പി.കെ ശശി എം.എല്‍.എ പരസ്യപ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സി.പി.എം

പാലക്കാട്: യുവതിയില്‍ നിന്നും പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ ശശി എം.എല്‍.എ പരസ്യപ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സി.പി.എം. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് എം.എല്‍.എയ്ക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്.

ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും ശശി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഇടപെടലുണ്ടായത്.

അതേസമയം, ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എം.പി പറഞ്ഞു. അന്വേഷണ കമ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ശ്രീമതി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കമ്മിഷന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യും.പി.കെ. ശശി.

പാലക്കാട്: ഡിവൈഎഫ്ഐ വനിത നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ഷൊർണൂർ എംഎൽഎ പി.കെ. ശശി. പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യും. പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും എംഎൽഎ പറഞ്ഞു. പാർട്ടി എന്തെങ്കിലും നടപടിയെടുത്താൽ അതു നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി പറഞ്ഞു.

ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാൽ അതു കൈകാര്യം ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികൾ മാത്രമേ അകത്തുള്ള കാര്യങ്ങൾ പുറത്ത് പറയൂ. എന്നെ അറിയാവുന്ന, എന്‍റെ പൊതുപ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് എന്‍റെ പൊതുജീവിതം എന്താണ് അറിയാം. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. തന്‍റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അതു രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും ശശി.

അച്ചടക്ക നടപടിയെക്കുറിച്ച് എന്തിനാണ് വേവലാതിപ്പെടുന്നത്. പരാതി കൈയിൽ ഇല്ലാതെയാണ് ഇപ്പോൾ വിചാരണ നടത്തുന്നത്. എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഞങ്ങൾ പല കാര്യങ്ങളും ചർച്ച ചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കിൽ അതിലൊന്നും ശശി വീഴില്ലെന്നും എംഎൽഎ പറഞ്ഞു.

പാലക്കാട് ചെർപുളശേരിയിൽ ബസുകളുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സമാഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംഎൽഎ. സ്ഥലത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar