ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് ട്രംപിനെതിരേയുള്ള ആരോപണം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ട്രംപിനെതിരേ 230 ഉം അനുകൂലമായി 197 ഉം വോട്ടുകള്‍ ലഭിച്ചു. നാല്‍പ്പത്തിയഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ട്രംപ്, ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ ആളാണ്. ട്രംപ് അമേരിക്കയെന്ന ആശയത്തെയാണ് അപകടത്തിലാഴ്ത്തിയതെന്ന് ഇംപീച്ച് ചെയ്യാനുള്ള അന്വേഷണത്തിന് ചുമതല വഹിച്ച ആദം സ്‌ക്പിഫ് പറഞ്ഞു. ഇംപീച്ച് ചെയ്യാനുളള പ്രമേയം പാസ്സായ സാഹചര്യത്തില്‍ അദ്ദേഹം സെനറ്റിന്റെ വിചാരണ നേരിടേണ്ടിവരും. അവിടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതുകൊണ്ട് നീക്കം പരാജയപ്പെടാനാണ് സാധ്യത. അവിടെ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാകാന്‍ 67 പേരുടെ പിന്തുണ വേണം.
തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാവുമായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജോ ബൈഡനെതിരേ ഉക്രൈയ്ന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കേസെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇംപീച്ച് ചെയ്യാനുളള നീക്കം അനീതിയാണെന്ന് ട്രംപ് പ്രതികരിച്ചു. ദേശാഭിമാനികളായ അമേരിക്കന്‍ ജനതയുടെ ജനവിധിയെ ഡോമോക്രാറ്റുകള്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് തന്റെ ഓഫിസിനെയും അധികാരത്തെയും രാഷ്ട്രീയലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്തെന്ന് 17 ഉദ്യോഗസ്ഥരാണ് തെളിവ് നല്‍കിയത്. തനിക്കെതിരേ വേട്ടയാണ് നടക്കുന്നതെന്നും രാഷ്ട്രീയ അട്ടിമറിയാണിതെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇംപീച്ച്മെന്റ് നടപടിയ്ക്കിടയിലും ട്രംപിന്റെ ജനപ്രീതിയില്‍ വലിയ കുറവ് വന്നിട്ടില്ല. 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണും 1998 ല്‍ ബില്‍ ക്ലിന്റണുമാണ് ഇതിന് മുമ്പ് ഇംപീച്ച് ചെയ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാര്‍. എന്നാല്‍ ഇരുവരും സെനറ്റില്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു. ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രഹസനമാക്കിയെന്നും സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar