ബീവിയുടെ ബിരിയാണി

……………..: ഷാനിഫ് ഷാനി :

വ്യാഴാഴ്ച രാത്രി ആയാല്‍ ഞമ്മക്ക് ഒരു കറക്കം ണ്ട്, ഞമ്മളെ ബീവി മുത്തൂസിനേം കുഞ്ഞിപ്പാത്തൂനേം കൊണ്ട്. പോക്കറ്റ് കാലിയാവാണ്ട്ക്കാന്‍ ഞമ്മള് ആകെ ഒരു ഓര്‍ഡറേ ഓള്‍ക്ക് കൊടുക്കാറുള്ളൂ.
തിന്നാന്‍ അനക്ക് എന്തും മാങ്ങിത്തരാ, ഇജ്ജ് പര്‍ദ്ദേം മാലേം വളേം ഒന്നും വേണോന്ന് മുണ്ടാനേ പാടില്ല, അങ്ങനെ ആണേല്‍ മാത്രേ അന്നെ കൊണ്ടോവൂ. അല്ലേല്‍ ഞമ്മള് കുഞ്ഞിപ്പാത്തൂനെ മാത്രേ കൊണ്ടോവുള്ളൂ’. ആ ഒറ്റ ഞെട്ടിക്കലില്‍ ഓള് ഫ്‌ളാറ്റവും, പിന്നെ മോന്ത പകുതി വീര്‍പ്പിച്ച് പാവായി ഞമ്മളെ കൂടെ പോരും. ഡ്രസ്സ് മാറ്റിയാ പിന്നെ കുഞ്ഞിപ്പാത്തു വണ്ടിന്റെ ചാവിം പിടിച്ച് ആദ്യേ ഞമ്മളെ ഒക്കത്ത് കേറി കൂടിണ്ടാവും.
അങ്ങനെ യൂസുഫാക്കാന്റെ ലുലുമാളില്‍ കേറി കുഞ്ഞിപ്പാത്തൂന് ഒരു അടിപൊളി ഉടുപ്പും വാങ്ങി, പര്‍ദ്ദ സെക്ഷന്‍ കാണിക്കാതെ ഞമ്മള് മുത്തൂസിനേം ഉന്തിക്കൊണ്ട് പോരാണ്. മുന്നോട്ടുള്ള തള്ളല്‍ ഇപ്പോ സൈഡില്‍ക്കായോന്നൊരു സംശയം.
സംശയല്ല, കാര്യത്തിലാണ്. കെ.എഫ്.സി മാമന്റെ പീടിയേക്കാണ് തള്ളല്‍, ഡ്രൈവര്‍ ഞമ്മളെ ബീവി തന്നേണ്. ഓള്‍ക്ക് ബ്രോസ്റ്റ് പണ്ടേ വീക്ക്‌നസ്സാണ്. എന്തായാലും പാവല്ലേന്ന് വിചാരിച്ച് ഒരു ചെറിയ ഫാമിലി ബക്കറ്റും വാങ്ങി അവിടിരുന്നു. അതില്‍ ബണ്ണും ഒരു ചെറിയ പീസും മാത്രാണ് ഞമ്മക്ക് കിട്ടിയത്. ബെറളി പിടിച്ചോല്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയ മാതിരി ബാക്കിയൊക്കെ ഓളെന്നെ ഒറ്റ ഇരിപ്പിന് തീര്‍ത്ത് കഴിഞ്ഞ് ഒരേമ്പക്കവും വിട്ടപ്പോ ഓളെ മൊകൊന്ന് കാണണ്ടീനി.,, ഐഷ്,അത് കണ്ടപ്പോ ഞമ്മളെ പള്ളേം നിറഞ്ഞു. അപ്പോഴേക്കും ഞമ്മളെ കുഞ്ഞിപ്പാത്തു ഒരഞ്ചാറ് ബത്താത്തസ് ഓളെ പള്ളേല്‍ ആക്കീണ്. അങ്ങനെ പള്ളേപയ്‌പ്പൊക്കെ മാറ്റി തിരിച്ച് പോരാന്‍ നില്‍ക്കുമ്പോ മുത്തൂസിന് ഒരു പൂതി.
ഇക്കൂ, നാളെ വെള്ളിയാഴ്ചല്ലേ. ഞമ്മക്ക് ബിരിയാണി ഉണ്ടാക്ക്യാലോ…
ഓര്‍മിപ്പിക്കല്ലേ പൊന്നേ, ഇജന്ന് ഉണ്ടാക്കിയതിന്റെ ടേസ്റ്റ് താ ഇപ്പളും ഞമ്മളെ തൊള്ളേന്ന് പോയീല്ല,എന്നും പറഞ്ഞ് തൊള്ളേല് ഒരു ലോഡ് കപ്പലോടിച്ച് ഓള്‍ക്ക് കാണിച്ചൊട്ത്തു.
കളിയാക്കല്ലിക്കാ, ഞമ്മള്പ്പം ശരിക്ക് പഠിച്ചീണ്. ഇനി അന്നത്തെ പോലെ പാളൂല ഒറപ്പാ,അല്ലെങ്കില്‍ ഇങ്ങളിന്നെ നാട്ടില്‍ക്ക് വിട്ടോണ്ടി.’

ആ,, ന്നാ അയ്‌ക്കോട്ടേ, അന്റെ അവസാനത്തെ പൂതിയല്ലേ, വെക്കണേന് കുഴപ്പല്ല, ഏതായാലും കളയാന്‍ ഉള്ളതായോണ്ട് ഞമ്മക്ക് മാത്രള്ള അരി ഇട്ടാ മതി,വെര്‍തേ വേസ്റ്റാക്കണ്ട.
അങ്ങനെ സാധനൊക്കെ വാങ്ങി റൂമില്‍ക്ക് പോയി.
പിറ്റേന്ന് ഞമ്മള് എണീച്ചപ്പോഴേക്ക് മുത്തൂസ് ഓളെ പണിയൊക്കെ കഴിച്ച് ബിരിയാണി അട്പ്പത്ത് ധമ്മിട്ട് വെച്ചീണ്.
ഞമ്മളെ കണ്ടപ്പോ ഓള്‍ക്കൊരു ചിരി,
ന്തേ, ഇന്നും കൊളായോ.
അയ്‌നിത്തിരി പുളിക്കും. ഞമ്മള് കോഴിക്കോട്ട്ക്ക് പോകുമ്പോ റഹ്മത്ത് ഹോട്ടല്‍ന്ന് കഴിക്ക്ണ ബിരിയാണില്ലേ, ഇത് അത്ക്കും മേലേണ് മോനേ..
ഇങ്ങള് പെട്ടെന്ന് പള്ളീ പോയി വെരി. എന്നിട്ട് മാണം ഞമ്മള്‍ക്കിത് കഴിക്കാന്‍
അന്നത്തെ പോലെ പറ്റണ്ടാന്ന് വിചാരിച്ച് ഞമ്മള് ധമ്മ് പൊട്ടിച്ച് കുറച്ച് ടേസ്റ്റ് ചെയ്ത് നോക്കി.
സംഭവം പൊളിച്ചീണ്.
അത്പ്പം ഓളോട് പറഞ്ഞാ പിന്നെ നിലത്ത് നിക്കൂല. ഞമ്മളെ വിലയേറിയ അഭിപ്രായത്തിന് നിക്ക്ണ ഓളോട്,ആ കുഴപ്പല്ലാന്നും പറഞ്ഞ് ഒരുമ്മേം കൊടുത്ത് ഞമ്മള് പള്ളീ പോയി.
പടച്ചോനേ,ഇന്‍ക്കിനി ചത്താലും മാണ്ടില,ഞമ്മളെ ബീവി ബിരിയാണി ഉണ്ടാക്കാന്‍ പഠിച്ചല്ലോ എന്നും പറഞ്ഞ് നിസ്‌ക്കാരും പ്രാര്‍ത്ഥനേം ഒക്കെ കഴിഞ്ഞ് ബിരിയാണി കഴിച്ച് ഏമ്പക്കം വിടാനായിട്ട് ഒരു സെവന്‍ അപ്പും മാങ്ങി റൂമില്‍ക്ക് പോയി.
അപ്പോളേക്ക് ഓള് നിലത്ത് സൗദി സ്‌റ്റൈലില്‍ സുപ്രയൊക്കെ വിരിച്ച് ബിരിയാണി വിളമ്പാന്‍ നില്‍ക്ക്ണ്ട്. ആ മണമടിച്ചപ്പോളേ ഞമ്മളെ തൊള്ളേല്‍ കപ്പലോടി. അങ്ങനെ ബിരിയാണിയും മസാലേം ഒക്കെ അതിലേക്ക് കൊട്ടി, ലേശം തൈരും അച്ചാറും സൈഡില്‍ കുത്തി വെള്ളത്തിന് ഗ്ലാസെടുക്കാന്‍ ഓള് കിച്ചണില്‍ക്കും ഞമ്മള് കൈ കഴുകാനും പോയി. പിന്നെ അവിടെ നടന്നത് ഒരു ചരിത്ര സംഭവമായിരുന്നു.
ആ കണ്ണ് തെറ്റിയ മുപ്പത് സെക്കന്റോണ്ട് ഞമ്മളെ കുഞ്ഞിപ്പാത്തു പണി ഒപ്പിച്ചിരുന്നു.
ബിരിയാണീക്ക് മൂത്രൊഴിച്ച് അവള്‍ ചീച്ചി, ചീച്ചി എന്നും പറഞ്ഞ് മുന്നിലെ ഒറ്റപ്പല്ലും കാട്ടി ഞമ്മളെ പാത്തു ചിരിക്കുമ്പോ അണ്ടി പോയ അണ്ണാനെ പോലെ ഞമ്മളെ ബീവി തലേലും കൈ വെച്ച് അവിടിരുന്നു.

 

കുഞ്ഞിപ്പാത്തൂന്റെ വിഷുക്കണി……………………..

……………….: ഷാനിഫ് ഷാനി :……………………….

രാത്രി അയല്‍പക്കത്തെ സത്യേട്ടന്റെ വീട്ടില്‍ നിന്നുള്ള പടക്കം പൊട്ട്ണ ഒച്ച കേട്ടാണ് ഞമ്മളെ കുഞ്ഞിപ്പാത്തു ഞെട്ടിയുണര്‍ന്നത്. ഓള് പേടിച്ചാണേലും കോലായില്‍ പോയി നോക്കിയപ്പോ അവ്ട്ന്ന് ഭയങ്കര ഒച്ചപ്പാട് കേള്‍ക്കണ്ണ്ട്. കുട്ട്യോളെ കയ്യിലൊക്കെ ടോര്‍ച്ച് പോലെ എന്തോ മിന്ന്ണുണ്ട്.
ഇതെന്താപ്പോ ഓലെ പൊരേല്‍ മാത്രം പൊരുന്നാളായോ.., ഞമ്മക്കില്ലേന്നും ചോയ്ച്ച് കച്ചറണ്ടാക്കാന്‍ തുടങ്ങി.
വിഷു ആയ വിവരം ഓള്‍ക്ക്‌ണ്ടോ അറിയ്ണ്.
ഓണമായാലും ക്രിസ്തുമസ്സ് ആയാലും ഞമ്മളെ പാത്തൂന് പെരുന്നാളാ. ഓള് അവിടൊക്കെ പോയി അര്‍മാദിക്കും.
അല്ലേലും ഈ ജാതി മത വര്‍ഗ്ഗീയ ചിന്തകളും അയിത്തവുമൊക്കെ ഞമ്മളെപ്പോലുള്ള എകരം ഉണ്ടായാലും വിവരം വെക്കാത്ത ആള്‍ക്കാര്‍ക്കല്ലേ…
പാത്തു അങ്ങോട്ട് വര്ണ്ണ്ട്‌ട്ടോന്ന് ഞമ്മളെ ഉമ്മി ശാരദേച്ചിനോട് വിളിച്ച് പറഞ്ഞു. കൂടെ പടക്കത്തിന്റെ വോളിയം ഒന്ന് കുറക്കാനും. അല്ലേല്‍ അതിലും വല്ല്യ ഒച്ചണ്ടാക്കി പാത്തു കരയും.
മത്താപ്പൂവും മേശപ്പൂത്തിരിയൊക്കെ ആദ്യായിട്ട് കണ്ട കുഞ്ഞിപ്പാത്തൂന് ബല്ല്യപെരുന്നാളും വെളിയായ്ച്ചയും ഒന്നിച്ച് വന്ന മാതിരിയായി.
പിന്നെ മുഴുവന്‍ ഓള്‍ക്ക് കത്തിക്കണം. അവസാനം മാലപ്പടക്കത്തിന് വരെ ഓളവിടെ തിരികൊളുത്തി. നേരത്തെ പടക്കത്തിന്റെ ഒച്ച കേട്ട് പേടിച്ച ഓള്‍ക്കിപ്പം അതൊക്കെ വെറും പൊട്ടാസായി മാറി.
അന്നും പിറ്റേന്നും പൊട്ടിക്കാനുള്ളത് മുഴുവന്‍ ഓളിരുന്നങ്ങട്ട് പൊട്ടിച്ച് തീര്‍ത്തു.
തീയും പുകയും കണ്ട് പൂത്തിരിയും കത്തിച്ച് പൂതി തീരാഞ്ഞിട്ട് ഇനി ബാക്കിയെന്തേലും ഉണ്ടോന്ന് നോക്കാന്‍ അകത്ത് കേറി നോക്കിയപ്പോ ശാരദേച്ചി അവിടെ വിഷുക്കണി ഒരുക്കാനുള്ള പരിപാടീലാണ്.
പാത്തു നേരെ പോയി അവിടെ വെച്ച സ്വര്‍ണ്ണമാലയും വളയുമൊക്കെ എടുത്തണിഞ്ഞപ്പോ ഒരു കുഞ്ഞുദേവി ലുക്കായി.അപ്പോളാണ് അവിടെ തുടച്ചു വെച്ച ശ്രീകൃഷ്ണന്റെ വിഗ്രഹം കാണുന്നത്.
ഇതേതാപ്പോ നീല നിറത്തിലൊരു മൊഞ്ചന്‍ പാവക്കുട്ടി എന്നും പറഞ്ഞ് ഓളതെട്ത്തു.
പാത്തൂനെ കാണാതെ തിരഞ്ഞ് വന്ന ഞമ്മളെ ബീവി മുത്തൂസ് കാണുന്നത് ശാരദേച്ചിന്റെ മാലയും വളയൊക്കെയിട്ട് കൃഷ്ണഭഗവാനേം പിടിച്ച് നില്‍ക്ക്ണ കുഞ്ഞിപാത്തൂനേയാണ്. സത്യേട്ടനും ശാരദേച്ചിയും ഓളെ കളി കണ്ടവിടിരുന്ന് ചിരിക്കാണ്.
”ഇനി മതി കളിച്ചത്, നാളെ സദ്യയും പായസവും കുടിക്കാന്‍ വരാന്ന്” പറഞ്ഞ് മുത്തൂസ് മാലയും വളയൊക്കെ അഴിപ്പിച്ചു. എന്നിട്ടും കൃഷ്ണനെ ഓള് പിടിവിടുന്നില്ല. അതോള്‍ക്ക് മാണം.
‘പടച്ചോനേ, ഈ ഉണ്ണിക്കണ്ണന്‍ ഞമ്മളെ പാത്തൂനെ വളച്ചല്ലോന്നും’ പറഞ്ഞ് മുത്തൂസ് പാത്തൂന്റെ പിടി വിടീക്കാന്‍ നോക്കിയിട്ടൊന്നും ഒരു രക്ഷയും ഇല്ല. ഓള് അട്ട ഒട്ടിയ പോലെ കൃഷ്ണവിഗ്രഹവും പിടിച്ച് നില്‍ക്കാണ്.
അവസാനം ”കൊണ്ട് പൊയ്‌ക്കോ, ഓളൊറങ്ങീട്ട് ഞാന്‍ വന്ന് കൃഷ്ണനെ എട്‌ത്തോളാന്ന്’ പറഞ്ഞ് ശാരദേച്ചി രണ്ടാളേം പറഞ്ഞയച്ചു.
കുറച്ച് കഴിഞ്ഞ് കൃഷ്ണനെ എടുക്കാന്‍ വന്ന ശാരദേച്ചി ,
കൃഷ്ണനേയും കെട്ടിപിടിച്ചുറങ്ങുന്ന പാത്തൂനെ കണ്ടപ്പോ ഇനി ഓളുണര്‍ന്ന് കരഞ്ഞാലോന്ന് വിജാരിച്ച് ഓളേന്ന് കൃഷ്ണനെ എടുക്കാനും തോന്നിയില്ല.
എന്താപ്പോ ചെയ്യാ. കൃഷ്ണനില്ലാതെ എങ്ങനാപ്പോ കണിയൊരുക്കുക എന്നാലോചിച്ചിരിക്കുമ്പോഴാണ് പൊതുവെ ട്യൂബ് ലൈറ്റായ ഞമ്മളെ ബീവി മുത്തൂസിന്റെ തലയില്‍ പെട്ടെന്ന് കത്തിയ ഐഡിയയില്‍ ശാരദേച്ചി നല്ലൊരുഗ്രന്‍ കണിയൊരുക്കാന്‍ തീരുമാനിച്ചത്.
അതിരാവിലെ എണീറ്റ് കണി കാണാന്‍ വന്ന സത്യേട്ടനും മക്കളും കണ്ണ് തുറന്ന് നോക്കിയപ്പോ ധാന്യം നിറച്ച ഉരുളിയും നിലവിളക്കും പഴങ്ങളും പൂക്കളുമൊക്കെയായി ശ്രീകൃഷ്ണ ഭഗവാന്റെ കൂടെ ഞമ്മളെ കുഞ്ഞിപാത്തു നല്ല കുളൂസായിട്ട് ഉറങ്ങുന്നു.
അതുകണ്ട കുട്ടികളൊന്നായിട്ട് ന്റെ കൃഷ്ണാന്ന് പറഞ് ചിരിക്കാന്‍ തുടങ്ങി.
ഒച്ചപ്പാട് കേട്ട് കണ്ണ് തിരുമ്മി എണീറ്റ പാത്തൂന്റെ അന്തം വിട്ട് റിലേ പോയ നോട്ടം കണ്ട് സത്യേട്ടന്‍ വാരിയെടുത്തൊരുമ്മ കൊടുത്തു. നല്ല അഡാറ് വിഷുക്കണി. ആദ്യത്തെ വിഷുക്കൈനീട്ടവും ഓള്‍ക്കെന്നെ..
ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു നല്ല വര്‍ഷമാവട്ടെ ലെ.. ഞമ്മളെ കുഞ്ഞിപ്പാത്തൂനോടിത്രയൊക്കെയല്ലേ പറ്റൂ…

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar