കുറ്റൂശ

ബഷീർ മുളിവയൽ……………………………………………………………………
ഫ്ളാറ്റിന്റെ ടൈല് പാകിയ മുറ്റത്ത് ഈന്തപ്പനയുടെയുടെയും ലില്ലി ചെടിയുടെയും ഇടയിൽ മഞ്ഞയും, വെള്ളയും പൂക്കളുള്ള വോഗൺവില്ല കൊണ്ട് കുട ചൂടിയ ഒരു മര ബെഞ്ചുണ്ട് ,
അനന്തതയിലേക്ക് കണ്ണു പായിച്ച് ആ ബെഞ്ചിൽ ഇരിക്കുകയാണ് ഫർസാൻ ,
” എന്താ ഫർസൂ പകൽക്കിനാവ് കാണുകയാ?
നീലാകാശ പന്തലിൽ മഴവിൽ കോടിയുടുത്ത് ഏത് ഹൂറിയാണവിടെ ഈ പുതിയാപ്ലയെ കാത്തിരിക്കുന്നത് ?
എന്റെ ചോദ്യം കേട്ട് അവൻ സ്വപനത്തിൽ നിന്ന് ഒന്ന് ഞെട്ടിയെന്ന് തോന്നി
പിന്നെ പുഞ്ച പൊടിമീശയുള്ള തുടുത്ത മുഖം നാണത്തിന്റെ കുങ്കുമം വിതറി ഒന്ന് കൂടി ചുവന്നു
“പോ :ഇക്ക ഞാനതൊന്നുമല്ല സ്വപ്നം കണ്ടത് ,
നോക്കു. ആ ബിൽഡിംഗ് എത്ര പെട്ടെന്നാണവിടെ ഉയർന്നു വന്നത് ,
അവൻ എതിർ ദിശയിൽ അല്പം ദൂരെയായി ഉയരുന്ന കെട്ടിടം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു,
ശരിയാണ്
ഡ്രോയിംഗ് പേപ്പറിൽ ചിത്രകാരൻ ചിത്രം വരയുന്നത്ര എളുപ്പത്തിലാണ് ഈ മരുഭൂമിയിൽ കെട്ടിടങ്ങൾ ഉണ്ടാക്കപ്പെടുന്നത് ,
ഓരോ ദിനരാത്രങ്ങൾ കഴിയുമ്പോഴുംനിലകൾ ഉയർന്ന് ,ഉയർന്ന്എന്റെ കൺമുമ്പിൽ എത്രയെത്ര അംബരചുംബികൾ ജന്മമെടുത്തിട്ടുണ്ട്.
23 വർഷം മുൻപ് പ്രവാസത്തിന്റെ ആരംഭത്തിൽ ഞാൻ കണ്ട മരുഭൂമികളിൽ പലതും ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും, പാർപ്പിട സമുച്ചയങ്ങളും, ഷോപ്പിംഗ് മാളുകളുമൊക്കെയുള്ള വലിയ നഗരമായി പരണമിച്ചിരിക്കുന്നു.
” ഉം .. ഇവിടെ നമ്മുടെ നാട്ടിലെ പോലെയല്ലടാ സമയബന്ധിതമായി കൺസക്ഷൻ വർക്കുകൾ തീർക്കണം ഇവിടെ.
അത് പോട്ടെ
നീ വിഷയം മാറ്റാൻ നോക്കല്ലെ, നീ കണ്ട പകൽകിനാവും ആ കെട്ടിടവുമായി ബന്ധമൊന്നുമില്ല:
ഞാനവനെ ഒന്നിളക്കാൻ വേണ്ടി പറഞ്ഞു.
” ഉണ്ടിക്കാ എന്റെ സ്വപ്നത്തിലുമുണ്ടൊരു കൊട്ടാരം , അതിനെ പറ്റിയാ ഞാൻ ആലോചിച്ചത്.
“എന്താ -വീട് പണി തുടങ്ങിയോ?
പ്രവാസികളായ മലയാളികളിൽ 90% ത്തിന്റെ ചിന്തകളിലും വീട് എന്ന സ്വപ്നമായിരിക്കും എന്ന സാമാന്യ ബോധത്തിൽ ഊന്നി നിന്ന് ഞാൻ ചോദിച്ചു.
” എയ് ,തുടങ്ങിയിട്ടൊന്നുമില്ല. ,അതൊരു സ്വപ്നമാണ് ഞങ്ങൾക്ക് സ്വന്തമായൊരു വീട് ഉമ്മയെയും അനുജത്തിയെയും കൂട്ടി ആ വീട്ടിലേക്കൊരു മാറ്റം .
“ഫർസാനിപ്പോൾ വീടില്ലേ ?
” ഇല്ല”
അപ്പോൾ ഉമ്മയും ,ഉപ്പയുമൊക്കെ എവിടെയാ താമസം വാടക വീട്ടിലാണോ?
” ഞാൻ ചെറുതായിരിക്കുമ്പോൾ വാടക വീട്ടിലായിരുന്നു. അവിടെയുള്ളപ്പോഴാണെനിക്കൊരു അനിയത്തിയുണ്ടായത് ,
ഉപ്പ മരിച്ചപ്പോൾ മാമൻ എന്നെ യതീംഖാനയിലാക്കി ഉമ്മയെയും അനുജത്തിയും തറവാട്ടിലേക്ക് കുട്ടി കൊണ്ടുപോയി ,
ഗൾഫിൽ വരണമെന്നാഗ്രഹിച്ചത് തന്നെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണിക്കാ. എനിക്ക് ഉമ്മയെയും അനുജത്തിയെയും കൂട്ടി ഞങ്ങളുടെ വീട്ടിൽ ഒന്നിച്ച് താമസിക്കണം.”
വാക്കുകളുടെ അവസാനം അവന്റെ തൊണ്ട ഇടറിയത് എന്റെ കണ്ണുകളിലും നനവുണ്ടാക്കി.
“നീ പരിശ്രമിക്കടോ അതെല്ലാം ദൈവം സാധിപ്പിച്ച് തരും. ഞാനവന്റെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു
നിനക്കിപ്പോൾ ഒരു ജോലിയുണ്ടല്ലോ , അതിൽ നിന്ന് കിട്ടുന്ന വരുമാനം ശ്രദ്ധിച്ച് ഉപയോഗിക്കുക പിന്നെ ,നാട്ടിലുമിപ്പോൾ പഴയത് പോലെയല്ല,
വീട് വെക്കാൻ പഞ്ചായത്തിൽ നിന്നൊക്കെ സഹായങ്ങൾ ലഭിക്കുന്നുണ്ട്.
” അതൊക്കെ സ്ഥലമുള്ളവർക്കാണിക്കാ , ഞങ്ങൾക്ക് സ്ഥലമില്ല മാത്രവുമല്ല ഇപ്പോൾ ഞാനൊരു ഗൾഫ് കാരനല്ലെ; ആനുകൂല്യങ്ങൾക്കൊന്നും അർഹതയില്ലാത്തവൻ.
നാട്ടിലെ വികലമായ നയങ്ങളോടുള്ള പുച്ഛം നിഴലിച്ചിരുന്നു അവന്റെ വാക്കുകളിൽ,
.. അപ്പോൾ നിനക്കാദ്യം ഒരു വീടിന്റെ സ്ഥലം വാങ്ങണമല്ലെ !
മാമൻ മൂപ്പരുടെ സ്ഥലത്തിൽ നിന്ന് നാല് സെന്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.
പല കാരണങ്ങൾ കൊണ്ട്. ആളുകൾ വീടുണ്ടാക്കാൻ മടിക്കുന്ന ഒരു പറമ്പുണ്ട് മാമന് അതിൽ ഒരു വീട് വന്നാൽ ബാക്കി സ്ഥലം കൂടി വിൽക്കാമെന്ന പ്രതീക്ഷയിലാണ് മൂപ്പര്,
ആ സ്ഥലത്തീന്ന് മൂന്ന് സെന്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്
വീടൊക്കെ ഉണ്ടാക്കി താമസിച്ചതിന് ശേഷം സ്ഥലത്തിന് കാശ് കൊടുത്താൽ മതി “
– അത് ശരി എന്നാൽ പിന്നെന്താ,
നീ ഉടനെ തറ കെട്ടാനുള്ള ഏർപ്പാട് ചെയ്യരുതോ,
“തുടങ്ങണം ഇക്കയുടെയൊക്കെ സഹായമുണ്ടാകണം. ഒരു കുറി വച്ച് തുടങ്ങണമെന്നാണ് കരുതുന്നത്
ഒരു നറുക്കിനിക്ക ചേരില്ലേ?.
ചേർന്നകുറിയുടെ ഭാരം ബഡ്ജറ്റിനും മുകളിലുയർന്ന് തളർന്നിരിക്കുന്ന അവസ്ഥയിലാണെങ്കിലും .
അവന്റെ സ്വപ്ന ഭവനത്തിന് ഒരു പിന്തുണ എന്ന നിലക്ക് ഞാനുമന്ന് അവന്റെ കൂടെ ഒരു നറുക്കിന് ചേരാമെന്ന് സമ്മതം മൂളി.
കുറിയുടെ പയിസ വാങ്ങാൻ പിന്നീട് പത്ത് മാസവും അവൻ എന്നെ കാണാൻ വറുമായിരുന്നു. അപ്പൊഴെല്ലാം അവൻ വീടിനെ കുറിച്ച് മാത്രമാണെന്നോട് സംസാരിച്ചത്.
അവനെ പോലെ തന്നെ ഏറെ ആശിച്ച് ഒരു വീടുണ്ടാക്കിയ ഒരാൾ ആയത് കൊണ്ടാവണം. അവന്റെ വാക്കുകൾക്ക് ഞാൻ നന്നായി ചെവി കൊടുക്കും..
കുറി കഴിഞ്ഞതിന് ശേഷം അവനെ കാണുന്നതും കുറഞ്ഞു.
ഇപ്പോൾ. ഫ്ളാറ്റ് മുറ്റത്തെ മരബെഞ്ചിലും അവനിരിക്കാൻ വരാറില്ല
ശരിക്കും പറഞ്ഞാൽ ഫ്ലാറ്റിന്റെ ആ ബെഞ്ചിൽ നിന്നുള്ള പരിചയമേ എനിക്ക് അവനുമായുണ്ടായിരുന്നുള്ളു.
തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലെ ഏതോ കൗണ്ടറിലാണ് ജോലി എന്നും, നാട്ടിൽ താമരശേരിക്കടുത്താണ് വീട് എന്നും മാത്രംഅറിയാം.
ജോലിയുടെ ഇടവേളകളിൽ ഞങ്ങളുടെ ഫ്ളാറ്റ് മുറ്റത്തെ ബെഞ്ചിൽ വന്നിരിക്കുന്നത് അവന്റെ ശീലമായിരുന്നു.
വെറുതെ കിട്ടുന്ന സമയങ്ങളിൽ അവിടെ ഇരുന്ന് ഗൃഹാതുരത്വചിന്തകളെ ഉണർത്തി ഓർമ്മയുടെ പച്ചപ്പിൽ മേയാൻ വിടുന്നത് എനിക്കും ഏറെ ഇഷ്ടമാണ് അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്.
ദൃതിയിൽ എങ്ങോട്ടോ നടന്നു പോകുന്ന അവനെ പിന്നിൽ നിന്ന് വിളിച്ച് കാണാൻ കിട്ടാത്ത പരിഭവം ഒരിക്കൽ ഞാനറിയിച്ചു
” അയ്യോ ഇക്കാ.. ഞാൻ കണ്ടിരുന്നില്ലട്ടോ.- , ഇപ്പോൾ ഒഴിവു സമയത്ത് ആഫ്ലാറ്റിൽ രണ്ട് കുട്ടികൾക്ക് ട്യൂഷനുണ്ട് അതിന്റെ ദൃതിയിൽ ഒടുകയായിരുന്നു.
ഉറക്കമൊഴിഞ്ഞും ഒരു വീട് എന്ന ചിരകാല സ്വപ്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവനോട് വല്ലാത്തൊരനുകമ്പ തോന്നി.
അന്നും അവൻ സംസാരിച്ചത് വീടിനെ കുറിച്ചായിരുന്നു. ഏകദേശ പണികൾ കഴിഞ്ഞിട്ടുണ്ട്. ” ഉമ്മയെയും ,അനുജത്തിയെയും. അടുത്ത മാസം അങ്ങോട്ട് മാറ്റി താമസിപ്പിക്കണം”. അവൻ പറഞ്ഞത് കേട്ട് എനിക്ക് സങ്കടം തോന്നി.
വിശേഷങ്ങളിലൊക്കെ കടലിനക്കരെ നിന്ന് വിതുമ്പുന്ന എന്റെ ഉള്ളിലെ പ്രവാസി അവനെയോർത്ത് ഒന്ന് പിടഞ്ഞു
“അപ്പോൾ നീ നാട്ടിൽ പോകുന്നില്ലെ വീട്ടിൽ കൂടലിന്:
” എന്റെ ലീവിനിനിയും മൂന്ന് മാസമുണ്ട് ഇക്കാ,
മൂന്ന് മാസം കഴിഞ്ഞ് ഞാൻ നാട്ടിലെത്തിയാൽ കുറ്റൂശ”
“കൂറ്റൂശയോ …”
അതെന്താണെടോ പരിപാടി.
” ഹോ ഇക്കാ ഗൃഹപ്രവേഷം.”
അവന്റെ നാട്ടിലെ പ്രാദേശിക ഭാഷാ പ്രയോഗമാണ് കുറ്റൂശ
.പ്രാദേശിക ഭാഷയിലെ അജ്ഞത ഞാനൊരു പൊട്ടി ചിരി കൊണ്ട് മറച്ചു പിടിച്ചു
“ഇക്ക നാട്ടിൽ വരുന്നില്ലെ, കുറ്റൂശക്ക് ഞാൻ ക്ഷണിക്കും ,നിർബന്ധമായും വരണം. എന്റെ കൊട്ടാരവും, ഉമ്മയെയും, പെങ്ങളെയുമൊക്കെ കാണാലോ, എന്നും പറഞ്ഞ് അവൻ ദൃതിയിൽ ട്യൂഷൻ എടുക്കാർ വേണ്ടി നടന്നു.

അന്നാണ് ഞാനവനെ അവസാനമായി കണ്ടത്
ഓരോരോ തിരക്കുകൾക്കിടയിൽ ഫർസാനെയും അവന്റെ വീട്ടിൽ കൂടലിനെയും ഞാൻ മറന്ന് പോയിരുന്നു.
ഇന്നലെ കാലത്ത് എന്റെ സുഹൃത്ത് റഹീം വിളിച്ചപ്പോഴാണ് വീണ്ടും അവൻ ഓർമ്മയിലെത്തിയത്
“ഫർസാനോ എപ്പൊഴായിരുന്നു “
എന്ന് ചോദിക്കുമ്പോഴും അവനാ കരുതേ. എന്ന പ്രാർത്ഥന ഉള്ളിലുണ്ടായിരുന്നു.
‘ജോലി കഴിഞ്ഞ് റൂമിൽ ചെന്ന് കിടന്ന അവൻ പിന്നെ ഉണർന്നില്ലത്രെ
അവന്റെ മുതലാളിയെ കണ്ട് ബോഡി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെ ടുമ്പോഴും അതിന് വേണ്ട എല്ലാ കാര്യങ്ങൾക്കും അദ്ധേഹത്തോടൊപ്പം നിൽക്കുമ്പോഴും അവനേറെ ആഗ്രഹിച്ച സ്വന്തം വീട്ടിൽ അവന്റെ മൃതദേഹമെങ്കിലും കിടത്തണമെന്ന് ഉള്ളിൽ നിന്നാരോ എന്നെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു .
രണ്ട് മാസമായി ഉമ്മയും, പെങ്ങളും അവിടെ കേറി താമസമാക്കിയിട്ട് അടുത്ത ആഴ്ച നാട്ടിൽ പോകാനിരുന്നതാ : എല്ലാം പടച്ചവന്റെ വിധി.
ഫർസാന്റെ അടുത്ത ബന്ധുവാണെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞപ്പോൾ
തിരക്കഥയറിയാതെ ജീവിക്കുന്ന മനുഷ്യ ജന്മങ്ങളെ ഓർത്ത് ഞാനും നെടുവീർപ്പിട്ടു.
ഞങ്ങൾ എംബാം ചെയ്യാനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടെയാണ് ബന്ധു എന്നെ മാറ്റി നിർത്തി സ്വകാര്യം പറഞ്ഞത്
” നാട്ടിൽ കൊണ്ടു വരേണ്ടതില്ല എന്ന് അവന്റെ മാമൻ വിളിച്ച് പറഞ്ഞു.,
പുതിയ വീട്ടിൽ കുറ്റുശക്ക് മുമ്പ് ഒരു മയ്യിത്ത് കിടത്തണ്ടല്ലോ ,ഇവിടെ തന്നെ വെച്ചാൽ മതീന്ന് “
മൂപ്പർക്ക് സ്ഥലം വിൽപ്പനക്ക് അത് ദോഷം ചെയ്യുമോ എന്ന പേടിയാണ് ,,
ചാർജ് തീർന്ന മൊബൈൽ കാർഡ് പോലെ വലിച്ചെറിയപ്പെട്ട എത്രയോ പ്രവാസികളുടെ കഥ കേട്ടത് കൊണ്ടാവണം എനിക്ക് ഫർസാന്റെ മാമനോട് ദേഷ്യമൊന്നും തോന്നാതിരുന്നത്.
എങ്കിലും ജീവിതത്തിൽ ഉറക്കും ഊണുമില്ലാതെ അദ്വാനിച്ച് അവനുണ്ടാക്കിയ വീട് എന്റെ ഉള്ളിൽ ഒരു വൃണമായി പൊട്ടിയൊലിച്ച് നീറ്റലുണ്ടാക്കി
കുറച്ച് പരിചയക്കാരുടെയും ,സുഹൃത്തുക്കളുടെയും സാ ന്നിദ്ധ്യത്തിൽ ഖിസൈസിലെ ശ്മശാനത്തിൽ അവനെ അടക്കം ചെയ്ത് ഇന്നാ :ഹലഖ്നാകും, വ ഇന്നാ നു ഈ ദുകും, വമിൻഹാ നുഹ്രി ജി കും താറതൻ ഉഹ്റാ എന്ന സൂക്തം ചൊല്ലി.മൂന്ന് പിടി മണ്ണ് വാരിയിടുമ്പോൾ
ഫർസാൻ പുതിയ വീട്ടിലേക്ക് താമസം മാറിയതിലുള്ള സന്തോഷം കൊണ്ട് ചിരിക്കുന്നത് എനിക്ക് മാത്രം കേൾക്കാമായിരുന്നു.
:ഇക്കാ: കുറ്റൂശ ഗംഭീരമല്ലെ എന്ന് പറഞ്ഞ് കൊണ്ട് അവൻ റുമാൻ മരത്തിനും, റൈഹാൻ ചെടികൾക്കുമിടയിലെ സ്വർണ്ണ കട്ടിലിൽ ചാരിയിരിക്കുന്ന കാഴ്ച ഞാൻ മാത്രം കണ്ടു,
താഴ് വാരത്തിലൂടെ പുഴകൾ ഒഴുകുന്ന ആ പൂന്തോട്ടത്തിൽ അവനരികിൽപളുങ്കു പോലെ സുന്ദരിയായ ഒരു ഹൂറിയുമുണ്ടായിരുന്നു .
0 Comments