ഭ്രാന്തനാക്കുന്നുവെന്ന അവന്റെ വാക്കുകളും! ബ്രൗനിറമുള്ള ചുരുണ്ട മുടി മാടിയൊതുക്കി അനര്‍ട്ടോഗ്രാമോയിലെ ഗര്‍ഷേം എബ്രഹാം എന്നെ നോക്കി ചിരിച്ചു .അയാളെ ഞാന്‍ സ്‌നേഹിച്ചു.
ശിലാലിഖിതത്തിലെ കൃതാഞ്ജലിയെ ഒറ്റക്കാഴ്ചയില്‍ത്തന്നെ എനിക്കിഷ്ടമായി. പേരിന്റെ ആദ്യാക്ഷരമറിയാന്‍ അവള്‍ ഞാന്‍ തന്നെ എന്നതോന്നലാവാം കാരണം. പത്രപ്രവര്‍ത്തക വേഷത്തിലെ തെണ്ടി നടക്കലുകള്‍ക്കിടയില്‍ പരിചയപ്പെട്ട ഒരുപാട് നാടോടി ജീവിതങ്ങളുണ്ട്. അവരിലെ പെണ്ണുങ്ങള്‍ക്കെല്ലാം നിറവയറുമായി നിന്ന കൃതാഞ്ജലിയുടെ മുഖമാണെന്നുതോന്നി. ഒതുക്കുകല്ലില്‍ ചേമ്പിലയില്‍ കിടന്ന കുഞ്ഞിനെ ക്കുറിച്ചു വായിക്കുമ്പോള്‍, പ്രസവിച്ചതിന്റെ മൂന്നാം ദിനം പട്ടികള്‍ കടിച്ചു വലിച്ച മറ്റൊരു കുഞ്ഞിന്റെ കഥയും നിര്‍വികാരമായി. ആകഥ എന്നോട് പറഞ്ഞ അമ്മയുടെ കണ്ണുകളുമോര്‍ത്ത് സങ്കടം കൊണ്ടെനിക്ക് തലപെരുത്തു.

പേരുകൊണ്ട്,അതിന്റെ അര്‍ത്ഥമറിയായ്മ കൊണ്ട് അതിശയിപ്പിച്ച മറ്റൊരു കഥയാണ് അതസാജ. കുശിനിക്കാരന് കൈപ്പുണ്യം മാത്രം മതിയെന്ന ബോധത്തെ, അത് മാത്രം പോരാ തലച്ചോറ് കൂടി വേണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു മാറ്റിമറിച്ച അതസാജ.!
ഗ്രേവ് യാര്‍ഡിലെ കുഞ്ഞന്‍ കുരിശുകള്‍ എന്ന കഥ, സെമിത്തേരിയ്ക്കു മുന്നിലെ ചില്ലകളാല്‍ മൂടിയ സൈന്‍ബോര്‍ഡ് കാണും വരെ എന്നെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടേയിരുന്നു .വായിച്ചു തീര്‍ന്നു സമാധാനിച്ചിട്ടും പാതിരാ സ്വപ്നത്തില്‍ മഞ്ഞുമറയ്ക്കുള്ളിലൂടെ കുഞ്ഞന്‍ ശവപ്പെട്ടികള്‍ ചുമന്നു വിലാപയാത്രകള്‍ കടന്നു പോയ്‌ക്കൊണ്ടേയിരുന്നു.!


കുപ്പി രൂപങ്ങളിലെ സതീശന്റെ ശരീരഘടന എങ്ങനെയാണ് അവനു ജോലി നേടിക്കൊടുത്തതെന്നോര്‍ത്തു ആദ്യമൊന്നമ്പരന്നു. പിന്നെ, ജോലിയുടെ സ്വഭാവമോര്‍ത്തു സതീശന്റെ മൊട്ടത്തലയ്‌ക്കൊപ്പം ഞാനും തലകുലുക്കി. ഒടുവില്‍ ഡോക്ടര്‍ക്ക് സതീശന്‍ നല്‍കിയ കണ്‍സള്‍ട്ടിങ് ഫീസിന്റെ കുടുംബ ചരിത്രമോര്‍ത്തു ചിരിച്ചു. പ്രണയം കൊണ്ട് പൂര്‍ണ്ണമായും സ്വതന്ത്രയാക്കപ്പെടുകയെന്ന മെഹ്‌നാസിന്റെ മാത്രമല്ല, ഓരോ പെണ്ണിന്റെയും സ്വപ്നമാണെന്ന് ഞാനുറക്കെ പ്രഖ്യാപിച്ചാണ് ആഗസ്റ്റ് പതിനഞ്ചിനെ വായിച്ചവസാനിപ്പിച്ചത് .

വിഭജനത്തിനു മുന്‍പുള്ള ബംഗാളിന്റെ ചിത്രം എപ്പോഴൊക്കെയോ വായനയിലൂടെ സിരകളില്‍ കയറിപ്പറ്റിയതാണ്. ബംഗ്ലാദേശിനെക്കുറിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതുമങ്ങനെയാണ്. ആ യാത്രയിലാണ് പത്മാനദിയുടെ ഓളങ്ങളില്‍ ഒഴുകിനടന്നത്. ബംഗാള്‍ കോളനിയെന്ന കഥയുടെ ഒടുക്കം ധലേശ്വരിയെന്നു വായിക്കുമ്പോള്‍ വിരലുകള്‍ കീബോര്‍ഡ് തേടിയത് ധലേശ്വരിപ്പുഴയുടെ താളം മനസ്സേറ്റെടുത്തതു കൊണ്ടാവാം !
ഒടുവില്‍ മണിക് ഗഞ്ചിലെ ധലേശ്വരിയുടെ സൗന്ദര്യം ഒഴുകിയൊഴുകി മാലിന്യക്കൂമ്പാരത്തിലേയ്ക്ക് വഴിമാറുന്നത്കണ്ട് പരിതപിക്കേണ്ടി വന്നു. .കഥാകൃത്തിന്റെ പുസ്തകസമര്‍പ്പണം വറ്റിപ്പോകും മുമ്പ് അറിവു പകര്‍ന്ന നിളയ്ക്കാണെന്ന യാദൃശ്ചികതയില്‍ നിളയും ധലേശ്വരിയും ഓന്നായൊഴുകി.
പുസ്തകത്തിന്റെ അവസാന താളുകളില്‍ കാറ്റ് പ്രണയിച്ച ലിഫ്റ്റിലെത്തുമ്പോഴേയ്ക്കും വേഗതയില്ലാത്ത മനുഷ്യ മനസ്സുകളെക്കുറിച്ചുള്ള തിരിച്ചറിവില്‍ എന്റെ മനസ്സും അതിവേഗം മുകളിലേയ്ക്കു കുതിച്ച് ലിഫ്റ്റിനെ പിന്നിലാക്കിപ്പറന്നുയര്‍ന്നു. പിന്നെ, സലിം അയ്യനേത്തിന്റെ ഒമ്പതു കഥകളുള്ള എച്ച്.ടു.ഓ സമ്മാനിച്ച ഹൃദ്യമായ വായനാനുഭവത്തില്‍ പുസ്തകം മടക്കി.
കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ വായനക്കാര്‍ക്ക് ഹൃദ്യമാകുന്ന തരത്തില്‍ പറയുകയെന്നത് ഏതൊരു കഥാകൃത്തും നേരിടുന്ന വെല്ലുവിളിയാണ്. ലോഗോസ് ബുക്‌സ് പുറത്തിറക്കിയ സലിം അയ്യനേത്തിന്റെ പുസ്തകം അതിന്റെ കവര്‍ പേജ് മുതല്‍ വായനക്കാര്‍ക്കു പ്രതീക്ഷ നല്‍കുന്നു .എച്ച്.ടു.ഓ മുതല്‍ കാറ്റ് പ്രണയിച്ച ലിഫ്റ്റ് വരെയുള്ള ഒന്‍പതുകഥകള്‍ അവയുടെ ആവിഷ്‌കാര ഭംഗികൊണ്ടു ശ്രദ്ധേയമാണ്. ഡിബോറ എന്ന കഥാസമാഹാരത്തിലൂടെ ഞാന്‍ പരിചയപ്പെട്ട സലിം അയ്യനേത്തിന്റെ എച്ച്.ടു.ഓയെന്ന പുസ്തകം പ്രമേയങ്ങളിലെ വ്യത്യസ്തത കൊണ്ട് മികവ് പുലര്‍ത്തുന്നു. വായനാ സുഖം പ്രധാനം ചെയ്യുന്ന പുസ്തകത്തില്‍ നിന്ന് പിന്‍മാറിയാലും ആവിഷ്‌കാര ഭംഗികൊണ്ടു അവ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. മനസ്സില്‍ ജീവന്‍ വെച്ച കഥാപാത്രങ്ങള്‍ വായിച്ചു തീര്‍ന്നാലും അക്ഷരങ്ങളെ വീണ്ടും പുനര്‍ ജീവിപ്പിക്കുന്നു. സലീമിന്റെ അക്ഷരങ്ങള്‍ക്കും ഈ മാസ്മരികത അനുഭവിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് സവിശേഷത.

എച്ച് ടു ഒ:               സലീം അയ്യനത്ത്.
പ്രസാധനം:            ലോഗോസ് ബുക്‌സ് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar