വാഗമൺ സിമി ക്യാംപ്; 18 പ്രതികൾക്കും ഏഴ് വർഷം കഠിനതടവ്

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ 18 പ്രതികള്‍ക്കും 7 വര്‍ഷം  കഠിന തടവ്. വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയുടെ (സിമി) നേതൃത്വത്തില്‍ രഹസ്യ ക്യാമ്പ് സംഘടിപ്പിച്ച കേസിലെ നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ക്കാണ് ശിക്ഷ. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 25,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. ഇവരുടെ റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ 18 പ്രതികളും കുറ്റക്കാരാണെന്ന്  എന്‍ഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി ഡോ.കൗസര്‍ എടപ്പഗത്ത് വിധി പ്രസ്താവിച്ചത്.  യു.എ.പി.എ 10, 38 വകുപ്പുകള്‍ (നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക, നിരോധിത സംഘടനയില്‍ അംഗമാവുക), സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് സ്‌ഫോടക വസ്തു നിയമത്തിലെ നാലാം വകുപ്പ്, ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.

കോട്ടയം ഈരാറ്റുപേട്ട പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി , ഷാദുലിയുടെ സഹോദരന്‍ പി.എ. ഷിബിലി, ആലുവ ഉളിയന്നൂര്‍ പെരുന്തേലില്‍ മുഹമ്മദ് അന്‍സാര്‍ നദ്വി, പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ എന്ന മന്‍സൂര്‍ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മലയാളികള്‍. കേസില്‍ വിചാരണ നേരിട്ട 38 പ്രതികളില്‍ മറ്റ് 17 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar