നിയമ സഹായം, ജീവകാരുണ്യം പോലെ മഹത്തരംസമദാനി

ദുബായ് : നിയമക്കുരുക്കില്‍ പെട്ട് മാനസിക സംഘര്‍ഷത്താല്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കുക എന്നത് ധനസഹായവും, ഭക്ഷ്യസഹായവും നല്‍കിയുള്ള ജീവകാരുണ്യപ്രവര്‍ത്തനത്തോളവും,ചിലപ്പോള്‍ അതിനേക്കാളും മഹത്തരമായ സേവന പ്രവര്‍ത്തനമാണെന്ന് ഡോ.അബ്ദുസ്സമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. ആഹാരവും,പാര്‍പ്പിടവുമില്ലാതെ ദിവസങ്ങളോളം മനുഷ്യന് ജീവിതം മുന്നോട്ടു നീക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നിസാര നിയമ പ്രശ്‌നങ്ങള്‍ മൂലമുള്ള കുരുക്കുകളിലകപ്പെട്ടുണ്ടാകുന്ന മാനസിക വിഭ്രാന്തി മനുഷ്യനെ ആത്മാഹുതിയിലേക്കു പോലും തള്ളി നീക്കുന്നു. അങ്ങിനെ കുടുംബങ്ങള്‍ അനാഥമാവുന്ന സ്ഥിതിവിശേഷം ഇന്ന് സമൂഹത്തില്‍ ഏറിവരുന്നു.
ജനങ്ങള്‍ സാമാന്യ നിയമങ്ങളെ കുറിച്ചു ബോധവാന്മാരാകേണ്ടതുണ്ട്. ഈയൊരു ചിന്തയില്‍ നിന്നാണ് ഞാന്‍ പോലും നിയമ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്’ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സമദാനി പറഞ്ഞു. സാമൂഹ്യ ജീവിതത്തില്‍ ജനങ്ങള്‍ക്കു നേരിടേണ്ടി വരുന്ന നിയമങ്ങളെ കുറിച്ചുള്ള അവബോധവും, നിയമോപദേശങ്ങളും വളര്‍ത്തേണ്ടത് ഇന്നു അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഇക്കാര്യത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ നിയമജ്ഞര്‍ക്കും, അഭിഭാഷകര്‍ക്കും, കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക്, യു എ ഇ യിലെ തൊഴില്‍,വിസ യാത്ര നിയമങ്ങളില്‍ സാന്ദര്‍ഭികമായി വന്നു കൊണ്ടിരിക്കുന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെ എം സി സി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ‘വെബ്ബിനാര്‍’ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി.എം.പി. വിവിധ സേവനോത്മുഖ പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിനു മാതൃകയായ കെ.എം.സി.സിയുടെ മറ്റൊരു പൊന്‍തൂവലാണ് ലീഗല്‍ സെല്ലും, അതിന്റെപ്രവര്‍ത്തനങ്ങളുമെന്ന് അദ്ദേഹം അഭിനന്ദിച്ചു.
ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ഇതു അഞ്ചാം തവണയാണ് യു.എ.ഇ യിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നിന്നുമായി തൊഴിലാളികളും, തൊഴിലുടമകളുമായ ആളുകള്‍ തൊഴില്‍, പാസ്‌പോര്‍ട്,വിസ, യാത്ര, താമസം, കുടുംബം, ബിസിനസ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ അഭിഭാഷകരുമായി മുഖാമുഖം സംവദിച്ചു, പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞു.ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ.ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു.
ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ആക്ടിങ് പ്രസിഡന്റ്.ഹുസൈനാര്‍ ഹാജി, സിക്രട്ടറി ഇസ്മായില്‍ അരീകുറ്റി, ഇബ്രാഹിം മുറിച്ചാണ്ടി, റഹീസ് തലശ്ശേരി, ഓ.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, നിസാം കൊല്ലം, മുഹമ്മദ് പട്ടാമ്പി, കെ.പി.എ.സലാം,ബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. അഡ്വ.സാജിദ് അബൂബക്കര്‍, അഡ്വ.അഷ്‌റഫ് കൊവ്വല്‍, അഡ്വ.ഫൈസല്‍, അഡ്വ.നാസിയ തുടങ്ങിയവര്‍ പങ്കെടുത്തു.ലീഗല്‍ സെല്‍ ജന.കണ്‍വീനര്‍ അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, മജീദ് മക്കിയാട് നന്ദിയും പറഞ്ഞു.

ഫോട്ടോ: ഡോഎം.പി.അബ്ദുസ്സമദ് സമദാനി എം.പി.ദുബായ് കെ എം സി സി നിയമ സഹായ വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar