മുനവ്വറലി ശിഹാബ് തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.

ഷാര്‍ജ: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എന്നും ജനങ്ങള്‍ക്ക് നടുവില്‍ സമയം ചെലവഴിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ എഴുതിയ പുസ്തകമാണിത്.
ഷാര്‍ജ ഔഖാഫ് ഇസ്ലാമിക കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ഖാസിമി പി കെ കുഞ്ഞാലിക്കുട്ടി എം പിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം കെ മുനീര്‍ എം എല്‍ എ, എം പി അബ്ദുസ്സമദ് സമദാനി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ഡോ. പി എ ഇബ്‌റാഹീം ഹാജി, ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, ഇബ്‌റാഹീം എളേറ്റില്‍, യഹ്യ തളങ്കര, മോഹന്‍ കുമാര്‍, പൊട്ടക്കണ്ടി അബ്ദുല്ല, ഡോ. അന്‍വര്‍ അമീന്‍, അഹ്മദ് കുട്ടി ഉണ്ണികുളം, പി കെ അന്‍വര്‍ നഹ, ടി കെ അബ്ദുല്‍ ഹമീദ്, ഇബ്‌റാഹീം മുറിച്ചാണ്ടി, അബ്ദുല്ല മല്ലച്ചേരി, പൊയില്‍ അബ്ദുല്ല, റിയാസ് ചേലേരി, യു അബ്ദുല്ല ഫാറൂഖി, അഡ്വ. മുഹമ്മദ് ഗസ്സാലി, അബ്ദുസ്സമദ് സാബീല്‍, ബഷീര്‍ വെള്ളിക്കോത്ത്, സി കെ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങള്‍ കുടുംബം ഒന്നാകെ ശ്രമിച്ചിട്ടും ശിഹാബ് തങ്ങള്‍ ഒറ്റക്ക് നിര്‍വഹിച്ച ദൗത്യങ്ങളുടെ പകുതി പോലും ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാകുന്നില്ല, മുനവ്വറലി തങ്ങള്‍ പറഞ്ഞു. സ്നേഹ നിധിയും വഴികാട്ടിയുമായ പിതാവിനോടൊപ്പമുള്ള ഒരു പാട് കാലത്തെ ഓര്‍മകളും അനുഭവങ്ങളും കുറിച്ചിട്ടതാണ് ‘പ്രിയപ്പെട്ട ബാപ്പ’. ശിഹാബ് തങ്ങളെ കുറിച്ച് ഏറെ പേര്‍ എഴുതുകയും പറയുകയും പാടുകയും ചെയ്തിട്ടുണ്ടെങ്കിലും കുടുംബത്തില്‍ നിന്നും ശിഹാബ് തങ്ങളെ കുറിച്ചുള്ള പുസ്തക രചന ഇതാദ്യമാണ്. പിതാവ് പകര്‍ന്നു നല്‍കിയ അനുഭവങ്ങളുടെ പാഠമാണ് കൊടപ്പനക്കല്‍ തറവാടിനെ ഇന്നും നയിക്കുന്നത്. വ്യക്തിയെന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ ലഭിച്ചപ്പോഴും എല്ലാവരെയും ഒരുപോലെ കാണുകയും അതില്‍ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരുടെ വേദനകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തു അദ്ദേഹം, മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
0 Comments