ട്വിറ്ററില്‍ സ്വാമി നടത്തിയ ടീറ്റ്.അദാനി ഗ്രൂപ്പിന് നഷ്ടം 9,000 കോടി രൂപ

ന്യൂഡല്‍ഹി; പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സമൂഹമാധ്യമമായ ട്വിറ്ററില്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി. വിപണി മൂല്യം കണക്കിലെടുത്താല്‍ 9,000 കോടി രൂപയാണ് ഒരൊറ്റ ട്വീറ്റിലൂടെ അദാനി ഗ്രൂപ്പിന് നഷ്ടമായത്.

കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ‘ട്രപ്പീസ് കളിക്കാരനാ’ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയില്‍നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാല്‍പ്പര്യാര്‍ഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടാക്കടത്തിന്റെ പേരില്‍ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.
അതിനു പിന്നാലെ ബുധനാഴ്ച ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അദാനി ട്രാന്‍സ്മിഷന്‍ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ് 7.24% ഇടിഞ്ഞ് 172.40ല്‍ ക്ലോസ് ചെയ്തു. അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ് 6.53% ഇടിഞ്ഞ് 377.45ലും അദാനി പവര്‍ 6.6% ഇടിഞ്ഞ് 27.60ലുമാണ് ക്ലോസ് ചെയ്തത്. ആകെ 9300 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.

ആദ്യമായാണ് ബിജെപിയില്‍നിന്നൊരാള്‍ അദാനിയെ വിമര്‍ശിച്ചു രംഗത്തെത്തുന്നത്. ഇതിനാല്‍ത്തന്നെ അമ്പരപ്പിലാണ് വ്യവസായലോകം. കല്‍ക്കരി ഇറക്കുമതി, ഓസ്‌ട്രേലിയയിലെ വ്യവസായം എന്നിവയിലെ വിവാദങ്ങള്‍ അദാനിയുടെ കമ്പനിയുള്‍പ്പെടുന്ന കേസുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്രം തേടണമെന്നും സ്വാമി ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനം വളരെ കുറഞ്ഞ ചെലവിലും സമയത്തിലും കൊണ്ടുവന്ന ചരിത്രമാണ് കമ്പനിക്ക് ഉള്ളതെന്നും ചിലകാര്യങ്ങള്‍ക്കു കടമെടുക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സ്വകാര്യ, പൊതുമേഖല അടക്കം വിവിധ ബാങ്കുകളില്‍നിന്നു കടമെടുത്തിട്ടുണ്ട്. അവ തിരിച്ചടയ്ക്കുന്നുമുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar