മൊയ്തീനിക്കാന്റെ ചായക്കടയും ബര്‍ദുബായ് ക്രീക്കിലെ വിഗ്രഹനിമജ്ജനവും :
………..: ഉണ്ണി കുലുക്കല്ലൂര്‍ :……………….
14 വര്‍ഷം മുമ്പു നടന്ന ഒരു സംഭവകഥയാണ്.
റാണി ജ്യൂസ് കമ്പനിയില്‍ വാന്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുന്ന കാലം. ബര്‍ദുബായ് ഏരിയയിലെ റെസ്റ്റോറന്റുകളും,കഫ്റ്റീരിയകളുമാണ് എന്റെ കസ്റ്റമേര്‍സ്. ഇന്നത്തെ ഗുബൈയ്ബ മെട്രോ സ്റ്റേഷന്‍ ഉള്ള സ്ഥലത്ത് ഒരു ഓപ്പണ്‍ ഗ്രൗണ്ട് ആയിരുന്നു. അവിടെ അധികൃതര്‍ ഏഷ്യ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരു എക്‌സിബിഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
അവിടെ ഒരു കട ടെണ്ടര്‍ പിടിച്ചത് എന്റെ കസ്റ്റമര്‍ ആയ കുഞ്ഞിമൊയ്തീന്‍ ആണ്.ഒരു ദിവസം രാവിലെ ഒമ്പത് മണിക്ക് എന്നെ ഫോണ്‍ വിളിച്ച് പുതിയ കടയിലേയ്ക്ക് ഒരു സെല്ലാജും(cooler) കൂറെ ജ്യൂസും വേണമെന്നു പറഞ്ഞു. തണുപ്പുകാലം ആയതിനാല്‍ എങ്ങിനെ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാം എന്ന് തല പുകഞ്ഞ് നടക്കുന്ന സമയമായിരുന്നു അത്. മൊയ്തീനിക്കാന്റെ ആ വാക്കുകള്‍ വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ ഒരു കുളിര്‍മഴപോലെ എന്നിലേക്ക് പെയ്തിറങ്ങി.
ഞാന്‍ വാനുമായി നേരെ പണി നടന്നു കൊണ്ടിരിക്കുന്ന അവരുടെ ടെന്റിന്റെ അടുത്തേക്ക് പോയി. അവിടെ ഒരു കസേരയില്‍ മൊയ്തീനിക്കാ ഇരിക്കുന്നു. അനിയന്‍ അഷ്‌റഫും സഹായി പോക്കറും ഒരു ശില്‍പ്പം വെള്ളം ഒഴിച്ച് കഴുകുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ആണ് ലോഹം കൊണ്ട് ഉണ്ടാക്കിയ ഒരു വിഗ്രഹമാണ് അവര്‍ ഉരച്ചുകഴുകുന്നത് എന്ന് മനസ്സിലായത്.
അല്ല മെയ്തീനിക്കാ,ഇതെന്താ പരിപാടി. പുതിയ കടയില്‍ വിഗ്രഹം വെച്ച് പൂജയുണ്ടോ.
എന്റെ ചോദ്യത്തിന് ഒരു ഇളഭ്യച്ചിരിയോടെ മൊയ്തീനിക്ക പറഞ്ഞു
‘എന്ത്ന്നാ കുഞ്ഞുമോനേ നീ പറയണേ! ദ് മ്മടെ ചെറുക്കന്‍മാരു ക്രീക്കില്‍ വെള്ളം എടുക്കാന്‍ പോയപ്പോള്‍ ആട്ന്ന് കിട്ടീതാ. ഒന്നും പറയാന്‍ പറ്റൂല്ലല്ലോ ഉണ്ണി,ചിലപ്പോ അത് വല്ല സ്വര്‍ണ്ണമോ മറ്റോ ആവാനും മതീലോ.പടച്ചോന്‍ വലിയവനാടാ.പല രീതിയിലല്ലേ ദൃഷ്ടാന്തം കാണിക്കാ.ഞാളായിട്ട് നോക്കാണ്ട് പോകരുതല്ലോ.
‘ഇന്‍ശാ അള്ളാ. അങ്ങിനെയെങ്കിലും നിങ്ങളുടെ കഷ്ടപ്പാട് മാറട്ടെ മെയ്തീനിക്കാ. നിങ്ങള്‍ ജ്യൂസ് എത്ര കാര്‍ട്ടൂണ്‍ വേണംന്ന് പറ.പോയിട്ട് കുറേ പണിയുണ്ട്.’ അയാളുടെ ഓര്‍ഡര്‍ ഞമ്മക്ക് വലിയ സംഭവല്ല എന്നു തോന്നിക്കോട്ടെ എന്ന് കരുതി ഞാന്‍ ധൃതി ഭാവിച്ചു.
അത്യാവശ്യം നല്ല ഒരു സംഖ്യയുടെ ജ്യൂസ് അങ്ങേര്‍ക്ക് താങ്ങിക്കൊടുത്ത്, കാശും മേടിച്ച് പോകാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍.
‘മൊയ്തീനിക്ക ഇത് ഓടാന്നാ തോന്നണേ. ഇതിന്റെ ചളിയും,പൂപ്പലുമെല്ലാം പോയി.ഇങ്ങളൊന്ന് നോക്കിക്കേ.
അയാളുടെ അനിയന്‍ അഷ്‌റഫ് വിഗ്രഹം കഴുകി തളര്‍ന്ന് നിരാശയോടെ പറയുകയാണ്.
‘ടാ ഉണ്ണിയേ മോനേ ഇത് എന്ത് വിഗ്രാഹാണെന്ന് നീയൊന്നു നോക്ക് . വണ്ടിയില്‍ കാലെടുത്തു വെക്കാന്‍ പോയ ഞാന്‍ തിരിച്ചു വിഗ്രഹം കഴുകുന്ന സ്ഥലത്ത് ചെന്നു.
‘ഇക്ക ഇത് ശിവന്റെ ഓടില്‍ വാര്‍ത്ത രൂപമാണ്. അപൂര്‍വ്വമായി ഉണ്ടാകുന്ന നടരാജ വിഗ്രഹമാണ്. അതു വല്ല സിന്ധികളും പൂജിച്ചിരുന്നതാകാനാണ് സാധ്യത.നാട്ടില്‍ പോകുമ്പോള്‍ അവര്‍ ക്രീക്കില്‍ ഇട്ടതാകും. പിന്നെ സാധാരണ ശിവനെ വിഗ്രഹരൂപത്തില്‍ പൂജിക്കാറില്ല.
കിട്ടിയ അവസരത്തില്‍ ഞാനെന്റെ അധ്യാത്മികജ്ഞാനം ചുറ്റും ഉള്ളവര്‍ക്ക് നല്‍കാന്‍ വളരെ ഉത്സുകനായിത്തീര്‍ന്നു.
പിന്നെ ഇതിന്റെ ശാസ്ത്രം എന്നത്…
മതി.. മതി.. മോനെ ഞാള്ക്ക് നൂറുകൂട്ടം പണിയുണ്ട് ഇത് നീയ്യെന്നെ കൊണ്ടുപോയിക്കോ. ഇനി ഞങ്ങളുടെ ആളുകള് വല്ലോം എന്റെ കയ്യില്‍ കണ്ടാല്‍ അത് മതി പുകിലിന്.നീ പൂജിക്കുകയോ ആരാധിക്കുകയോ എന്താച്ചാല്‍ ചെയ്യ് .
മൊയ്തീനിക്കാന്റെ ഈ സംസാരം എനിക്ക് ആദ്യം കുറച്ച് നീരസം ഉണ്ടാക്കി. ഞാനെന്റെ ജ്ഞാനത്തിന്റെ ഭാണ്ഡക്കെട്ട് ഒന്ന് തുറന്നു വന്നതേ ഉണ്ടായിരുന്നുള്ളൂ.പിന്നെ ഫ്രീ ആയി ഒരു വിഗ്രഹം കിട്ടിയ സന്തോഷം കാരണം ഞാന്‍ പറഞ്ഞു.
‘പ്പോള്‍ ശരി ന്നാ.. ഇത് ഞാന്‍ കൊണ്ടു പോകാം ഇക്കാ. വിഗ്രഹം ഭദ്രമായി വണ്ടിയില്‍വെച്ച് ഞാന്‍ നേരെ കമ്പനിയിലേക്ക് തിരിച്ചു.
കമ്പനിയില്‍ പെട്ടെന്ന് തന്നെ ബില്ലെല്ലാം സെറ്റില്‍ ചെയ്ത് പിറ്റേ ദിവസത്തേക്കുള്ള സാധനങ്ങളെല്ലാം ലോഡ് ചെയ്ത് മഹാദേവകീര്‍ത്തനവും പാടി ഞാന്‍ നേരെ റൂമിലേക്ക് പോയി. എന്റെ നാട്ടുകാര്‍ കൂടിയായ വേണു, രാജേഷ് എന്നിവരാണ് സഹമുറിയന്‍മാര്‍. വേണുവാണ് ഞങ്ങളുടെ ആസ്ഥാനനളന്‍. വേണു പതിവുപോലെ നളപാചകത്തിലായിരുന്നു. ഞാന്‍ വലിയ അഭിമാനത്തോടെ ഈ വിഗ്രഹം അവരെ കാണിച്ചു. ഭക്തരായ അവര്‍ക്കും സന്തോഷമായി.വേണു പറഞ്ഞു ,
‘സാലറി കിട്ടിട്ട് വേണം ബര്‍ദുബായി അമ്പലത്തിന്റെ അവിടെയുള്ള തമിഴന്റെ കടയില്‍ നിന്ന് ഒരു ഫോട്ടോ മേടിക്കണംന്ന് വിചാരിച്ചിരിക്കായിരുന്നു.ഇത് ഇപ്പോള്‍ കാശ് ചെലവില്ലാതെ കിട്ടീലോ. എല്ലാം ഭഗവാന്റെ അനുഗ്രഹമാണ്. നന്നായി, ടാ ഉണ്ണീ’.
വേണു ഉടന്‍തന്നെ കുറച്ച് പുളി ഉപയോഗിച്ച് ആ വിഗ്രഹത്തെ നന്നായി കഴുകി. കുളി കഴിഞ്ഞു വന്ന രാജേഷിന്റെ കയ്യില്‍ കൊടുത്തു. രാജേഷ് റൂമിലുള്ള ഒരു ടേബിളില്‍ വിഗ്രഹം സ്ഥാപിച്ചു. വിളക്കും ചന്ദനത്തിരിയും കത്തിച്ച് ഗംഭീരമായി ഒരു ശ്ശോകം ചൊല്ലിക്കൊണ്ട് ആ വിഗ്രഹത്തെ ഞങ്ങളുടെ റൂമിലേക്ക് ഔദ്യോഗികമായി എതിരേറ്റു.
അന്ന് രാത്രിയില്‍ വേണുവിന്റെ വക സ്‌പെഷല്‍ ചിക്കന്‍ കറി ആയിരുന്നു കുബൂസിന്റെ കൂട്ടിന്. കുബൂസിനെ പീസ് പീസാക്കിയെടുത്ത് ചിക്കന്‍ കറിയില്‍ മുക്കി കഴിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു വേണുവിനു ആ സംശയം തോന്നിയത്.
അല്ല ചങ്ങായോളേ നമ്മള്‍ ഇന്ന് ഇപ്പോ ഈ കാണിച്ചത് ശരിയാണോ.
അതെന്തൊ വേണുവേട്ടാ .
അല്ലടോ ഉണ്ണി, ഈ വിഗ്രഹം വെച്ച അന്നുതന്നെ നമ്മളീ ചിക്കന്‍ കറിയൊക്കെ വെച്ച് ഭഗവാന്റെ മുന്നില്‍ ഇരുന്ന് കഴിക്കുന്നത് .
ആണോ!! ഉളളില്‍ വന്ന ആന്തല്‍ പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.ഹേയ് അങ്ങിനെ പ്രശ്‌നം ഒന്നും ഉണ്ടാകില്ല വേണുവേട്ടാ. ഇത് അമ്പലം ഒന്നും അല്ലല്ലോ.
അല്ല ഉണ്ണീ,നീ തന്നെയല്ലേ പറഞ്ഞത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടരാജവിഗ്രഹ സങ്കല്‍പ്പം ആണ് ഇത് എന്നൊക്കെ. പിന്നെ ശിവനെ വിഗ്രഹരൂപത്തില്‍ ആരാധിക്കുന്നത് ഞാന്‍ എവിടേം കണ്ടിട്ടില്ല.
രാജേഷും ഒട്ടും കുറച്ചില്ല. അവന്റെ ജ്ഞാനം അവനും വിളമ്പി. ഞാനാണെങ്കിലോ വിഗ്രഹം കിട്ടിയ കഥയില്‍ കുറച്ച് അധികം ഭാവന കലര്‍ത്തി ആയിരുന്നു അവരോട് പറഞ്ഞിരുന്നത്.
നിങ്ങള് ഒന്ന് മിണ്ടാതെ കഴിക്ക് മനുഷ്യന്‍മാരെ.രാവിലെ നേരത്തെ പോകാന്‍ ഉള്ളതാ. ഭക്ഷണം കഴിക്കുമ്പോള്‍ അധികം സംസാരിക്കരുത് എന്ന് അറീല്ലേ. ശരീരത്തില്‍ ഭക്ഷണം പിടിക്കൂല്ല.
ഞാനെന്റെ ഭക്ഷണം കഴിക്കേണ്ട വിധം പറഞ്ഞ് എന്റെ നാട്ടറിവ് ജ്ഞാനത്തില്‍ സ്വയം അഭിമാന വിജ്രംഭിതനായി വിഷയം പതുക്കെ മാറ്റി.
രാവിലെ അലാറം നിര്‍ത്താതെ അടിക്കുന്നു. സാധരണ അലാറാം അടിക്കാറില്ലല്ലോ എന്ന് ചിന്തിച്ച് എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. അടുക്കളയില്‍ പതിവ് സുലൈമാനിക്ക് വേണ്ടി ചെന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. സുലൈമാനി ഉണ്ടാക്കാറുള്ള വേണുവേട്ടനെ അടുക്കളയില്‍ കാണുന്നില്ല. സുലൈമാനി കിട്ടാത്ത ദേഷ്യം ഉള്ളില്‍ കടിച്ചമര്‍ത്തി റൂമില്‍ ചെന്നപ്പോളാണ് ആ കാഴ്ച കാണുന്നത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കാറുള്ള വേണുവേട്ടന്‍ എഴുന്നേറ്റിട്ടില്ല. നാളെയും സുലൈമാനി വേണ്ട കാരണം ഞാന്‍ ശബ്ദം വല്ലാതെ മയപ്പെടുത്തി കൊണ്ട് ചോദിച്ചു,
എന്താ വേണുവേട്ടാ പണിക്കൊന്നും പോകണ്ടേ. സമയം എത്ര ആയി എന്ന് അറിയോ. ഇന്ന് എന്താ പതിവില്ലാത്ത ഉറക്കം.
എന്റെ ചോദ്യത്തിന് വിറച്ചുവിറച്ച് നല്ല പനി ആണ് എന്ന് വേണുവേട്ടന്‍ പറയുന്നു. ഇത്രേം കാലം അദ്ദേഹത്തിന് ഒന്നും ഉണ്ടാക്കി കൊടുത്തില്ലല്ലോ എന്ന കുറ്റബോധത്താല്‍ നീറുന്ന ഞാന്‍ ഒരു ചുക്ക് കാപ്പി ഉണ്ടാക്കി അന്ന് ആ കടമ നിര്‍വഹിച്ചു. ഞാനും രാജേഷും ഡ്യൂട്ടിക്ക് ഇറങ്ങി.
അന്ന് ഉച്ചക്ക് എന്റെ വാന്‍ ഒരു പാക്കിസ്താനിയുടെ വണ്ടിയുമായി ആക്‌സിഡന്റ് ആയി. എന്റെ ഓവര്‍ എക്‌സ്പ്ലനേഷന്‍ കൊണ്ടാണോ എന്ന് അറിയില്ല പോലീസ് എനിക്ക് ഫൈന്‍ തന്നു. എല്ലാം കഴിഞ്ഞ് റൂമില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച്ച അതിലേറെ ഭീകരം രാജേഷ് കാലില്‍ വലിയ കെട്ടുമായി ഇരിക്കുന്നു. പിക്ക് അപ്പ് വണ്ടിയില്‍ ഹെല്‍പ്പര്‍ ആയി പോകുന്ന രാജേഷിന്റെ കാലില്‍ ട്രോളി വീണു. കാലിന്റെ എല്ല് പൊട്ടി പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. വേണുവേട്ടന്റെ പേടിപ്പനി മാറിയിട്ടില്ല. പിച്ചും പേയും പറയുന്നു. മെഡിക്കല്‍ ഷോപ്പില്‍ പോയി വേണുവിന് മരുന്ന് വാങ്ങിക്കൊടുത്ത്. പനി മാറി തലപൊക്കാന്‍ ആയപ്പോളാണ് ഞാന്‍ ആ നഗ്‌ന സത്യം അറിഞ്ഞത്. ഒരാള്‍ക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന്. വേണുവേട്ടന്‍ എന്നെ പറയാത്ത ചീത്തയില്ല.എല്ലാത്തിനും കാരണം ഇന്നലെ ഞാന്‍ കൊണ്ടുവന്ന വിഗ്രഹമാണെന്ന് വേണുവേട്ടന്‍.രാജേഷിന്റെ പിന്തുണകൂടി ആയപ്പോള്‍ ഒരു രക്ഷയുമില്ല. ഞാന്‍ പറഞ്ഞു,
പറ്റിയത് പറ്റി.ഇനിയിപ്പൊ എന്താ ചെയ്യേണ്ടേ. നിങ്ങള്‍ പറ. ഞാനിത് ക്രീക്കില്‍ ആരും കാണാതെ കളയണോ’
ഈ ചെയ്തുവെച്ചത് ഒന്നും പോരാണ്ടേ നീ വീണ്ടും വിഡ്ഢിത്തരം കാണിക്കണ്ട ഉണ്ണീ. വിളക്ക് കൊളുത്തിയതോടുകൂടി ദൈവചൈതന്യം വിഗ്രഹത്തിനു വന്നുകഴിഞ്ഞു. ഇനി ഇതിനെ യഥാവിധി ആവാഹിച്ചു കളയണം. അല്ലെങ്കില്‍ വലിയ അനര്‍ത്ഥങ്ങളും ദോഷങ്ങളും ഉണ്ടാകും. ഇപ്പോ ഇത്രയല്ലേ പറ്റിയുള്ളൂ. നമ്മുടെ അവിടെ നിന്ന് പട്ടാമ്പി പോകുന്ന വഴിക്ക് പേരുകേട്ട ഒരു ജോല്‍സ്യര്‍ ഉണ്ട്. ഞാനെന്റെ അനിയനെ അവിടെ വിട്ടിരുന്നു. ജോല്‍സ്യര് പറഞ്ഞത് ഇത് ഏതോ ബ്രാഹ്മണര്‍ പൂജിച്ച ഉഗ്രമൂര്‍ത്തിയാണെന്നാണ്. ഒന്നുകില്‍ ഇതിനെ നാട്ടില്‍ കൊണ്ടുവന്ന് ആവാഹിക്കണം.
ഞാനാകെ തളര്‍ന്നു. നാട്ടിലേക്ക് കൊണ്ടുപോകല്‍ എളുപ്പല്ല. എയര്‍പോര്‍ട്ടില്‍നിന്ന് വല്ല പ്രോബ്ലവുമാകുമോ എന്ന ചിന്തയും. പിന്നെ നാട്ടില്‍ പോകാന്‍ ഒരു വര്‍ഷംകൂടി ബാക്കി ഉണ്ട്.
അല്ല വേണുവേട്ടാ,വേറെ ഒരു പരിഹാരവും ഇല്ലേ.
ഹും… പിന്നെ ഒരു പരിഹാരമുണ്ട് ഈ വിഗ്രഹം തന്ന ആള്‍ക്കുതന്നെ കൊടുക്കണം. അയാള്‍ സന്തോഷത്തോടെ സ്വീകരിക്കണം .അങ്ങിനെയാണെങ്കില്‍ നമുക്ക് കുഴപ്പമില്ല എന്നാ പറഞ്ഞേ.
ഞാന്‍ ങ്ങേ… ഇതെന്താ ജൂനിയര്‍ മാന്‍ഡ്രേക്ക് പടത്തിന്റെ രണ്ടാം ഭാഗമോ എന്ന് ഉളളില്‍ വിചാരിച്ചെങ്കിലും, മനസ്സിലെ ശങ്ക വിട്ടുമാറാത്തോണ്ട് ഒന്നും എതിര്‍ത്ത് പറയാതെ ശരിയെന്ന് പറഞ്ഞു.
ഞാന്‍ കൂലംകുഷമായി ചിന്തിച്ചുകൊണ്ടിരുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടന്നല്ലേ…. എന്റെ കണ്ണില്‍ ആ സാധനം പെട്ടു. കമ്പനിയുടെ വക സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പ്രൊമോഷന്‍ ഉണ്ടായിരുന്ന ബാഗ് വേണുവേട്ടന്‍ വെയര്‍ ഹൗസില്‍ നിന്ന് സൂപ്പര്‍ വൈസറെ സോപ്പിട്ട് സംഘടിപ്പിച്ച് കബോര്‍ഡിന്റെ മുകളില്‍ വെച്ചിട്ടുണ്ടായിരുന്നു.
എന്നും കമ്പനി. വക ഗിഫ്റ്റ് ഒന്നും ഇല്ലേ എന്ന് മൊയ്തീനിക്ക ചോദിക്കാറുള്ളത് ഓര്‍മയില്‍ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. വിഗ്രഹം നല്ലവണ്ണം കവര്‍ ചെയ്തു കമ്പനി ലോഗോ ഉളള ട്രാവല്‍ ബാഗില്‍ ഇട്ടു ഞാനും വേണുവേട്ടനും കൂടി മൊയ്തീനിക്കാന്റെ കടയിലേക്ക് ഇറങ്ങി.
എന്റെ കയ്യിലെ ബാഗിലേക്ക് ഒന്നു ചെരിഞ്ഞ് നോക്കിയ മെയ്തീനിക്കാന്റെ മനസ്സില്‍ ലഡു പൊട്ടിയെന്ന് ആളുടെ ചിരി കണ്ടപ്പോള്‍ മനസ്സിലായി
എന്താ ഉണ്ണീ നീ ഈ രാത്രി സമയത്ത് പതിവില്ലാത്ത ഒരു വിസിറ്റ് .
ഒന്നൂല്ല ഇക്ക ഇതു നിങ്ങള്‍ക്ക് തരാന്‍ വന്നതാ. അയാളുടെ മുഖം സന്തോഷം കൊണ്ട് ഒന്നൂടെ തുടുത്തു.
പോക്കറെ നമ്മുടെ ഉണ്ണിക്കും ചങ്ങാതിക്കും ഓരോ സ്‌ട്രോങ്ങ് ചായ കൊടുക്ക് .
എന്ന് പറയലും എന്റെ കയ്യില്‍ നിന്ന് ബാഗ് മേടിക്കലും ഒപ്പം കഴിഞ്ഞു.
എന്താ ഒരു കനം ബാഗിന്, ഉള്ളില്‍ എന്താണ്ടോ..
വീണ്ടും ലഡ്ഡു പൊട്ടിയതായി എനിക്ക് മനസ്സിലായി. മൊയ്തീനിക്കാന്റെ മുഖം കണ്ടപ്പോള്‍.ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു..ഇക്കാ ഇന്നലെ ആ മൈതാനത്തില്‍ നിന്ന് നിങ്ങള്‍ എനിക്ക് തന്നില്ലേ ആ വിഗ്രഹം ആണ് ഉള്ളില്‍. റൂമില്‍ അത് വെക്കാന്‍ ഒപ്പം ഉള്ളവര്‍ സമ്മതിക്കുന്നില്ല. അതു കൊണ്ട് നിങ്ങള്‍ക്കു തന്നെ തിരിച്ചു തന്നതാ. എനിക്ക് ഈ വിശ്വാസം ഉള്ളതോണ്ട് കളയാന്‍ പേടിയാ.
ചതിയില്‍ വഞ്ചന പാടില്ലാത്തതുകൊണ്ട് ഞാനാ സത്യം അപ്പോളേ അദ്ദേഹത്തെ അറിയിച്ചു മാതൃക കാട്ടി.
ഇതു കേട്ടതും ആ മുഖം ഒന്നു മാറി. പക്ഷേ, അത് പുറത്ത് കാട്ടാതെ മൊയ്തീനിക്ക പറഞ്ഞു .
എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല മോനെ. ഞാന്‍ അത് കളഞ്ഞോളാം .ഇജ്ജ് ബേജാറാവണ്ട.
പോക്കര്‍ കൊണ്ടു വന്ന ചായയും പിന്നെ ഒരു വഴിക്ക് പോകുന്നതല്ലേ ഇക്കാക്ക് വിഷമമാവണ്ട എന്ന് കരുതി രണ്ട് പരിപ്പുവടയും എടുത്ത് സലാം പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.
ഒരാഴ്ച്ച കഴിഞ്ഞ് ഓര്‍ഡര്‍ എടുക്കാന്‍ മൊയ്തീനിക്കാന്റെ കടയില്‍ ഞാന്‍ പതിവുപോലെ പോയി. മൊയ്തീനിക്ക കടയില്‍ ഇല്ല. അയാളുടെ അനിയന്‍ അഷ്‌റഫ് പറഞ്ഞു
ഉണ്ണീ മൊയ്തീനിക്ക റൂമിലുണ്ട് സാധനം ഇറക്കുന്നതിനുമുമ്പ് നിന്നോട് ഒന്നുചെന്ന് കാണാന്‍ പറഞ്ഞിട്ടുണ്ട്.
പുതിയ വല്ല കടയും ഓപ്പണ്‍ ആക്കുന്നുണ്ടാകും എന്ന് മനസ്സില്‍ വിചാരിച്ച് സന്തോഷത്തോടെ ഞാന്‍ കടയുടെ ബാക്കില്‍ ഉള്ള റൂമിലേക്ക് പോയി. റൂമിന്റെ ഉള്ളില്‍ ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച!!!
പാവം മെയ്തീനിക്ക കാലൊടിഞ്ഞു കിടക്കയില്‍ അവശനായി കിടക്കുന്നു. എന്നെ കണ്ടതും ഇല്ലാത്ത ശക്തിയെടുത്ത് പച്ചമലയാളഭാഷയില്‍ കുറെ ചീത്ത വിളിച്ചു. നിന്റെ ഒരു സാധനവും എന്റെ കടയില്‍ വെക്കണ്ട എന്ന് തുടങ്ങി പലതും. ഞാനാണെങ്കിലോ ആകപ്പാടെ വല്ലാത്ത ഒരവസ്ഥയിലായി. എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഇങ്ങേര്‍ക്ക് ഇത് എന്തുപറ്റി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ഇയാള്‍ക്ക് തലക്ക് വല്ല കുഴപ്പമുണ്ടോ എന്നുവരെ ആലോചിച്ചു. പിന്നെ രംഗം വഷളാക്കാതെ യുദ്ധമുഖങ്ങളിലെ ചില പിന്‍മാറ്റവും നല്ലൊരു നയതന്ത്ര നീക്കമാണെന്ന് മനസ്സിലാക്കി പതുക്കെ റൂം വിട്ട് ഇറങ്ങി. തിരിച്ച് കടയില്‍ ചെന്നപ്പോള്‍ അഷ്‌റഫ് ചിരിച്ചു കൊണ്ട് .
എന്താ മോനെ ഉണ്ണീ,നന്നായി കിട്ടി എന്ന് തോന്നുന്നല്ലോ.
അഷറഫ് ആണ് സംഭവം പറയുന്നത് ഞാന്‍ കൊടുത്ത ബാഗില്‍നിന്ന് വിഗ്രഹം എടുത്ത് പുള്ളിക്കാരന്‍ കളഞ്ഞു. അന്ന് രാത്രി മൊയ്തീനിക്ക റൂമിലെ ബാത്ത്‌റൂമില്‍ വഴുതി വീണ് എല്ല് പൊട്ടി. ഹോസ്പിറ്റലില്‍ പോയി പ്ലാസ്റ്റര്‍ ഇട്ട് ബെഡില്‍ വന്ന് ഇരുന്നതും അത് നിലത്തേക്ക് ചാഞ്ഞു. വിഗ്രഹത്തിന്റെ കാര്യം അറിയുന്ന അയാളുടെ പണിക്കാരന്‍ പോക്കര്‍ ഈ സംഭവം ആയി ബന്ധപ്പെട്ട് മുതലാളിയെ ഓരോന്നു പറഞ്ഞ് പേടിപ്പിച്ചു. എന്തായാലും മൊയ്തീനിക്കാന്റെ കണ്ണില്‍ ആ സമയത്ത് ഞാനായി ശത്രു…
പാവം മൊയ്തീനിക്ക…. പാവം ഞാന്‍….
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മൊയ്തീനിക്കാനെ ബര്‍ദുബായില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. ഒറ്റ നോട്ടത്തില്‍ എന്നെ അയാള്‍ തിരിച്ചറിഞ്ഞു. പഴയ ഓര്‍മ്മകള്‍ തമാശയോടുകൂടി അയാള്‍ പറയുമ്പോളും അയാളുടെ പഴയ ആ മുഖമായിരുന്നു എന്റെ ഉള്ളില്‍ ഉണ്ടായിരുന്നത്. പഴയ കാലത്ത് ചെയ്തുകൂട്ടിയ മണ്ടത്തരങ്ങള്‍ ഓര്‍ക്കാന്‍ തന്നെ രസമാണ്..
വാരഫലം: ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ പല രീതിയില്‍ വ്യാഖാനിക്കാനും വളച്ചൊടിക്കാനും ആര്‍ക്കും പറ്റും. പക്ഷേ ശരിക്ക് ചിന്തിച്ചാല്‍ കാണാം ഇത്തരം അന്ധവിശ്വാസത്തിലൊന്നും ഒരു കാര്യവുമില്ലെന്ന്. ഇത്തരത്തിലുള്ള സംഭവങ്ങളെ വളച്ചൊടിച്ച് വെറൊരു കൂട്ടര്‍ തങ്ങളുടെ ഉപജീവനം നടത്തുന്നു. യുക്തിപൂര്‍വ്വം എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്യാതെ ചതിക്കുഴികളില്‍ വീണ് കയ്യിലുള്ള പണം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.
0 Comments