ദുബൈ കെയേഴ്‌സിന്റെ സ്‌റ്റെം പ്രോഗ്രാമിന് യു.എ.ഇ എക്‌സ്‌ചേഞ്ച് പത്ത് ലക്ഷം ദിര്‍ഹം നല്‍കി .

ദുബൈ കെയേഴ്‌സിന്റെ സ്‌റ്റെം പ്രോഗ്രാമിലേക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് നല്‍കുന്ന പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് പ്രമോദ് മങ്ങാട്ട് കൈമാറുന്നു.
ദുബൈ: മൂന്നാംകിട ദരിദ്ര രാജ്യമായ ഉഗാണ്ടയിലെ പെണ്‍കുട്ടികളുടെ ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിംഗ് -ഗണിത ശാസ്ത്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദുബൈ കെയേഴ്‌സിന് രാജ്യത്തെ ഏറ്റവും വലിയ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ച് പത്ത് ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. ഹിസ് ഹൈനസ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളുടെയും യുവാളക്കുടെയും ജീവിതം മാറ്റിയെടുക്കുന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ ദൗത്യത്തിന് 2017ല്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ച പിന്തുണയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നല്‍കുന്ന സംഭാവന.ഉഗാണ്ടയിലെ പെണ്‍കുട്ടികളില്‍ സ്‌റ്റെം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സാമൂഹികമായി ഉന്നതിയിലല്ലാത്ത സമൂഹങ്ങളില്‍ ക്രിയാത്മക മാറ്റം സൃഷ്ടിക്കുകയെന്ന യു.എ.ഇ എക്‌സചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളതാണ് ദുബൈ കെയേഴ്‌സിന്റെ ഉഗാണ്ടയിലെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അജ്ഞത നിര്‍മാര്‍ജനം ചെയ്ത് സമൂഹങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തങ്ങളുടെ പ്രയത്‌നങ്ങള്‍ക്കുള്ള വലിയ പിന്തുണയാണ് യു.എ.ഇ എക്‌സ്‌ചേഞ്ച് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ദുബൈ കെയേഴ്‌സ് സി.ഇ.ഒ താരിഖ് മുഹമ്മദ് അല്‍ ജുര്‍ജ് പറഞ്ഞു.സാമൂഹ്യ പരിവര്‍ത്തനത്തിന് വിദ്യാഭ്യാസ പുരോഗതി അത്യന്താപേക്ഷിതമാണെന്നും ആ നിലക്കുള്ള പ്രവര്‍ത്തനമാണ് ദുബൈ കെയേഴ്‌സ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments