വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്കു സ്വര്‍ണം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്കു സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ രാഹി ജീവന്‍ സര്‍ണോബത്താണ് സ്വര്‍ണം നേടിയത്.

ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ നാലു സ്വര്‍ണം നേടി. നാലു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ഏഴാം സ്ഥാനത്താണ്.

മൂന്നാം ദിനം അഞ്ച് മെഡല്‍, ഷൂട്ടിങില്‍ സൗരഭ് ചൗധരിക്ക് സ്വര്‍ണം

 

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനം അഞ്ച് മെഡലുകള്‍ നേടി ഇന്ത്യ കുതിപ്പ് തുടരുന്നു. ഗെയിംസിന്റെ മൂന്നാം ദിനം ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഷൂട്ടിങ്ങിലൂടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരിയാണ് ഇന്ത്യക്ക് മൂന്നാം സ്വര്‍ണം സമ്മാനിച്ചത്.
ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടി ചൗധരി വിസ്മയിപ്പിച്ചു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി. 240.7 പോയിന്റോട് പല ലോക ചാംപ്യന്മാരെയും പിന്തള്ളിയാണ് സൗരഭിന്റെ സുവര്‍ണ്ണ നേട്ടം. 240.7 പോയിന്റ് വഴി പുതിയ ഗെയിംസ് റെക്കോര്‍ഡും സൗരഭ് സ്വന്തമാക്കി. 139.7 പോയിന്റുമായി ജപ്പാന്റെ തൊമൊയുകി മാറ്റ്‌സുഡയാണ് വെള്ളി നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ 219.3 പോയിന്റ് നേടി.
ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ മൂന്ന് സ്വര്‍ണം നേടി. നേരത്തെ നേടിയ രണ്ടു സ്വര്‍ണവും ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രങ് പൂനിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. ഗെയിംസിന്റെ മൂന്നാം ദിനം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സഞ്ജീവ് രജ്പുത്തിലൂടെയാണ് ഇന്ത്യ വെള്ളിമെഡല്‍ നേടിയത്. ഈ ഇനത്തില്‍ ചൈനയുടെ ഹുയി ഷിന്‍ചെങ് സ്വര്‍ണവും ജപ്പാന്റെ മാത്‌സുമോട്ടോ വെങ്കലവും കരസ്ഥമാക്കി.
സെപാക്താക്രോയില്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടി. വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്റ്റൈലില്‍ ദിവ്യ കക്‌റാനാണ് ഇന്ത്യക്ക് മൂന്നാം ദിനം മറ്റൊരു വെങ്കലം നേടിക്കൊടുത്തത്. ചൈനീസ് തായ്‌പേയ് താരം ചെന്‍ വെന്‍ലിങ്ങിനെ പരാജയപ്പെടുത്തിയാണ് ദിവ്യ കക്‌റാന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ ചൈനയുടെ ഫെങ് സൂ സ്വര്‍ണവും മംഗോളിയയുടെ ഷാര്‍ക്കു വെള്ളിയും നേടി.

കബഡിയില്‍ മുന്നോട്ട്

 

കബഡിയില്‍ പുരുഷ – വനിതാ ടീമിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരവും ജയം കുറിച്ചതോടെ ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. ഇന്തോനേഷ്യയെ 54-22 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി ഗ്രൂപ്പ് എയിലെ തങ്ങളുടെ പടയോട്ടം അവസാനിപ്പിച്ചു.
ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ പുരുഷ കബഡി സംഘം ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ തായ്‌ലന്റിനെ തകര്‍ത്തു. 49-30 എന്ന സ്‌കോറിനാണ് ഇന്ത്യ തായ്‌ലന്റിനെ പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് ഇന്ത്യ നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

 

ടെന്നിസിലും ഇന്ത്യന്‍ കുതിപ്പ്

 

ടെന്നിസ് വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌നയുടെ മുന്നേറ്റം. ഇന്ന് നടന്ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്‍ താരത്തിനെതിരേ നേരിട്ടുള്ള സെറ്റുകളിലാണ് റെയ്‌ന വിജയം ഉറപ്പാക്കിയത്. ജപ്പാന്റെ ഇരി ഹൊസൂമിയെ 6-1, 6-2 എന്ന സ്‌കോറിനാണ് അങ്കിത പരാജയപ്പെടുത്തിയത്. ഇതോടെ സിംഗിള്‍സ് വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുവാന്‍ താരത്തിനായി.
പുരുഷ വിഭാഗം ഡബിള്‍സില്‍ ബൊപ്പണ്ണ- ദിവിജ് സഖ്യം പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ (6-3, 6-3). പുരുഷ ഡബിള്‍സില്‍ സുമിത് നാഗല്‍ – രാമാനന്ദന്‍ സഖ്യവും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
മികസഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ – അങ്കിത റെയ്‌ന സഖ്യത്തിനും വിജയം. ജപ്പാന്‍ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 6-3, 2-6, 9-11 എന്ന സ്‌കോറിനാണ് വിജയം.

നീന്തലില്‍ വിര്‍ഥവാള്‍ ഖാഡെക്ക് നാലാം സ്ഥാനം

 

നീന്തലില്‍ ഇന്ത്യന്‍ താരം വിര്‍ഥവാള്‍ ഖാഡെ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ കാറ്റഗറിയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ഫൈനലില്‍ കടന്നെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഹീറ്റ്‌സില്‍ 22.43 സെക്കന്റില്‍ ഫിനിഷ് ചെയ്ത വിര്‍ഥവാള്‍ ഖാഡെ ഫൈനലില്‍ 22.47 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 22.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചൈനയുടെ ഹെസിന്‍ യു ആണ് ഗോള്‍ഡ് മെഡല്‍ നേടിയത്. ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് വിര്‍ഥവാളിന് വെങ്കലം നഷ്ടമായത്. 22.46 ല്‍ ഫിനിഷ് ചെയ്ത ഷുനിച്ചി നക്കാവോ വെങ്കലം നേടി.
ജപ്പാനില്‍ വച്ച് നടന്ന ചാംപ്യന്‍ഷിപ്പില്‍ വിര്‍ഥവാള്‍ ഖാഡെയുടെ തന്നെ 22.52 സെക്കന്റസ് എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. മഹാരാഷ്ട്രയില്‍ തഹസില്‍ദാരായി ജോലി നോക്കുന്ന വിര്‍ഥവാള്‍ ഖാഡെ നാല് വര്‍ഷത്തേക്ക് നീന്തലില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് ശക്തമായി കളത്തില്‍ തിരിച്ചിറങ്ങിയത്

.

വോളിബോളില്‍ തോല്‍വി

 

വോളിബോളില്‍ ഇന്ത്യന്‍ വനിതകള്‍ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യ ഇന്നലെ വിയറ്റ്‌നാമിനോടാണ് ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍വിയറിഞ്ഞത്. രണ്ട് മത്സരങ്ങളിലും തോറ്റതോടെ പൂള്‍ ബിയില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളൂ. നാളെ കസാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

ബീനാ സുബൈറും സംഘവും ജക്കാര്‍ത്തയിലേക്ക്

 

ആലപ്പുഴ : ബീനാ സുബൈര്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും. ഇന്ത്യന്‍ തുഴച്ചില്‍ ടീമിന്റെ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് ബീന . മുന്‍ അന്താരാഷ്ട്ര കനോയിങ് താരവും ജി. വി രാജ അവാര്‍ഡ് ജേതാവുമാണ്. ഭര്‍ത്താവ് കെ.എസ് റെജി മുന്‍ അന്താരാഷ്ട്ര കനോയിങ് താരവും ഇന്ത്യന്‍ ട്രാഗണ്‍ ബോട്ട് ഫെഡറേഷന്‍ സെക്രട്ടറി ജനറലുമാണ്. ടീം ഇന്ന് യാത്രതിരിക്കും.

 

സെപാക്താക്രോയില്‍ ചരിത്രമെഴുതി പുരുഷ ടീം

ജക്കാര്‍ത്ത: ചരിത്രത്തിലാദ്യമായി സെപാക്താക്രോയില്‍ മെഡല്‍ നേടി ഇന്ത്യ അവിസ്മരണീയ നേട്ടം കൊയ്തു. പുരുഷ ടീമാണ് രാജ്യത്തിന് ആദ്യമായി ഈയിനത്തില്‍ വെങ്കലം സമ്മാനിച്ചത്.
സെമി ഫൈനലില്‍ തായ്‌ലന്റിനോട് 2-0ത്തിനു തോറ്റെങ്കിലും സെപാക്താക്രോയില്‍ കന്നി മെഡലെന്ന ഇന്ത്യയുടെ സ്വപ്നം ഇത്തവണ പൂവണിഞ്ഞു. ആദ്യ മത്സരത്തില്‍ ഇറാനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. 21-16, 19-21, 21-17 എന്ന സ്‌കോറിന് ഇറാനെ ഇന്ത്യ മറികടക്കുകയായിരുന്നു.
രണ്ടാമത്തെ കളിയില്‍ ഇന്തോനേഷ്യയോട് തോറ്റെങ്കിലും ഇന്ത്യയുടെ സെമി പ്രവേശനത്തിനു ഇതു തടസ്സമായില്ല. വോളിബോളുമായി സാമ്യമുള്ള കളിയാണ് സെപാക്താക്രോ. കാല്‍, തല, കാല്‍മുട്ട്, നെഞ്ച് എന്നിവയെല്ലാം താരത്തിന് കളിയില്‍ ഉപയോഗിക്കാം. എന്നാല്‍ കൈ കൊണ്ട് പന്ത് തൊടാന്‍ നിയമം അനുവദിക്കുന്നില്ല.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar