അദാനി തിരുവനന്തപുരത്ത് വന്നാലെന്താ.


അമ്മാര്‍ കിഴുപറമ്പ്..

തിരുവന്തപുരം; അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അമ്പത് വര്‍ഷത്തേക്ക് അദാനിക്ക് നല്‍കികൊണ്ടുള്ള തീരുമാനത്തെ കേരളം എതിര്‍ക്കുന്നത് എന്തിന്. ഇന്ത്യിലെ ആറ് വിമാനത്താവളങ്ങളാണ് ഈ കരാര്‍ അടിസ്ഥാനത്തില്‍ അദാനി എന്റര്‍പ്രൈസ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ ഒന്നുമില്ലാത്ത ഏറ്റുമുട്ടലാണ് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതിനു പിന്നില്‍ കേരളത്തോടുള്ള സ്‌നേഹം തന്നെയാണോ,അതോ മുതലാളിത്ത നയത്തോടുള്ള വിരോധമോ.രണ്ടുമല്ലെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയവരോടുള്ള സംഭാഷണത്തില്‍ നിന്നും ഈയുള്ളവന് മനസ്സിലായത്. അദാനി ഗ്രൂപ്പിന് ഈ താവളം കൈമാറുന്നതിന്നെതിരെ കേസ് ഫയല്‍ ചെയ്ത സംസ്ഥാനം കൂടിയാണ് കേരളം. ഒരു പൊതു മേഖല സ്ഥാപനം കുത്തകമുതലാളിമാരുടെ കൈകളിലേക്ക് പോകുന്ന വേദനയാണെങ്കില്‍ കോഴിക്കോട് വിമാനത്താവള വിഷയങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കില്ലായിരുന്നു. സംസ്ഥാന ഭരണം ഏറ്റെടുത്ത ഉടനെ കരിപ്പൂരിന്നാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് പറഞ്ഞവര്‍ ഭരണം വിടാന്‍ നാളുകള്‍ മാത്രം അവശേഷിക്കെ അക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല,അതിന്റെ പേരില്‍ വൈഡ് ബോഡി വിമാനങ്ങള്‍ വീണ്ടും നിര്‍ത്തലാക്കിയതിന്നെതിരെ മൗനം പാലിക്കുകയാണ് ചെയ്തത്.പൊതുമേഖല സ്ഥാപനങ്ങളോട് ആത്മര്‍ത്ഥതയും സ്‌നേഹവും ഉണ്ടെങ്കില്‍ സര്‍ക്കാറിന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ള കോഴിക്കോട് വിമാനത്താവളത്തോട് ആത്മാര്‍ത്ഥതകാണിക്കേണ്ടിയിരുന്നു. എന്നാല്‍ സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍,കൊച്ചിന്‍ എയര്‍പ്പോര്‍ട്ടുകള്‍ക്ക് ആവശ്യമായ എല്ലാ ആനുകൂല്ല്യങ്ങളും വകവെച്ച് നല്‍കുന്നുമുണ്ട്. ഒരേ സമയം പൊതുമേഖലയെ നശിപ്പിക്കുകയും സ്വകാര്യ മേഖലയെ തലോടുകയും ചെയ്യുന്നവര്‍ തിരുവന്തപുരത്തിനു വേണ്ടി നടത്തുന്ന കണ്ണുനീര്‍സംശയം നിറഞ്ഞതാണ്.

1931 ല്‍ തിരുവന്തപുരം രാജകുടുംബം സ്ഥാപിച്ചതാണ് ഈ താവളം.635 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഈ വിമാനത്താവളത്തിനുള്ളത്. 191 ല്‍ അന്താരാഷ്ട്ര പദവി കൈവന്ന ഈ താവളത്തെ വര്‍ഷം നാല്‍പ്പത്തിനാലോളം ലക്ഷം യാത്രക്കാര്‍ ആശ്രയിക്കുന്നുണ്ട്. അതില്‍ തൊണ്ണൂറ് ശതമാനവും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ളവരും താവളത്തില്‍ നിന്നുള്ളവരുമാണ്‌.ഇവര്‍ക്കാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങള്‍ ഈ അടുത്താണ് സജ്ജമായത്. പുതിയ ടെര്‍മിനല്‍ നിലവില്‍ വന്നതോടെ യാത്രാസൗകര്യം വിപുലമായെങ്കിലും ഈ സൗകര്യത്തിലെത്താന്‍ 90 വര്‍ഷം വേണ്ടി വന്നു.
എയര്‍പ്പോര്‍ട്ട് സ്വകാര്യ വത്ക്കരിക്കുന്നതോടെ യാത്രക്കാര്‍ക്ക് നിരവധി പ്രയാസങ്ങള്‍ നേരിടുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നവര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പലതും സ്വകാര്യ പങ്കാളിത്തോടെയാണെന്ന വസ്തുത തൊണ്ടതൊടാതെ വിഴുങ്ങുകയാണ് ചെയ്യുന്നത്. എയര്‍പ്പോര്‍ട്ടിന്റെ ദൈനം ദിന കാര്യങ്ങള്‍ മാത്രമാണ് അദാനിക്ക് നല്‍കുന്നത്.അവിടുത്തെ മറ്റ് നിര്‍മ്മാണ,സുരക്ഷ കാര്യങ്ങളെല്ലാം പഴയപോലെത്തന്നെയാണ് നടക്കുക. എമിഗ്രേഷന്‍,കസ്റ്റംസ് കാര്യങ്ങളിലൊന്നും അന്തിമ കല്‍പ്പന അദാനിക്കായിരിക്കില്ല എന്നര്‍ത്ഥം.
പിന്നെ പറയുന്ന മറ്റൊരു കാര്യം അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ല എന്നാണ്. സിയാലും കിയാലും രണ്ട് താവളങ്ങള്‍ നടത്താനിറങ്ങുമ്പോള്‍ ഇപ്പറഞ്ഞ മുന്‍ പരിചയം ഉണ്ടായിരുന്നോ എന്ന മറു ചോദ്യത്തിന് മറുപടിയില്ല. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനി രൂപീകരിച്ച ടെണ്ടറില്‍ പങ്കെടുത്തിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഒരു യാത്രക്കാരന് 168 രൂപ കോട്ട് ചെയ്ത അദാനി ടെണ്ടറില്‍ വിജയിയായി. കെ.എസ് ഐ.ഡി.സി. 135 രൂപയാണ് രേഖപ്പെടുത്തിയത്. ഈ ടെണ്ടറില്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്തിന് അമ്പത് വര്‍ഷത്തേക്ക് നഷ്ട്ടപ്പെട്ടത് കോടികളുടെ വരുമാനമാണ്. ഇതില്‍ അദാനിക്ക് വേണ്ടി എത്ര ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു, കോടികള്‍ മറിഞ്ഞു എന്നൊക്കെ പുറംലോകമറിയണമെങ്കില്‍ മറ്റൊരു സ്വപ്‌ന വിവാദം പൊട്ടിപ്പുറപ്പെടണം.വിമാനത്താവള സ്വകാര്യ വത്ക്കരണം തടയാനുള്ള പ്രോജക്ട് തയ്യാറാക്കാന്‍ ഖജനാവില്‍ നിന്ന് 2.36 കോടി ചോര്‍ന്നെന്ന വിവരാവകാശ വിവരം കൂടി ചേര്‍ത്ത് വായിക്കുക. ഒരു പ്രോജക്ടിന് ഇത്രയും കോടിയായെങ്കില്‍ ആ പ്രോജക്ട് നടപ്പാക്കാന്‍ വെള്ളാനകള്‍ എത്രകോടി തിന്നുതീര്‍ക്കും എന്നും കണക്കാക്കുക. കേസിന് പോയതൊക്കെ വേറെ വരാനുണ്ട്.
ഇന്ത്യയിലെ ഏക പൊതുമേഖല വിമാനത്താവളമായ കോഴിക്കോടിനെ തിരിഞ്ഞു നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി തളര്‍ത്തുമ്പോള്‍ തിരുവനന്തപുരത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന സ്‌നേഹത്തില്‍ കാപട്യം ആരെങ്കിലും കണ്ടെത്തിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. കരിപ്പൂര്‍ വിഷയത്തില്‍ ആത്മാര്‍ത്ഥതയോടെയുള്ള സമീപനമെങ്കിലും സ്വീകരിച്ച ഏക പൊതുമേഖല വിമാനത്താവളത്തെ സംരക്ഷിക്കുക. സ്വകാര്യ വ്യക്തിയുടെ കൈകളില്‍ എത്തിയാല്‍ മൂക്ക് പൊത്താതെ ബാത്ത്‌റൂമിലെങ്കിലും യാത്രക്കാരന് പോകാം. സര്‍ക്കാര്‍ താവളം എന്നത് കൊണ്ട് യാത്രക്കാരന് ഒരിളവും അധികം ലഭിക്കുന്നില്ല. പ്രയാസങ്ങള്‍ പറഞ്ഞാല്‍ പരിഹരിക്കാനും ആരും ഉണ്ടാവില്ല.എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇത്തരം വിഷയത്തില്‍ ജാഗ്രത പുലര്‍ത്തും എന്നതിന് നിരവധി താവളങ്ങള്‍ ഉദാഹരണായുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അണികളെ കുത്തിക്കയറ്റാന്‍ കഴിയില്ല എന്നുമാത്രം. അതുകൊണ്ട് സര്‍ക്കാറുകള്‍ തന്നെ അലംഭാവം കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ പലതും അവരുടെ കൈകളിലെത്തും. ്അതെപ്പോള്‍,അടുത്തത് ഏത്‌ എന്നുമാത്രം അറിഞ്ഞാല്‍ മതി.കണ്‍സള്‍ട്ടിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യയായി ഭരണ പക്ഷ പ്രസ്ഥാനങ്ങള്‍ മാറുമ്പോള്‍ പ്രത്യേകിച്ചും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar