സഊദി ; ആദ്യ വിമാനം ഡിസംബര്‍ നാലിന്;

സഊദി: മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കോഡ് ഇ വിമാനങ്ങള്‍ കരിപ്പൂരിനെ ചുംബിക്കാനൊരുങ്ങുന്നു. സഊദി എയര്‍ലൈന്‍സിന്റെ SV 892 വിമാനം 298 യാത്രക്കാരുമായി ഡിസംബര്‍ 4 ന് ചൊവ്വാഴ്ച റിയാദില്‍ നിന്ന് കോഴിക്കോട്ട് വന്നിറങ്ങും. ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം SV 746 ഡിസംബര്‍ 5 നും പറന്നിറങ്ങും. കൊച്ചിയിലേക്കുള്ള പകുതി സര്‍വീസുകള്‍ വെട്ടിക്കുറച്ചാണ് സൗദിയ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ദിവസവും ഓരോ വിമാനം വീതമാണ് ഷെഡ്യൂള്‍ ചെയ്യുന്നത്. അഞ്ച് സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും, രണ്ടെണ്ണം റിയാദില്‍ നിന്നും. ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്നും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദില്‍ നിന്നുമായിരിക്കും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക എന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ ജിദ്ദയില്‍ അറിയിച്ചു.
വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയായതോടെ സഊദി എയര്‍ലൈന്‍സിനു പുറമേ എയര്‍ ഇന്ത്യയും സഊദിയിലേക്കു സര്‍വീസിനൊരുങ്ങുന്നുണ്ട്. യു. എ. ഇ യില്‍ നിന്നും വിവിധ എയര്‍ലൈനുകളും കരിപ്പൂരിലേക്ക് വലിയ വിമാന സര്‍വീസ് തുടങ്ങാനൊരുങ്ങുന്നുണ്ട്.
മലബാര്‍ ഡെവലപ്‌മെമെന്റ് ഫോറം അടക്കമുള്ള സമര സംഘടനകളുടേയും, ഒട്ടേറെ യുവജന സംഘടനകളുടേയും, ജന പ്രതിനിധികളുടേയുമെല്ലാം നീണ്ട കാലത്തെ പരിശ്രമങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വീണ്ടും അനുമതി ലഭ്യമായത്
0 Comments