ദുബായിൽ നിന്നും നസീർ വാടാനപ്പള്ളി പറയുന്ന കണ്ണീർക്കഥ..

പ്രിയപ്പെട്ടവരെ വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ ഇത്‌ എഴുതുന്നത്‌‌.ഓരോ ദിവസവും കരളലിയിപ്പിക്കുന്ന അനുഭവങ്ങളാണ് എനിക്ക്‌ നേരിടേണ്ടി വരുന്നത്‌.പല സമയങ്ങളിലും നിയന്ത്രണം വിട്ടു പോകാറുണ്ടെങ്കിലും അടുത്ത നിമിഷങ്ങളിൽ നമ്മുടെ ഉത്തരവാദിത്വത്തിലേക്ക്‌ മനസ്സിനെ മടക്കികൊണ്ടുവന്ന് നമ്മുടെ സഹായവും പ്രതീക്ഷിച്ചു കാത്തുനിൽക്കുന്നവരുടെ അരികിലേക്ക്‌‌ ഓടിപോവുകയാണ് ചെയ്യാറുള്ളത്‌.

കൊവിഡ്‌-19 ആരംഭഘട്ടത്തിൽ കൊവിഡ്‌ ആണോ എന്ന് സംശയമുള്ളവർക്ക്‌ ടെസ്റ്റ്‌ ചെയ്യുവാനാവശ്യമായ സാഹചര്യമുണ്ടാക്കി കൊടുക്കുവാനുള്ള വിളികളായിരുന്നു കൂടുതലും വന്നിരുന്നത്‌.അത്‌ പിന്നീട്‌ കൊവിഡ്‌ പൊസിറ്റീവ്‌ ആയവരെ ഐസുലേഷനിലേക്ക്‌ മാറ്റുവാനാവശ്യമായ സഹായം ചോദിച്ചുകൊണ്ടുള്ള വിളികളിലേക്ക്‌ മാറി അതിനിടയിൽ ഭക്ഷണവും താമസ സൗകര്യവും ആവശ്യപ്പെട്ടുള്ള വിളികളും കൂടി കൊണ്ടിരുന്നു.

നാട്ടിലേക്ക്‌ വിമാന സർവ്വീസ്‌ ആരംഭിച്ചപ്പോൾ ഗർഭിണികളായ സ്ത്രീകളുടെ കരഞ്ഞുകൊണ്ടുള്ള വിളികളായിരുന്നു കൂടുതലും വന്നത്‌.
ഡോക്‌റ്റർമ്മാർ യാത്ര അനുവദിച്ച അവസാന ആഴ്ചകളിലുള്ള ഗർഭിണികൾ,കുട്ടികൾ വയറിനുള്ളിൽവെച്ച്‌ മരണപ്പെട്ട സ്ത്രീകളുടെ വേദനകൊണ്ട്‌ സഹിക്കാൻ പറ്റാത്ത അവസ്ഥയിലുള്ള വിളികൾ,രോഗികളായവർ എന്ത്‌ ചെയ്യണമെന്ന് അറിയാതെ എങ്ങനെയെങ്കിലും കോൺസുലേറ്റിന്റെ ലിസ്റ്റിൽ പേരുവരുത്താനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വിളികൾ എന്നിവയായിരുന്നു കൂടുതലും വന്നിരുന്നത്.ഇവയൊക്കെ പരിഹരിക്കാനുള്ള നടപടികൃമങ്ങൾ ദുബായ്‌ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട്‌ നമ്മൾ നടത്തികൊണ്ടിരിക്കുകയാണ്.

ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന വിഷയം ദുബായിൽവെച്ച്‌ മരണപ്പെടുന്ന ഹൈന്ദവ സഹോദരങ്ങളെ അവരുടെ വിശ്വാസ പ്രകാരം ഇവിടെ സംസ്കരിക്കുവാൻ ആറോ ഏഴോ ദിവസങ്ങൾ പിടിക്കുന്നുവെന്നതാണ്.നമ്മൾക്ക്‌ കഴിയുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തി സംസ്കാര ചടങ്ങുകൾ വേഗത്തിലാക്കുവാൻ നമ്മൾ ശ്രമിക്കുന്നുണ്ട്‌.ഇങ്ങനെ ചില ഇടപെടലുകൾ നടത്തുന്നതിനിടയിലാണ് ഇന്ന് പ്രിയപെട്ട കെ.വി.ശംസുദ്ധീൻ ഇക്കയുടെ കോൾ എനിക്ക്‌ വന്നത്‌.അദ്ദേഹത്തിന്റെ പരിചയക്കാരനായ ഒരു മഹാരാഷ്ട്ര സ്വദേശിയുടെ അച്ഛൻ കോവിഡ്‌ ബാധിച്ച്‌ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽവെച്ച്‌ മരണപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന്റെ വീട്ടിലുള്ളവരെല്ലാം വീട്ടിൽ കോറണ്ടൈനിലാണെന്നും അവർക്ക്‌ പുറത്ത്‌ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ മരണപ്പെട്ട ആളുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുവാൻ എന്തെങ്കിലും സഹായം ചെയ്തുകൊടുക്കണമെന്നായിരുന്നു ശംസുക്ക എന്നോട്‌ ആവശ്യപ്പെട്ടത്‌.
അപ്പോൾ തന്നെ ഞാൻ ആ മകന്റെ നമ്പർ വാങ്ങുകയും അവരെ വിളിക്കുകയും ചെയ്തു.

ഞാൻ ആ മകനെ വിളിക്കുമ്പോൾ ആ മകൻ പൊട്ടികരയുകയായിരുന്നു. കോറണ്ടൈനിലായതിനാൽ
അച്ഛന്റെ മുഖം അവസാനമായൊന്ന് കാണുവാൻ സാധിക്കാത്തതിനാലും ഒരു മകന്റെ ഉത്തരവാദിത്വമായ അച്ഛന്റെ സംസ്കാര ചടങ്ങുകൾ നടത്തുവാൻ കഴിയില്ല എന്നും പറഞ്ഞുകൊണ്ട്‌ കരയുന്ന മകനെ എന്ത്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കുമെന്ന് എനിക്ക്‌ അറിയില്ലായിരുന്നു.ആ മകന്റെ കരച്ചിൽ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നിങ്ങളുടെ വീട്ടിലേക്ക്‌ ഞാൻ തന്നെ വരാം അച്ഛന്റെ പാസ്പോർട്ട്‌ എനിക്ക്‌ തന്നോളു നിങ്ങൾക്കും വേണ്ടി ഒരു മകന്റെ സ്ഥാനത്ത്‌ നിന്നുകൊണ്ട്‌ നിങ്ങളുടെ മതവിശ്വാസ പ്രകാരമുള്ള എല്ലാ ചടങ്ങുകളും നടത്തികൊണ്ട്‌ അച്ഛന്റെ ശവസംസ്കാരം ഞാൻ നടത്തികൊള്ളാം എന്ന് ആ മകന് ഉറപ്പ്‌ നൽകുകയും അവരുടെ വീട്ടിൽ പോയി കോറണ്ടൈനിൽ കഴിയുന്ന ആ മകന്റെ കൈകളിൽ നിന്നും മരണപ്പെട്ട അച്ഛന്റെ പാസ്പോർട്ട്‌ വാങ്ങിയിരിക്കുകയാണ് ഇനി ആ മകന് ഞാൻ കൊടുത്ത വാക്ക്‌ പാലിക്കണം.അതിനായുള്ള ഓട്ടത്തിലാണ് ഞാനിപ്പോൾ.

ഒരിക്കൽ കൊറോണ വന്നവർക്ക്‌ വീണ്ടും കൊറോണ പിടിക്കപ്പെട്ട‌ കേസുകൾ നമുക്ക്‌ മുന്നിലുണ്ട്‌.പല സുഹൃത്തുക്കളും എന്നോടുള്ള സ്നേഹം കൊണ്ട്‌ വിശ്രമിക്കാനും ശ്രദ്ധിക്കാനും പറയാറുണ്ട്‌ എന്നാൽ ഇങ്ങനെയുള്ള അവസ്ഥയിൽ വിശ്രമിക്കാൻ എന്റെ മനസ്സ്‌ എന്നെ അനുവദിക്കുന്നില്ല ഇത്തരം പ്രയാസങ്ങളുമായി എന്നെ തേടിയെത്തുന്നവരെ എനിക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവില്ല.എന്റെ വാട്സപ്പിൽ നൂറു കണക്കിന് മെസ്സേജുകളാണ് ഓരോ ദിവസവും വരുന്നത്‌.എല്ലാം ഞാൻ കാണുന്നുണ്ട്‌ എന്നാൽ എല്ലാ മെസ്സേജുകൾക്കും മറുപടി നൽകുവാൻ എനിക്ക്‌ സാധിക്കാറില്ല.ഗർഭിണികളായ സഹോദരിമാരുടെ ലിസ്റ്റുകളെല്ലാം ഞാൻ കോൺസുലേറ്റിനു കൈമാറുന്നുണ്ട്‌ ബഹുഭൂരിപക്ഷം ആളുകൾക്കും കോൺസുലേറ്റിൽ നിന്നും കോളുകളും വരുന്നുണ്ട്‌.വാട്സപിൽ ഞാൻ മറുപടി നൽകുന്നില്ല എന്ന കാരണത്താൽ ആർക്കും എന്നോട്‌ ദേശ്യം തോന്നരുത്‌‌.എന്റെ കഴിവിന്റെ പരമാവധി ഞാൻ നിങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ട്‌.

പരിശുദ്ധ റമദാൻ മാസത്തിന്റെ ഏറ്റവും പുണ്യം നിറഞ്ഞ രാവിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്‌ എല്ലാവരും പ്രാർത്ഥിക്കുക
ഈ കൊറോണ എന്ന് മഹാവ്യാധിയിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക.വല്ലാത്തൊരു പരീക്ഷണത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്‌.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുന്നു.
നസീർ വാടാനപ്പള്ളി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar