അവാര്‍ഡ് സത്യന് സമര്‍പ്പിക്കുന്നു.ജയ സൂര്യ


കൊച്ചി: ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ് ലഭിച്ചതില്‍ ഒട്ടേറെ സന്തോഷഷമുണ്ടെന്നും ഈ അവാര്‍ഡ് അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സത്യന്റെ കുടുംബത്തിനും ഞാന്‍ മേരിക്കുട്ടിയില്‍ അവതരിപ്പിച്ച കഥാപാത്രമായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനും സമര്‍പ്പിക്കുന്നതായി നടന്‍ ജയസൂര്യ പറഞ്ഞു. ഫുട്‌ബോള്‍ മേഖലയില്‍ നിന്നും വി.പി സത്യന് ലഭിക്കേണ്ടിയിരുന്ന ബഹുമതി തന്നെയാണ് തനിക്ക് മറ്റൊരു രൂപത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ മേഖലയില്‍ നിന്നും വേണ്ടത്ര രീതിയിലുള്ള അംഗീകാരമൊ ബഹുമതിയോ വി.പി സത്യന് ജീവിച്ചിരുന്ന കാലത്ത് ലഭിച്ചിരുന്നില്ല.ക്യാപ്റ്റന്‍ എന്ന സിനിമ കൊണ്ട് വി.പി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയെ ഈ തലമുറയക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. സംവിധായകന്‍ പ്രജേഷ് ഒട്ടേറെ തയാറെടുപ്പുകള്‍ നടത്തിയാണ് സിനിമ ചെയ്തത്. അദ്ദേഹത്തിനും താന്‍ നന്ദി പറയുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് പ്രാധാന്യം നല്‍കി ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം താനും സംവിധായകന്‍ രഞ്ജിത് ശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.്‌വ്യക്തമായ ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ സമ്മാനിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.കഴിഞ്ഞ രണ്ടു മൂന്നു തവണ തനിക്ക് അവാര്‍ഡുകള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടിരുന്നു. അതില്‍ തനിക്ക് വിഷമുണ്ടായിരുന്നില്ല.ഇത്തവണയും തന്നോട് സുഹൃത്തുക്കളും മറ്റും അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നു അപ്പോഴും താന്‍ വലിയ പ്രതീക്ഷയൊന്നും നല്‍കിയിരുന്നില്ല.കാരണം അവസാന നിമിഷം ചിലപ്പോള്‍ മാറിപ്പോയെന്നു വരാം. ഇതെല്ലാം ഒരു ഭാഗ്യമാണ്. തനിക്കൊപ്പം അവാര്‍ഡ് ലഭിച്ച സൗബിനും മികച്ച നടന്‍ തന്നെയാണെന്നും ചോദ്യത്തിന് മറുപടിയായി ജയസൂര്യ പറഞ്ഞു. അവാര്‍ഡ് അടിപൊളിയെന്ന് നടന്‍ ജയസൂര്യക്കൊപ്പം അവാര്‍ഡ് പങ്കിട്ട നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ഈ അവാര്‍ഡ് തന്റെ ബാപ്പയ്ക്ക് തന്നെയാണ് താന്‍ സമര്‍പ്പിക്കുന്നത്. അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് ലഭിച്ചതില്‍ ഒട്ടേറെ സന്തോഷമുണ്ടെന്നും സൗബിന്‍ ഷാഹിര്‍ പറഞ്ഞു.സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയ്ക്ക് കൂടുതല്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്.സുഹൃത്തുക്കള്‍ മാത്രം ചേര്‍ന്ന് കുറഞ്ഞ ചിലവില്‍ ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.അതിന് ഇത്രയും അവാര്‍ഡ് ലഭിക്കുകയെന്നു പറയുന്നത് തന്നെ വലിയ കാര്യമാണെന്നും സൗബിന്‍ പറഞ്ഞു.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഫുട്‌ബോള്‍ ടീം മാനേജര്‍ മജീദ് എന്ന കഥാപാത്രമാണ് സൗബിന്‍ ഷാഹിര്‍ അഭിനയിച്ചത്.മോഹന്‍ലാല്‍ അടക്കമുള്ള മുന്‍നിര ചിത്രങ്ങളെ പിന്നിലാക്കിയാണ് ജയസൂര്യയും സൗബിനും അവാര്‍ഡ് സ്വന്തമാക്കിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar