ഹൈസ്പീഡ് ട്രെയ്ൻ പദ്ധതിയുമായി കേന്ദ്ര സക്കാർ.

ന്യൂഡൽഹി: രാജ്യത്തെ എല്ലാ നഗരങ്ങളേയും ബന്ധിപ്പിച്ചുള്ള ഹൈസ്പീഡ് ട്രെയ്ൻ പദ്ധതിയുമായി കേന്ദ്ര സക്കാർ.
പത്ത് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവർഷം മുതൽ നിർമാണമാരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളേയും ബന്ധിപ്പിച്ചുള്ള പ്രത്യേക കോറിഡോർ ഭാരത് മാല ഹൈവേയ്സ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. പദ്ധതി പ്രകാരം മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയ്നുകൾ സഞ്ചരിക്കുക.
നിലവിലുള്ളതും പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്നതുമായ ഹൈവേകൾക്ക് മുകളിലൂടെ പാത നിർമിക്കുകയാണ് ലക്ഷ്യം. റെയ്ൽവേ പാളങ്ങൾക്ക് സമാന്തരമായി പുതിയ പാളങ്ങൾ നിർമിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നൂതന സംവിധാനത്തിലൂടെ നിർമിക്കുന്ന അലുമിനിയം കോച്ചുകളാകും പുതിയ ട്രെയ്നുകൾക്കുണ്ടാകുക. കിലോമീറ്ററിന് 100 കോടി മുതൽ 200 കോടി വരെ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നു. 10 ലക്ഷം കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നിർമാണത്തിനായി ആഗോളതലത്തിൽ ടെണ്ടർ വിളിക്കാനുള്ള നടപടികളാണ് നടക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും റെയ്ൽവേയുടെ ഭൂമി ഉപയോഗിച്ചും പണം കണ്ടെത്താനാണ് സർക്കാർ ശ്രമം. ഏപ്രിലിൽ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റെയ്ൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാർ വൻകിട പദ്ധതി പ്രഖ്യാപിക്കുന്നതെന്നാണ് സൂചന.
ഒരു ലക്ഷം കോടി നിർമാണചെലവ് വരുന്ന, 534 കിലോമീറ്റർ നീളമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ൻ കോറിഡോർ നിലവിൽ നിർമാണത്തിലാണ്. 2022ലാണ് പദ്ധതി പൂർത്തിയാകുക.
0 Comments