ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും അഭയ കേസില്‍ ജീവപര്യന്തം

രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കണം

തിരുവനന്തപുരം: 29 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അഭയ കൊലക്കേസില്‍ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം. വൈകിയെത്തിയ നീതി സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയുമാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് വിധിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തിന് കൂട്ടു നിന്നതിന് ജീവപര്യന്തവും 5 ലക്ഷം രൂപയുമാണ് ശിക്ഷ. തെളിവു നശിപ്പിക്കലിന് ഇരുവര്‍ക്കും ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. കൊലപാതക കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കൊലപാതകം (വകുപ്പ് 302), രാത്രിയുള്ള ഭവന കൈയേറ്റം (449), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോയ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാദര്‍ കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഭയവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണു പ്രോസിക്യൂഷന്റെ മറുപടി.
കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. കോടതിമുറിയില്‍ വാദങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്റ്റര്‍ സ്റ്റെഫി.
ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് അഭയ കേസില്‍ കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിധി പ്രസ്താവിച്ചത്. സി.ബി.ഐ കുറ്റപത്രത്തിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.
കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിനെയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ ഫോര്‍ട്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി.
കോട്ടയം ബി.സി.എം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹമരണത്തിനാണ് കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്. 28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
കേസ് ഏറ്റെടുത്ത സി.ബി.ഐ അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജികളെ തുടര്‍ന്ന് കോടതികളുടെ ഇടപെടലിന്റെ ഒടുവിലാണ് വൈദികരേയും കന്യാസ്ത്രീയേയും പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതും അറസ്റ്റു നടന്നതും.
നിരന്തരമായി പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar