തരൂരിനെതിരേ പ്രേരണക്കുറ്റം
ന്യൂഡൽഹി:സുനന്ദ പുഷ്കറുടെ മരണത്തിൽ മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് എംപിയുമായ ശശി തരൂരിനെ പ്രതി ചേർത്തു ഡൽഹി പോലീസിന്റെ കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റമാണു തരൂരിന്റെ മേൽ ആരോപിച്ചിരിക്കുന്നത്. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നാലുവർഷംനീണ്ട അന്വേ ഷണ ത്തിനൊടുവിലാണു കുറ്റ പത്ര സമർപ്പണം.
2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ആഡംബര ഹോട്ടലിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്ര സിംഗിനു സമർപ്പിച്ച കുറ്റപത്രത്തിൽ ശശി തരൂരിനെതിരേ ആത്മഹത്യ പ്രേരണയ്ക്കുള്ള 306, ഗാർഹിക പീഡനത്തിനുള്ള 498 എ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മേയ് 24ന് കേസിൽ വാദം കേൾക്കും. 3000 പേജുള്ള കുറ്റപത്രത്തിൽ തരൂർ ഭാര്യയോട് അതിക്രൂരമായി പെരുമാറിയിരുന്നു എന്നാണാരോപിക്കുന്നത്.
കുറ്റപത്രത്തെ യുക്തിരഹിതം എന്നാണു തരൂർ വിശേഷിപ്പിച്ചത്. ഇതിനെ ശക്തമായി നേരിടും. താൻ കാരണം സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് അവരെ അറിയാവുന്ന ആരും വിശ്വസിക്കില്ല. പോലീസിന്റേത് അവിശ്വസനീയമായ നടപടിയാണെന്നും തരൂർ ട്വിറ്ററിൽ പറഞ്ഞു. സുനന്ദയുടെ മരണത്തിൽ ആർക്കെതിരേയും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസ് കഴിഞ്ഞ ഒക്ടോബറിൽ കോടതിയെ ധരിപ്പിച്ചത്. ഇക്കാര്യം ഡൽഹി പോലീസിന്റെ അഭിഭാഷകൻ തന്നെയാണ് പറഞ്ഞത്. ആറു മാസത്തിനു ശേഷം താൻ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നും പറയുന്നു. ഇത് അവിശ്വസനീയമാണെന്നും തരൂർ പറഞ്ഞു.
0 Comments