റിയാലിറ്റി ക്വിസ് ഷോ അവതാരകന്‍ മാപ്പു പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്.

മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുന്നത് തടയാന്‍ നൃത്തം ചെയ്യിച്ച് തോല്‍പ്പിച്ചുവെന്നാരോപിക്കപ്പെട്ട പ്രമുഖ വിനോദ ചാനലിന്റെ റിയാലിറ്റി ക്വിസ് ഷോ അവതാരകന്‍ മാപ്പു പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ‘വഴിവിട്ട’ കളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിന്നാലെയാണിതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവതാരകന്‍ മാപ്പു പറയുകയും പെണ്‍കുട്ടിക്ക് ഇനിയും മത്സരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വിസ് പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കു നേരെ, പരിപാടിയുടെ ഭാഗമായ മെഷീനില്‍ നിന്ന് നൃത്തം ചെയ്യാനുള്ള നിര്‍ദേശം ലഭിച്ചതും നൃത്തം നന്നായില്ലെന്നു കാണിച്ച് പുറത്താക്കിയതുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശന വിധേയമായത്. വിവാദങ്ങളില്‍ നിന്ന് തടിയൂരുന്നതിന് പെണ്‍കുട്ടിയെ തിരിച്ചു കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് വിവരം.

എന്നാല്‍ ഇതുസംബന്ധിച്ച് ചാനല്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം പുറത്തുവന്നതോടെ ചാനല്‍ അവതാരകന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ രൂക്ഷ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചിരുന്നു. പെട്ടെന്നു പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലുമില്ലാതെ വിജയിച്ചു കയറിയപ്പോഴാണ് ചാനലധികൃതര്‍ ഇത്തരമൊരു നീക്കം നടത്തി പുറത്താക്കിയതെന്ന് ചാനല്‍ പ്രേക്ഷകര്‍ പറയുന്നു. ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം രൂപ കിട്ടിയാല്‍ അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് ലൈന്‍ എടുക്കുകയോ അവസാന ചോദ്യത്തില്‍ നിന്ന് പിന്മാറുകയോ ചെയ്താലും ഒരു ലക്ഷം രൂപ കൊടുക്കേണ്ടി വരുമെന്നതാണ് ഇത്തരമൊരു കൃത്യത്തിന് ചാനല്‍ അധികാരികളെ പ്രേരിപ്പിച്ചത്. ഓരോ എപ്പിസോഡിലും പരമാവധി സമ്മാന തുക സംബന്ധിച്ച് നേരത്തെ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. ഇതു പ്രകാരമാണ് പെണ്‍കുട്ടിയെ പുറത്താക്കിയതെന്നാണ് ആക്ഷേപം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar