അക്ഷര മുറ്റത്തു പള്ളിക്കൂടമൊരുക്കി ‘ഉസ്ക്കൂൾ’ പ്രകാശനം ചെയ്തു.

ഷാർജ: പ്രകാശന വേദിയിൽ പുതുമകൾ ഒരുക്കി ഷാജി ഹനീഫിന്റെ പുതിയ പുസ്തകം ഉസ്കൂൾ പ്രകാശിതമായി.ചേങ്കിലമണി ഉച്ചത്തിൽ മുഴങ്ങി. പഴയൊരു പ്രാർത്ഥനാഗീതം മുഴങ്ങി.എല്ലാവരും മനസ്സ് ശാന്തമാക്കി എഴുന്നേറ്റ് നിന്നു. ഹെഡ്മാസ്റ്റർ ചൂരൽ വടിയുമായിട്ടാണ് ക്ലാസ് നിയന്ത്രിചു . അനുസരണയില്ലാത്ത പിള്ളേർക്ക് അടങ്ങിയിരിക്കാൻ അത് കാരണമായി. കുട്ടികളിൽ പലരും എഴുതിത്തെളിഞ്ഞവരായിരുന്നു. ചിലർ മലയാളത്തിൻ്റെ പുണ്യങ്ങളായവർ. എഴുത്തിനെയും സാഹിത്യാസ്വാദനത്തെയും ഗൗരവമായിക്കരുതുന്നവരും കുറവായിരുന്നില്ല . ‘പള്ളിക്കൂടം വിട്ടപ്പോൾ, പിള്ളേരിറങ്ങി നടന്നപ്പോൾ ‘ നാരങ്ങാമുട്ടായിയും ഉപ്പിലിട്ട നെല്ലിക്കയും എല്ലാ കുട്ടികൾക്കും വിതരണം ചെയ്യപ്പെട്ടു. സ്നേഹബഹുമാനങ്ങളും ഹൃദയബന്ധങ്ങളും വിനിമയം ചെയ്യുന്ന പള്ളിക്കൂടക്കുട്ടികളായി എല്ലാവരെയും അനുഭവിപ്പിച്ച അസാധാരണമായ ഒരു പുസ്തക പ്രകാശനച്ചടങ്ങായിരുന്നു അത്.

ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ ഷാജി ഹനീഫിൻ്റെ ‘ഉസ്ക്കൂൾ – വിദ്യാലയസ്മരണക’ളുടെ പ്രകാശനച്ചടങ്ങാണ് ഇത്തരത്തിൽ ഗൃഹാതുരതയുടെ നിരവധി അടരുകളുള്ള ഒരു പഴയകാല ക്ലാസ്മുറിയായി മാറിയത്. അതിൽ പങ്കുകൊണ്ട എല്ലാവർക്കും മനസ്സ് നിറഞ്ഞു തുളുമ്പിയ അനുഭവമായി, തികച്ചും വേറിട്ട ഈ പുസ്തകപ്രകാശനം .
കേരളത്തിൻ്റെ തെക്കൻ മേഖലകളിലെ ‘പള്ളിക്കൂടം’ ചിലയിടങ്ങളിൽ സ്കൂൾ തന്നെയാണ്. വടക്കോട്ട് പോകുമ്പോൾ അത് “ഉസ്ക്കൂളും’ ‘ഇസ്ക്കൂളു’മായി മാറും.സ്‌കൂളിന് ‘ഷ്ക്കോൾ’ എന്നും ചിലർ പറയാറുണ്ട്.
പൊന്നാനി എ.വി ഹൈസ്കൂൾ കേരളത്തിലെ പഴയ വിദ്യാലയങ്ങളിൽ ഒന്നാണ് . മലയാളത്തിൻ്റെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹ്യമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരെ സംഭാവന ചെയ്ത ആ വിദ്യാലയത്തിൽ പത്താം തരം വരെയുള്ള പഠനകാലത്ത്, കവിയും കഥാകൃത്തും സംരംഭകനുമായ ഷാജി ഹനീഫ് അനുഭവിച്ച സമ്മിശ്രമായ വൈകാരികലോകത്തെ ആഴമേറിയ നിരീക്ഷണപാടവത്തോടെ ഓർത്തെടുക്കുന്ന പുസ്തകമാണ് ‘ഉസ്ക്കൂൾ ‘.
മലയാളിയുടെ ചിന്താലോകത്തെ നിരന്തരം പുതുക്കുന്ന ചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. എൻ .പി. ഹാഫിസ് മുഹമ്മദ്, ചലച്ചിത്ര സംവിധായകൻ സക്കരിയയ്ക്ക് നൽകിയാണ് ‘ഉസ്ക്കൂൾ’ പ്രകാശിപ്പിച്ചത്. ‘ഈ പുസ്തകം പ്രകാശനം ചെയ്യാൻ എന്നെക്കാളധികം അർഹതപ്പെട്ട ഒരാളില്ല. നാൽപ്പത് വർഷത്തെ തൻ്റെ അദ്ധ്യാപക ജീവിതത്തെക്കൂടി കൃത്യമായി ഓർത്തെടുക്കാൻ ഈ പുസ്തകം കാരണമായതായി അദ്ദേഹം പറഞ്ഞു. യാതൊരു കൃത്രിമത്വവുമില്ലാതെ, കുട്ടിക്കാലത്തിൻ്റെ തെളിമയും സ്വപ്നവും ഇടകലർന്ന ഭാഷയിലാണ് ഷാജി ഹനീഫ് എഴുതിയിരിക്കുന്നത്.
‘ഓർമ്മകളെ അച്ചിൽപ്പതിച്ചപോലെ അടയാളപ്പെടുത്തിയ ഈ പുസ്തകം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തിലേക്കും വിദ്യാലയമുറ്റത്തേക്കും തിരികെക്കൊണ്ടു പോകുന്ന അദ്ഭുത’മാണെന്ന് പുസ്തകം പരിചയപ്പെടുത്തിയ ഇ കെ ദിനേശൻ അഭിപ്രായപ്പെട്ടു.
‘ഉസ്ക്കൂൾ’ എന്ന ശീർഷകത്തിൻ്റെ സൗന്ദര്യവും ആകർഷണീയതയും, അത് നമ്മളിലേക്ക് പകരുന്ന വൈകാരികതയും ഓർമ്മകളും, ഷാജിയുടെ എഴുത്തിലൂടെ അനുഭവിക്കുന്നതായി സംവിധായകൻ സക്കരിയ എടുത്തുപറഞ്ഞു.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളെ സൂചിപ്പിച്ച ബഷീർ തിക്കോടി, ‘ഉസ്ക്കൂളി ‘ൻ്റെ എഴുത്തുകാരൻ എവിടേക്ക് സഞ്ചരിച്ചാലും അയാളുടെ കാൽപ്പെരുവിരൽ സ്വന്തം ഗ്രാമത്തിൻ്റെയും കുട്ടിക്കാലത്തിൻ്റെയും നനഞ്ഞ മണ്ണിലെ മാനവികമൂല്യത്തിൽ ഉറപ്പിച്ച് നിറുത്തുന്നതായി പറഞ്ഞു.

ഷാജി ഹനീഫ് എന്ന എഴുത്തുകാരനിലെ കരുണാർദ്രമായ മനസ്സിനെ അനുഭവതീക്ഷ്ണതയുടെ അടിവരയിട്ട് വ്യക്തമാക്കി കവി പി. ശിവപ്രസാദ് നിത്യ സൗഹൃദത്തിന് സ്നേഹാശംസകൾ നേർന്നു.ഓർമ്മകളും സൗഹൃദങ്ങളും ഒരാളിൽ എത്രത്തോളം ആത്മാർത്ഥതയും സത്യസന്ധതയും സ്നേഹവും നിറയ്ക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഈ പുസ്തകമെന്ന് ഇസ്മായിൽ മേലടി അഭിപ്രായപ്പെട്ടു.വിദ്യാലയ ഓർമ്മകളുടെ ഈ പുസ്തകം എൻ്റെ ഷാജിക്കാന്റെ ഹൃദയത്തിൽ നിന്നുണ്ടായതാണെന്നും അതിൽ നുണ കലർന്നിട്ടില്ലെന്നും നല്ലപാതി ബബിത ഷാജി പറഞ്ഞു.

ഹെഡ്മാസ്റ്ററുടെ വേഷത്തിൽ അവതാരകനായി തിളങ്ങിയത് റോജിൻ പൈനുംമൂടായിരുന്നു. ഐ എം. എഫിന്റെയും അക്ഷരക്കൂട്ടത്തിൻ്റെയും പ്രവർത്തകർ ആസ്വാദനത്തിന് വ്യത്യസ്തമുഖം നൽകിയ ഈ പരിപാടി അർത്ഥപൂർണ്ണവും സമ്പന്നവുമാക്കി.ഒന്നാം ക്ളാസുമുതൽ പത്തു വരെ ഷാജിക്കൊപ്പം പഠിച്ച രഞ്‌ജിനി അനിൽ എ.വി ഹൈസ്കൂളിലെ പ്രാർത്ഥനാഗാനമായ ‘കൈതൊഴുന്നു വാണീദേവി’ ചടങ്ങിന്റെ ആരംഭത്തിൽ ആലപിച്ചത് പങ്കെടുത്തവരെയെല്ലാം ഓർമയിലെ വിദ്യാലയമുറ്റത്തത്തെത്തിച്ചു , ഏറ്റവുമൊടുവിൽ സ്‌കൂൾ യൂണിഫോമിൽ എത്തി ഷാജിയുടെ മക്കളായ ലിയാനയ്ക്കും ലിഷാനുമൊപ്പം സുഹൃത്തിൻറെ മകൾ ആർഷ സുവിത്തും ചേർന്ന് ആലപിച്ച ഇന്ത്യൻ ദേശീയ ഗാനം പരിപാടിയിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ആലപിച്ചതോടെ ചടങ്ങിന് വിരാമമായി.

ഫോട്ടോ ക്യാപ്‌ഷൻ:
ഷാജി ഹനീഫിന്റെ വിദ്യാലയസ്മരണക’ളുടെ പുസ്തകം ‘ഉസ്ക്കൂൾ’ എഴുത്തുകാരൻ ഡോ. എൻ .പി. ഹാഫിസ് മുഹമ്മദ്, ചലച്ചിത്ര സംവിധായകൻ സക്കരിയയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. റോജിൻ പൈനുംമൂട്, ഇസ്മായിൽ മേലടി , ഇ. കെ. ദിനേശൻ , ഷാജി ഹനീഫ്, ബഷീർ തിക്കോടി, പി. ശിവപ്രസാദ് എന്നിവർ സമീപം.പ്രസാധനം: ലിപി പബ്ളിക്കേഷൻസ് ,കോഴിക്കോട്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar