സുരേഷ് ഗോപി താങ്കള്‍ തോല്‍്ക്കണം, കാരണം താങ്കള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം ക്രൂരതയുടേതാണ്. ശ്രീജ നെയ്യാറ്റിന്‍കര


പൂര്‍ണ്ണ ഗര്‍ഭിണിയുടെ നിറവയര്‍ തൊട്ടനുഗ്രഹിച്ച സുരേഷ് ഗോപിക്ക് ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലായി മാറി. എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി താങ്കള്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്നണ് ശ്രീജ ആവശ്യപ്പെടുന്നത്. താങ്കളോട് ഇഷ്ട്ടമാണ് പക്ഷെ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രം വെറുപ്പിന്റെതാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജ ചോദ്യ ശരങ്ങള്‍ ഉയര്‍ത്തുന്നത്.സുരേഷ് ഗോപീ താങ്കള്‍ ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈവച്ച് ഇലക്ഷന്‍ പ്രചാരണം നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കള്‍ക്കറിയുമോ ഭയമാണ്…നിറഞ്ഞ ഭയം… കാരണം താങ്കള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം അത്രമേല്‍ ക്രൂരമാണ്..താങ്കള്‍ ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ ഞങ്ങള്‍ ഓര്‍ത്തത് ബല്‍ക്കീസ് ബാനുവിനെയാണ്….നിറ വയറില്‍ നിന്ന് താങ്കളുടെ പാര്‍ട്ടിക്കാര്‍ ശൂലമുനയില്‍ കോര്‍ത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെയാണ്….കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഞങ്ങളോര്‍ത്തു … ഇങ്ങനെ പോവുന്ന ചോദ്യങ്ങള്‍ ശ്രീജയില്‍ നിന്നും നേരിടേണ്ടി വന്നതോടെ സുരേഷ് ഗോപി തന്നെ ഉത്തരം കിട്ടാതെ പതറുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവായ ശ്രീജ നെയ്യാറ്റിന്‍കരയുടെ പോസ്റ്റ് ബി.ജെ.പിക്ക് തന്നെ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ എത്തി നില്‍ക്കേ ഗുജറാത്ത് വംശ ബത്യ അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാരില്‍ എത്തിക്കാന്‍ ഈ പോസ്റ്റ് വഴിവെട്ടതാണ് എന്‍ ഡി എയെ തളര്‍ത്തുന്നത്. ഗോ മാംസത്തിന്റെ പേരില്‍ നടന്ന ആള്‍കൂട്ട അക്രമം വരെ നീളുന്ന പോസ്റ്റ് സുരേഷ് ഗോപിക്കും ബിജെപിക്കും നല്‍കിയ പ്രഹരം ചെറുതല്ല. സുരേഷ് ഗോപി താങ്കള്‍ തോല്‍ക്കണം എന്നു തന്നെ പറഞ്ഞുകൊണ്ടവസാനിക്കുന്ന പോസ്റ്റ് എന്‍ ഡി എയെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..

ഗര്‍ഭിണിയുടെ നിറവയര്‍ തൊട്ടു ഇലക്ഷന്‍ പ്രചാരണം നടത്തിയ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..
ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,
സംഘ് പരിവാര്‍ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കള്‍ ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈവച്ച് ഇലക്ഷന്‍ പ്രചാരണം നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കള്‍ക്കറിയുമോ ഭയമാണ്…നിറഞ്ഞ ഭയം… കാരണം താങ്കള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം അത്രമേല്‍ ക്രൂരമാണ് ..
താങ്കള്‍ ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ ഞങ്ങള്‍ ഓര്‍ത്തത് ബല്‍ക്കീസ് ബാനുവിനെയാണ്….നിറ വയറില്‍ നിന്ന് താങ്കളുടെ പാര്‍ട്ടിക്കാര്‍ ശൂലമുനയില്‍ കോര്‍ത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെയാണ്….
കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഞങ്ങളോര്‍ത്തു … സുരേഷ് ഗോപീ മകള്‍ നഷ്ടപ്പെട്ടുപോയ ഒരച്ഛനാണ് താങ്കള്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു പോയിട്ടും ആ മകളെ ഓര്‍ത്ത് താങ്കള്‍ ഇപ്പോഴും കരായാറുണ്ടെന്ന് ഈയിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു… പുത്രദുഃഖം പേറുന്ന താങ്കള്‍ ഇന്ന് ചവിട്ടി നിന്ന് ജയിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മുസ്ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്വയിലെ ആ പിഞ്ചു പെണ്‍കുട്ടിയോട് ചെയ്തത് എന്താണെന്ന് താങ്കള്‍ക്കറിയുമോ? കുതിരയെ പുല്ലു തീറ്റിക്കാന്‍ പോയ അവളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഒരിറ്റ് ദാഹജലം പോലും നല്‍കാതെ ആ പൊന്നോമന കുഞ്ഞിനെ ദിവസങ്ങളോളം അമ്പലത്തിനുള്ളിലിട്ടു ക്രൂരമായി പീഡിപ്പിച്ചു ഒടുവില്‍ അവസാനത്തെ ശ്വാസത്തെ കല്ല് കൊണ്ട് തലയ്ക്കടിച്ചു ഇല്ലാതാക്കി കളഞ്ഞു… അപ്പോഴും അവളുടെ മാതാപിതാക്കള്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് മകളെ തേടി അലയുകയായിരുന്നു… ഒടുവില്‍ സംഭവം പുറത്തായപ്പോള്‍ പൊലീസിന് പ്രതികളെ അറസ്റ്റു ചെയ്യേണ്ടി വന്നു സുരേഷ് ഗോപീ താങ്കള്‍ക്കറിയുമോ ആ പ്രതികളെ രക്ഷിക്കാന്‍ മുന്നോട്ടു വന്നവര്‍ താങ്കളുടെ നേതാക്കള്‍ ആയിരുന്നു താങ്കള്‍ നിലകൊള്ളുന്ന നികൃഷ്ട പ്രസ്ഥാനത്തിന്റെ ജനപ്രതിനിധികളായിരുന്നു…. ആ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ മാതാപിതാക്കളോട് പെറ്റ വയറിനോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്…?
രാധികാ വെമുലയെ അറിയുമോ താങ്കള്‍? താങ്കളുടെ ഉള്ളില്‍ നുരപൊന്തുന്ന അതേ സവര്‍ണ്ണത ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ ഉള്ളില്‍ നുരപൊന്തിയപ്പോള്‍ ഇല്ലാതായിപ്പോയ രോഹിത് വെമുലയെ പെറ്റ വയറിന്റെ പേരാണത്… അഥവാ താങ്കള്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം കാരണം സ്വപ്നങ്ങള്‍ സകലതും ത്യജിച്ചു ജീവന്‍ കളയേണ്ടി വന്ന ആ മകന്റെ അമ്മയുടെ പേരാണ് രാധികാ വെമുല…
പെരുന്നാളുടുപ്പ് വാങ്ങാന്‍ പോയൊരു മകനെ കാത്തിരുന്ന ഉമ്മയെ അറിയാമോ സുരേഷ് ഗോപീ താങ്കള്‍ക്ക്…. ജുനൈദിന്റെ ഉമ്മയെ… താങ്കളുടെ പ്രസ്ഥാന അണികള്‍ ട്രെയിനുള്ളില്‍ നിന്ന് വലിച്ചിറക്കി കുത്തിക്കൊന്നുകളഞ്ഞു ആ കൗമാരക്കാരനെ… അവനെ പെറ്റ വയറിനോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
ഗോരഖ് പൂരിലെ ആശുപത്രിയില്‍ ബോധപൂര്‍വ്വം കൂട്ട ശിശുഹത്യ നടത്തിയ ഭരണകൂടത്തിന്റെ വക്താവാണ് താങ്കള്‍… ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളെ ഓര്‍ത്ത് ഹൃദയം പൊട്ടിക്കരയുന്ന പെറ്റ വയറുകളോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രാജ്യം മുഴുവന്‍ എന്റെ മകനെവിടെ എന്ന് കരഞ്ഞു നിലവിളിച്ചു അന്വേഷിച്ചു ഓടി നടക്കുന്ന പെറ്റ വയറിനെ സുരേഷ് ഗോപി കാണുന്നുണ്ടോ? നജീബിന്റെ ഉമ്മ…. താങ്കളുടെ പ്രസ്ഥാനം അപ്രത്യക്ഷമാക്കി കളഞ്ഞ നജീബിന് വേണ്ടി അലയുന്ന ആ പെറ്റ വയറിനു നല്‍കാന്‍ ഉത്തരം ഉണ്ടോ താങ്കള്‍ക്ക്?
ഇങ്ങു കേരളത്തില്‍ അങ്ങു വടക്ക് കാസര്‍ഗോട്ടൊരു പള്ളിയില്‍ ഉറങ്ങി കിടന്നൊരു ഉസ്താദിനെ താങ്കളുടെ പ്രസ്ഥാനക്കാര്‍ കഷ്ണം കഷ്ണമായി വെട്ടി നുറുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഉദരത്തിലൊരു കുഞ്ഞു ജീവന്‍ വളരുകയായിരുന്നു… പിതാവിന്റെ മുഖം പോലും കാണാന്‍ ആ കുഞ്ഞിനെ അനുവദിക്കാത്ത പ്രത്യയ ശാസ്ത്രത്തെ പുല്‍കുന്ന താങ്കള്‍ ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ കൈ വയ്ക്കുമ്പോള്‍ എങ്ങനെ ഭയക്കാതിരിക്കും സുരേഷ് ഗോപീ ഞങ്ങള്‍ താങ്കളെ?
മലപ്പുറം കൊടിഞ്ഞിയിലെ ജമീല എന്ന പെറ്റ വയറിനെ അറിയുമോ സുരേഷ് ഗോപീ താങ്കള്‍? .. ഫഹദ്, ഫായിസ്, ഫര്‍സാന ഫാത്തിമ എന്നീ മൂന്നു ബാല്യങ്ങളെ അറിയുമോ താങ്കള്‍ക്ക്? … ഫൈസല്‍ എന്നൊരു ചെറുപ്പക്കാരനെ പെറ്റ വയറാണ് ജമീല…. ഫൈസല്‍ ജന്മം നല്‍കിയ മക്കളാണ് ആ മൂന്നു കുരുന്നുകള്‍… പെറ്റ വയറിനു മകനേയും ആ മൂന്നു കുരുന്നുകള്‍ക്ക് പിതാവിനേയും നഷ്ടപ്പെടുത്തിയത് സുരേഷ് ഗോപീ താങ്കളുടെ പ്രസ്ഥാനമാണ്… നിരപരാധിയായ ഫൈസലെന്ന ചെറുപ്പക്കാരന്റെ മേല്‍ വെട്ടുകത്തി കൊണ്ട് മരണം വിധിച്ചത് സംഘ് പരിവാര്‍ ആണ് ആ പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ഗര്‍ഭിണിയുടെ ഉദരത്തിനടുത്ത് താങ്കള്‍ ചെന്നത് എങ്ങനെ ഭയക്കാതിരിക്കും സുരേഷ് ഗോപീ താങ്കളെ?

കുഞ്ഞുങ്ങള്‍ ജീവനാണെന്നു പറയുകയും എന്നാല്‍ കുഞ്ഞുങ്ങളെ നിര്‍ദാക്ഷണ്യം കൊന്നു തള്ളുകയും കുഞ്ഞുങ്ങളെ അനാഥരാക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരനായ സുരേഷ് ഗോപീ താങ്കള്‍ക്കറിയുമോ കാസര്‍ഗോട്ടെ മൂന്നു വയസുകാരനായ ഫഹദിനെ.?താങ്കളുടെ സഹപ്രവര്‍ത്തകയും കേരളത്തിലെ വിഷ സര്‍പ്പവുമായ ശശികലയുടെ പ്രസംഗം കേട്ടൊരു വര്‍ഗീയവാദി കൊന്നു തള്ളിയ മൂന്നു വയസ് മാത്രം പ്രായമുള്ള ഫഹദിനെ… അവനെ പെറ്റ വയറിനു മുന്നില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം ഉണ്ടോ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവനേ താങ്കള്‍ക്ക്?
എത്രയെത്ര പെറ്റ വയറുകളെ നിത്യമായ പുത്രദുഃഖത്തിലേക്കു വലിച്ചെറിഞ്ഞ സംഘ് പരിവാര്‍ എന്ന പ്രസ്ഥാനത്തിലാണ് താങ്കള്‍ നിലകൊള്ളുന്നത് എന്ന് താങ്കള്‍ക്കറിയാഞ്ഞിട്ടല്ലല്ലോ… അതുകൊണ്ടു തന്നെ താങ്കള്‍ ഗര്‍ഭിണികളുടെ, കുഞ്ഞുങ്ങളുടെ അടുത്തേക്ക് നീങ്ങുമ്പോള്‍ ബോധമുള്ള ജനത താങ്കളെ ഭയക്കും…
സുരേഷ് ഗോപീ താങ്കള്‍ വിജയിക്കേണ്ടവനല്ല പരാജയപ്പെടേണ്ടവനാണ് കാരണം താങ്കളുയര്‍ത്തുന്ന പ്രത്യയശാസ്ത്രം വംശഹത്യ പ്രത്യയശാസ്ത്രമാണ്.ഈ നാട്ടില്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി… ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി… അവര്‍ അനാഥരാകാതിരിക്കാനും കൊല്ലപ്പെടാതിരിക്കാനും വേണ്ടി.. പെണ്‍കുഞ്ഞുങ്ങളും അവരുടെ അമ്മമാരും ബലാല്‍സംഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി… അവര്‍ക്ക് ഈ നാട്ടില്‍ സാഹോദര്യത്തോടെ മതേതരമായി ജീവിക്കാന്‍ വേണ്ടി സുരേഷ് ഗോപീ താങ്കളുള്‍പ്പെടുന്ന ഒരൊറ്റ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും ഈ നവോത്ഥാന കേരളത്തില്‍ നിന്ന് വിജയിച്ചു പാര്‍ലമെന്റില്‍ എത്തരുത്…
താങ്കള്‍ക്ക് കനത്ത തോല്‍വി ആശംസിക്കുന്നു…

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar