ഉമൈബാ ..

ഫാത്തി സലീം……………….


ടപ്പറത്തെ സൂറയ്ത്താന്റെ പൊരക്ക് പോയിറ്റ് പറയണം നാളെ വെരുമ്പോ നൂറു മുട്ടന്റെ മാലേം അയിമ്പത് കല്ലുമ്മക്കായി പൊരിച്ചതും കൊണ്ടരാന്‍ .
കവുങ്ങില്‍ കെട്ടിയ ഊഞ്ഞാലില്‍ നീട്ടി വലിച്ചു ആടുമ്പോളാണ് മൂത്തുമ്മാന്റെ ആവശ്യം . കടപ്പുറത്ത് പോകാന്‍ ഉമൈബാക് വല്യ ഇഷ്ടമാണ് .
മൂത്തുമ്മാന്റെ മോള്‍ സാബിറ തിരുത്തി .
കല്ലുമുക്കായ അരി നെറച് പുയുങ്ങിയാ മതി . ഈടെ കൊണ്ടന്നിറ്റ് പൊരിക്ക .
ആയിക്കോട്ടെ എന്നര്‍ത്ഥത്തില്‍ തലയാട്ടി ഉമൈബ ഓടി . ചുറ്റുമുള്ള കൂട്ടുകാരോട് പറഞ്ഞു
ഉമ്മയും മോളും കളി ഞാന്‍ വന്നിറ്റ് കളിക്ക . ആരേലും വെരുന്നാ എന്റൊപരം ?അങ്ങനെ ചോദിച്ചെങ്കിലും ആരെയും അവള്‍ നിര്ബന്ധിച്ചില്ല .
ഒറ്റക് ആ വഴി നടക്കാനും മാത് കാണാനുമാണ് അവള്‍ക്കിഷ്ടം .
ഇറങ്ങി നടന്നു . ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വൈകുന്നേരത്തെ പാട്ട് തുടങ്ങി. ചുവന്ന കല്ല് കൊണ്ടുള്ള മതില്‍ . ഇടക് കാലിന്റെ വിരലുകള്‍ കുത്തി ഏന്തി അവള്‍ അമ്പലത്തിനുള്ളിലേക് നോക്കി . ഇല്ലിയെടുത് മെടഞ്ഞ മുടി വിടര്‍ത്തിയിട്ട് പട്ടു പാവാടേം ബ്ലൗസുമിട്ട പെണ്‍കുട്ടികളെ കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ കുശുമ്പ് .
തട്ടമിട്ടോണ്ടാ കാണാത്തെ .. എനിക്ക് ഇങ്ങളെ പോലെ തന്നെ നല്ല മുടിയിണ്ട് . ഇങ്ങനെ തട്ടവും ഇടാണ്ട് പാവാടേം ബ്ലൗസുമിട്ട് നടന്നാ എന്നെ കാണാന്‍ ഇങ്ങളെക്കാളും മൊഞ്ചും ഇണ്ടാകുന്ന് എനിക്കറിയ.
ചുണ്ടും കോട്ടി അവള്‍ ഓടി .
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ രവിയേട്ടന്റെ വീടും കഴിഞ് , രവിയേട്ടന്റെ ഏട്ടന്‍ ദാമോദരേട്ടന്റെ വീടും കഴിഞ് , മങ്ങലപൊരക്ക് കസേരയും പന്തലും വാടകക്ക് കൊടുക്കുന്ന മഹിമ പീടിക മൊതലാളി അഷ്‌റഫ്ക്കാന്റെ ഭാര്യവീടും കഴിഞ് അവള്‍ ഓടി .
പലിശക് പൈസ കൊടുക്കുന്ന ഔവ്വക്കര്‍ക്ക ഉജാല മുക്കിയ വെള്ള തുണിയും ഷര്‍ട്ടും ഇട്ട് ഇടവഴിയില്‍ നിക്കുന്നു . ഉമൈബാനെ നോക്കി അയാള്‍ ചിരിച്ചു .സ്വര്‍ണം കെട്ടിയ പല്ലു കാണിച്ചു . ഉമൈബ ചിരിച്ചില്ല . പണ്ട് അവള്‍ ചിരിക്കാറുണ്ടായിരുന്നു . സമീര്‍ത്ത പറഞ്ഞു അവളോട്
അയാള്‍ കടപ്പറത്തെ പാവപ്പെട്ട ആളോട് പൈസ കുറെ മേടിച്ചു കൊണ്ട് പോകും . അങ്ങനെ കെട്ടിയ പൊരയാ പോലും .
കടപ്പറത്തെ നിര നിരയായി കിടക്കുന്ന ഓല മേഞ്ഞ കുടിലുകളുടെ അപ്പുറത്തായി കുറച് വലുപ്പമുള്ള അയാളുടെ ഓടിട്ട വീട് . ഓറഞ്ച് പെയിന്റ് അടിച്ചിരിക്കുന്ന് മണ്ടന്‍ . ഒരു രസവുമില്ല . മുറ്റത്തു സൈക്കിളോടിക്കുന്ന ഔവക്കര്‍കാന്റെ മോനെ നോക്കി വല്യ രസഒന്നുയില്ല ഇന്റെ പൊര കാണാന്‍ എന്ന് വിളിച്ചു കൂവി അവള്‍ ഓടി.
മനസ്സില്‍ പറഞ്ഞോണ്ടിരുന്നു
നൂറ് മുട്ടന്റെ മാലയും അയിമ്പത് കല്ലുമ്മക്കായ നെറച്ചതും !
പുഴുങ്ങലരിയും തേങ്ങയും ചെറിയ ഉള്ളിയും പെരുംജീരകവും കൂടെ കുഴച് നീട്ടമ്മിയില്‍ അരക്കുന്നു സമീര്‍ത്ത . സൂറയിത്ത നീളമുള്ള ഒരു കത്തി കൊണ്ട് കല്ലുമ്മക്കായ എറന്നു അതിന്റെ ഉള്ളിലെ വെള്ള നൂല് പോലെ ഉള്ള എന്തോ ഒന്ന് പുറത്തേക്കെടുത് കളയുന്നു . അവരെ രണ്ട് പേരെയും മാറി മാറി നോക്കി ഉമൈബ.
മൂത്തുമ്മ ആട്ന്ന് പറയുമ്പത്തേക്കും ഇങ്ങള് ഈട്ന്ന് പണി തൊടങ്ങിയാ ?
ഇത് ഞമ്മക് ഇള്ളതാ .സമീര്‍ത്താന്റെ മറുപടി
ഇങ്ങക്കെല്ലാം എത്ര നല്ലതാ . എപ്പൊളും എപ്പൊളും കല്ലുമുക്കായ തിന്നൂടെ ?ഈടെ ഉള്ളോരല്ലേ കല്ലുമുക്കായ പറിക്കാന്‍ പോകുന്നെ ?ഉമൈബ അതിശയപ്പെട്ടു
മുന്നിലേക്കു വീണ പെങ്കുപ്പായത്തിന്റെ തട്ടം പിന്നോട്ടേകാക്കി മുടി ചുറ്റി വച്ച് സൂറയിത്ത.
ഇപ്പൊ കവിളിലുള്ള മറുക് തെളിഞ് കാണാം.
ഒരു ചെറിയ ചിരിയോടെ സൂറയിത്ത തുടര്‍ന്നു .
കാണുന്നോരു ബിചാരിക്കും എല്ലാ ദെവസോം കല്ലുമുക്കായ തിന്നാലോ, എന്താ ഖൊഷീന്ന്. കൂര്‍ത്ത കല്ലിന്റെയും പാറന്റെയും എടേല്‍ കെടന്നിറ്റിള്ള കളിയാ. ബര്‍ഷം ബന്നാ പിന്നെ അതുയില്ലാ . മക്കക് പടച്ചോന്‍ ആയുസ്സ് കൊടുക്കട്ടെ. പട്ടിണി കൂടാണ്ട് പോകാന്‍!
അവസാന ഭാഗം പറഞ്ഞപ്പോ സൂറയിത്താന്റെ ശബ്ദം ഇടറിയോ .
ഉമൈബ തിരിഞ് അരച്ച് കൊണ്ടൊരിക്കുന്ന സമീറത്താനെ നോക്കി.കുയ്യിള്ള ചെമ്പില്‍ എടുത്ത് വച്ച വെള്ളത്തില്‍ വലത് കൈ പത്തി മുക്കി കുറച്ചു വെള്ളം ഇപ്പറത്തെ കയ്യിലേക്ക് ആക്കി വീണ്ടും അരവ് തുടര്‍ന്നു .അമ്മികുട്ടിന്റെ വലത് ഭാഗം അല്പം ശോഷിച്ചാണിരിക്കുന്നത്.
സമീറാത്താ.. ഞാന്‍ അരക്കട്ടെ കൊര്‍ച് ?
ബേണ്ട മോളെ, വെരല് ചതയും.
വീടിന്റെ കോലായി സിമന്റ് വാര്‍ത്തിന് .
നീറായി പ്പറം ഓല മേഞ്ഞിറ്റ് ആയിരുന്നു.
മുള കെട്ടിയതിന്റെ എടേല്‍ ബ്രഷ്, പേസ്റ്റ്, പച്ച നിറത്തില്‍ ഒരു വട്ട ചീര്‍പ് ,ഒരു കുഞ്ഞു കണ്ണാടി, നീല പ്ലാസ്റ്റിക് ഫ്രെയിം.
അത് കയ്യിലെടുത് ഉമൈബ ചോദിച്ചു
ഇതാരതാ ?
അന്റെ ആങ്ങളന്റെ !
ഇത്താനെ കൂടാതെ രണ്ട് ആണ്‍മക്കള്‍ കൂടെ ഉണ്ട് സൂറയിത്താക്ക്.
ഉമൈബാന്റെ ഉമ്മ പറയുന്ന പോലെകുടീം വലീംഒന്നും ഇല്ലാത്ത മക്കള്‍ .
തക്കാരത്തിന്റെ ദിവസം രാവിലെ തന്നെ ഉമൈബ കടപ്പുറത് എത്തി . കല്ലിന്റപ്പറത്തെ സൂറയ്ത്താന്റാടെ.
തിളക്കുന്ന പഞ്ചസാര സീറിലേക് പ്ലാവിലന്റെ ഓട്ടയിലൂടെ മുട്ടന്റെ മഞ്ഞ കുരു പൊട്ടിച്ചു നൂല് പോലെ ആകൃതിയില്‍ ഒഴിച്ച് . ഒന്ന് വേവുമ്പത്തേക്കും സോപ്പിന്റെ പത പോലെ നുരഞ്ഞു പൊന്തുന്ന എണ്ണയില്‍ നിന്ന് ഈര്‍ക്കില്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചു കിടക്കുന്ന മഞ്ഞ മാല കോരിയെടുത്തു . എണ്ണ വാരാന്‍ വച്ചു.
കടും ചോപ്പ് കളറിലുള്ള നൈറ്റി നിലത്തു തട്ടാണ്ടിരിക്കാന്‍ അടിപാവാടന്റെ ഉള്ളിലേക്കു സമീര്‍ത്ത വലിച്ചു തിരുകി . ഉമൈബാന്റെ ഉമ്മ പറയുമ്പോലെ ചൊക്ലി കളറിലുള്ള നൈറ്റി. ഇളം നിറങ്ങളൊക്കെ ഉമ്മാക് ഇംഗ്ലീഷ് കളറാണ് . കടും നിറങ്ങള്‍, വല്യ പൂക്കള്‍, ഇതൊക്കെ ചൊക്ലി ഡിസൈനും.
മുറ്റത് കൂട്ടിയ അടുപ്പില്‍ അപ്പചെമ്പ് വച് സ്റ്റീല്‍ പ്‌ളേറ്റില്‍ നെയ്യ് തേച് മുട്ടന്റെ വെള്ളയും പാലും പഞ്ചസാര സീറും കൂട്ടിയത് ഒഴിച്ച് വച്ച് .
അകത്തേക്കു വിളിച്ച പറഞ്ഞു.
ഉമ്മാ ഇങ്ങള് കല്ലുമുക്കായ ഉമൈബാന്റെ കൈമല് കൊടുത്തയചേക്ക് .
ടിഷ്യു സില്‍ക്കിന്റെ പച്ച നിറത്തിലുള്ള ഉടുപ്പുമിട്ട് കല്ലുമുക്കായ ചെമ്പും കൊണ്ട് ഉമൈബ ഓടി.
ജില്ലികല്ലിന്റെ പടിയിലൂടെ ചാടിയിറങ്ങുമ്പോ മുന്നില്‍ സൂറയിത്താന്റെ മോന്‍ .
നീല കള്ളി ലുങ്കിയും കാപ്പി കളര്‍ ഷര്‍ട്ടും.
ഇവനാണോ കുടീം വലീം ഇല്ലാത്തോന്‍ .
പെണ്ണുങ്ങളെ പോലെ വല്യ കണ്ണും അതില്‍ നിറയെ പീലിയും, നേരിയ താടിയും മീശയും, ഉപ്പ് കാറ്റേറ് വാടിയ മുഖം .ഉമൈബാനെ കണ്ടതും നോട്ടം അവന്‍ വേറെ എവിടേക്കോ പറിച്ചു നട്ടു. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ മോളാന്ന് ഓനിക് അറിയാഞ്ഞിട്ടല്ല.
കാണാതെ പോലെ അഭിനയിക്കുന്നതാ.
ഖിബ്‌റന്‍ !
സമീറത്താന്റെ മങ്ങലത്തിന്റെ അന്നാണ് ഉമൈബ പിന്നെ അവനെ കണ്ടത് .കൂര്‍ത്ത ഹീലുള്ള ഷൂ ഇടണ്ട എന്ന് ഉമ്മ ഉപദേശിച്ചത് ഉമൈബ ചെവി കൊണ്ടില്ല. പക്ഷെ ഇപ്പൊ നല്ല എടങ്ങാറായി കടപ്പറത്തെ മണലില്‍ കുത്തി നടക്കാന്‍.
ഉമ്മാ, ഇത് കടപ്പിറമല്ലേ പിന്നെന്താ ഇങ്ങളോരെ കല്ലിന്റപ്പറത്തെ സൂര്‍ത്ത എന്ന് വിളിക്കുന്നെ?
അത് ഈ നെരക്കനെ കെടക്ക്ന്ന കുടില് കഴിഞ് കരിങ്കല്ലിന്റെ അപ്പറത്തല്ലേ അയിനകൊണ്ടാ കല്ലിന്റപ്പറത്തെ സൂറയിത്ത.
ഉമൈബാന്റെ മുന്നിലേക്കു വിളമ്പാന്‍ എത്തുന്നതിന്
മുന്‍പ് കോയിന്റെ മസാല തീര്‍ന്നു പോയി .ഉമൈബ വെള്ളിനെറമുള്ള പേപ്പര്‍ പ്ലെയിറ്റ് തിരിച്ചു നോക്കി. പിറകില്‍ ഫ്രൂട്ടിന്റെ പടം . ആരോ പറഞ്ഞു ഫ്രൂട്ടിന്റെ പാക്കറ്റ് പൊട്ടിച് അടിച്ചു പരത്തിയാണ് പോലും പ്ലെയിറ്റ് ഉണ്ടാകുന്നെ. രണ്ടാമത് ഇണ്ടാക്കിയ കോയി മസാല വെളബുന്നേരവും അവന്‍ ഉമൈബാനെ നോക്കിയില്ല. സ്വര്‍ണനിറത്തിലുള്ള കൂര്‍ത്ത ഷൂവും നോക്കീല.
ഉമൈബാന്റെ തൊട്ടപ്പറത് ഇരുന്ന കുഞ്ഞാഞുത കാശി മാല സാരി പ്ലീറ്റിന്റെ മോളിലേക് കൃത്യം എടുത്ത് വച്ച് കൊണ്ട് ചോദിച്ചു.
നല്ല മയകാലം അല്ലെ ബെരുന്നേ ? പെങ്ങളെ കെട്ടിച്ച കടം കൊറേ ഇണ്ടാ മോനേ ?
അവന്‍ ഒന്നും മിണ്ടീല. ഒന്നും ചിരിച്ചു. ഇപ്പോഴാണ് ഉമൈബ ശ്രദ്ധിച്ചത് . കണ്ണല്പം ചുവന്നു കിടക്കുന്നു. ഇളം ചുവപ്പ് .കല്യാണ ദിവസമായിട്ടും സാധാരണ ഡ്രസ്സ്. വിയര്‍പ്പില്‍ വെള്ളഷര്‍ട്ടിന്റെ പിറക് വശം നനഞ്ഞിരിക്കുന്നു .ഉള്ളിലിട്ട കൈയില്ലാത്ത ബനിയന്‍ നിഴലടിച് കാണുന്നു .ബിരിയാണി തളികയും പിടിച്ചു ഉമൈബ ഒഴിച് ബാക്കിഎല്ലാരോടും സൗമ്യനായി ചിരിച്ചു അവന്‍.
തിരിച് വരുമ്പോ സുഫൈജാന്റെ കൈ പിടിച്ചു കുത്തനെയുള്ള കല്‍പടികള്‍ ഇറങ്ങി.കോലായി മിനുക്കിയ സൂറയിത്താന്റെ വീട്ടിലേക് തിരിഞ് നോക്കി . കൂട്ടം കൂടി അവിടവിടെ നിക്കുന്ന പെണ്ണുങ്ങളും,ശാന്തനായി ഓടി നടന്ന് വിളമ്പുന്ന അവനും.ദൂരെ നിന്ന് നോക്കിയാലും അല്പം ചുവപ്പ് കലര്‍ന്ന ആ കണ്ണുകള്‍ അവള്‍ക് കാണാം.
എന്താ ഓന്റെ പേര് ?
ആ എനിക്കറീല. സുഫൈജ കൈ മലര്‍ത്തി .
എന്തായാലും ഔവ്വക്കര്‍ക്കാന്റെ മോന്റെ പേരിനെക്കാളും നല്ലതായിരിക്കും .
ഓന്റെ പേരെന്താ ?
സുഫൈജ ചോദിച്ചു
ആ.. എനിക്കറീല. ഉമൈബ സങ്കടപ്പെട്ടു .
ഉമൈബ തിരിഞ് നോക്കി. ഇളം ചുവപ്പുള്ള വലിയ കണ്ണുകള്‍ അതിനിടയില്‍ അവളില്‍ നിന്ന് നോട്ടം മാറ്റി.കടപ്പറത്തെ ഉപ്പു കാറ്റേറ്റ് പായുമ്പോ ഉമൈബ അത് കണ്ടില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar