മഹ്മൂദ് മാട്ടൂലിനടക്കം എട്ടുപേർക്ക് കെ തായാട്ട് ബാലസാഹിത്യ പുരസ്‌കാരം

ഷാര്‍ജ: ബാലസാഹിത്യത്തിന്‍റെ അമരക്കാരനായിരുന്ന കെ.തായാട്ടിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, എട്ടു പേര്‍ക്ക് കെ.തായാട്ട് സാഹിത്യ പുരസ്കാരങ്ങള്‍. നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍, ഹരിതം ബുക്സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ടാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എട്ടുപേര്‍ക്കുള്ള സാഹിത്യപുരസ്കാരങ്ങള്‍ക്കു പുറമേ രണ്ടു പേര്‍ക്ക് ബാലപ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ശത്രുഘ്നന്‍, എന്‍.പി ചന്ദ്രശേഖരന്‍, ടോണി ചിറ്റേട്ടുകളം, എസ്.കമറുദ്ദീന്‍, രേഖ ആര്‍ താങ്കള്‍, സത്യന്‍ താന്നിപ്പുഴ, മഹമൂദ് മാട്ടൂല്‍, വി.എസ് കൃഷ്ണരാജ് എന്നിവര്‍ക്കാണ് കെ.തായാട്ട് പുരസ്കാരങ്ങള്‍. ഹിരണ്‍മയി ഹേമന്ത്, ധ്യാന്‍ചന്ദ് എന്നിവര്‍, ബാലപ്രതിഭാപുരസ്കാരങ്ങള്‍ക്കും അര്‍ഹമായി. ഡിസംബറില്‍, കെ.തായാട്ടിന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും എന്ന്, പ്രതാപന്‍ തായാട്ട്, മാധ്യമങ്ങളോടു പറഞ്ഞു.

പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമാണ് അവാര്‍ഡ് ജേതാവായ ശത്രുഘ്നന്‍. ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, നിറം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്‍റെ പ്രമുഖ തിരക്കഥകള്‍. കോഴിക്കോട് സ്വദേശിയാണ്. കൈരളി ടിവി ന്യൂസ് ആന്‍ഡ് കറന്‍റ് അഫയേഴ്സ് ഡയറക്ടറാണ്, തിരുവനന്തപുരം സ്വദേശിയായ എന്‍.പി ചന്ദ്രശേഖരന്‍. അയ്യപ്പപ്പണിക്കര്‍ സ്മാരക പ്രത്യേക പുരസ്കാരവും പുനലൂര്‍ ബാലന്‍ സ്മാരക പുരസ്കാരവും നേടിയിട്ടുള്ള ഇദ്ദേഹത്തിന്‍റെ ഒട്ടനവധി കവിതാ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

‘ദീപിക’ ദിനപത്രത്തിന്‍റെ മുന്‍ പത്രാധിപസമിതി അംഗമായിരുന്ന ടോണി ചിറ്റേട്ടുകളത്തിനാണ് ബാലസാഹിത്യ പുരസ്കാരം. ‘പച്ചത്തുരുത്തിലെ അത്ഭുതമാമനും കുട്ട്യോളും’ എന്ന കൃതിയുടെ പേരിലാണ് അവാര്‍ഡ്. നാല്‍പ്പതോളം പുസ്തകങ്ങളുടെ കര്‍ത്താവായ, ടോണി ചിറ്റേട്ടുകളം, ‘ചക്കരമാവിന്‍ കൊമ്പത്ത്’ സിനിമയുടെ സംവിധായകനും കൊച്ചി ആസ്ഥാനമായുള്ള ബ്രാന്‍ഡെക്സ് ഗ്രൂപ്പ്, ലൈഫ്ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നീ സംരംഭങ്ങളുടെ ഡയറക്ടറുമാണ്. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്.

ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സസ്യശാസ്ത്ര അധ്യാപകനും തിരുവനന്തപുരം സ്വദേശിയുമാണ്, മറ്റൊരു അവാര്‍ഡ് ജേതാവായ എസ്.കമറുദ്ദീന്‍. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനിയാണ് രേഖ ആര്‍ താങ്കള്‍. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്, കവയിത്രി കൂടിയായ രേഖ.എറണാകുളം ജില്ലയിലെ ഒക്കല്‍ സ്വദേശിയായ സത്യന്‍ താന്നിപ്പുഴ, ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സാഹിത്യകാരനാണ്. ഇദ്ദേഹത്തിന്‍റെ ബാലസാഹിത്യകഥകള്‍ ആകാശവാണിയിലും പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്

.മഹമൂദ് മാട്ടൂല്‍,

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയായ മഹമൂദ് മാട്ടൂല്‍, നോവലും കഥകളുമായി പതിനഞ്ചു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് വ്യൂസ്, ഗള്‍ഫ് വോയ്സ് മാസികയുടെ സബ് എഡിറ്ററായിരുന്നു. മലയാളചാനല്‍ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടി നാടകമേ ഉലകത്തിന്‍റെ അവതാരകനും നിര്‍മാതാവുമായ വി.എസ് കൃഷ്ണരാജ് ആണ്, കെ.തായാട്ട് പുരസ്കാരത്തിന് അര്‍ഹമായ മറ്റൊരാള്‍. ന്യൂസ് 18 കേരളത്തില്‍, അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററാണ് കൃഷ്ണരാജ്.

ബാലപ്രതിഭാ പുരസ്കാരജേതാവായ ഹിരണ്‍മയി ഹേമന്ത്, എഴുത്തുകാരി എം.പി പവിത്രയുടെയും ഡോ.ഹേമന്തിന്‍റെയും മകളാണ്. പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കവിതകളും കഥകളും കൊണ്ട് കുരുന്നുപ്രായത്തിലേ പ്രതിഭ തെളിയിച്ച മിടുക്കിയാണ് ഹിരണ്‍മയി ഹേമന്ത്. അധ്യാപകദമ്പതികളായ ഗണേശന്‍ തെക്കേടത്തിന്‍റെയും റയ്നി പിയുടെയും മകനായ ധ്യാന്‍ചന്ദ്, കോഴിക്കോട് അത്തോളി ജി.വി.എച്ച്.എസ്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്. ‘പൂഞ്ചേരിക്കനാലിലെ പാമ്പ്’ എന്ന ആദ്യ ചെറുകഥാസമാഹാരം, 2020-ല്‍ പ്രസിദ്ധീകരിച്ച് അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പ്രതിഭയാണ് ധ്യാന്‍ചന്ദ്.

കണ്ണൂര്‍ ജില്ലയിലെ തലശേരിക്കടുത്ത് പന്ന്യന്നൂരില്‍, 1927-ല്‍ ജനിച്ച് 2011 ഡിസംബര്‍ നാലിന് അന്തരിച്ച കെ.തായാട്ട്, നാല്‍പ്പതില്‍പ്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ബാലസാഹിത്യത്തിലെ പെരുന്തച്ചനായ ഇദ്ദേഹത്തിന്‍റെ ഒട്ടനവധി ബാലസാഹിത്യകൃതികളും വിശ്വസാഹിത്യസംഗ്രഹങ്ങളും പുനരാഖ്യാനങ്ങളും മലയാളസാഹിത്യത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ‘നാം ചങ്ങല പൊട്ടിച്ച കഥ’, സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ ചരിത്രാഖ്യായികയാണ്. ഇരുപതോളം നാടകങ്ങളും നൂറില്‍പ്പരം റേഡിയോ നാടകങ്ങളുമൊക്കെയായി, സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.തായാട്ടിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനും ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് കെ.തായാട്ട് പുരസ്കാരം.

മുതിര്‍ന്ന സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് പ്രതാപന്‍ തായാട്ട് മാധ്യമങ്ങളോടു പറഞ്ഞു. ഷാര്‍ജ പുസ്തകോത്സവത്തിലെ മീഡിയ സെന്‍ററില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ ഹരിതം ബുക്സ് സാരഥി പ്രതാപന്‍ തായാട്ട്, തിരക്കഥാകൃത്ത് റോബിന്‍ തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവര്‍ സംബന്ധിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar