എം.ടിയുടെ നാലുകെട്ടിന് അറബി പരിഭാഷ

ഇന്ന് ലോക അറബി ഭാഷാദിനം,
ദുബൈ,മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കിയ എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ നാലുകെട്ടിന് അറബി പരിഭാഷ പൂര്‍ത്തിയായി. സഊദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല്‍ മദാരിക് പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയാണ് അറബി പുറത്തിറക്കുന്നത്.
മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേര്‍ന്നാണ് പരിഭാഷ നിര്‍വ്വഹിച്ചത്.വളാഞ്ചേരി മര്‍ക്കസില്‍ നിന്നാണ് ഇരുവരും വാഫി ബിരുദാനന്തര ബിരുദം നേടിയത്.
അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി.
എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യു.എ.ഇ യുടെ ഔദ്യോഗിക ഖുത്വുബ ഓഡിയോ പരിഭാഷ ഇതിനകം ശ്രദ്ധ നേടിയതാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ പി.ജി പൂര്‍ത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂര്‍ ജുമാമസ്ജിദിലെ ഇമാമുമാണ്.
മലയാള നോവലുകളില്‍ ഏറെ ചര്‍ച്ചാ വിഷയമാവുകയും പഠനങ്ങള്‍ നടക്കുകയും ചെയ്ത നോവലുകളാണ് എം.ടിയുടേത്. എം.ടിയുടെ ആത്മാംശം ഉള്‍ക്കൊള്ളുന്ന നോവലായാണ് നാലുകെട്ട് ഗണിക്കപ്പെടുന്നത്.
നായര്‍ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തില്‍ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മനോഹരമായി ഇതില്‍ ചിത്രീകരിക്കപ്പെടുന്നു.
ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട അപ്പുണ്ണി,അമ്മയോട് പിണങ്ങി അമ്മയെ പുറത്താക്കിയ അതേ നാലുകെട്ടില്‍ അമ്മാവന്റെ ഇഷ്ടക്കേട് വകവയ്ക്കാതെ താമസിക്കുന്നു.
പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വയനാട്ടിലേക്ക് ജോലി തേടി പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി തന്നെ പുച്ഛിച്ചു തള്ളിയ നാലുകെട്ട് വിലയ്ക്ക് വാങ്ങുകയും അമ്മയെ സ്വീകരിക്കുകയും ചെയ്യുന്നു.ഇതാണ് നാലുകെട്ടിന്റെ ഇതിവൃത്തം.
ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്ന അപ്പുണ്ണിയുടെ സംഘര്‍ഷ ബഹുലമായ യാത്രയാണ് നാലുകെട്ട്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും നിശ്ശബ്ദ സഹനത്തിന്റെയും സാക്ഷ്യപത്രങ്ങളായ സ്ത്രീ കഥാപാത്രങ്ങളുണ്ട് നാലുകെട്ടില്‍.
ഇതിനകം പതിന്നാല് ഭാഷകളിലേക്ക് നാലുകെട്ട് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ജ്ഞാനപീഠ പുരസ്‌കാര ജേതാവായ എം.ടിയുടെ ഈ നോവലിന്റെ അഞ്ച് ലക്ഷത്തിലധികം കോപ്പികള്‍ ഇറങ്ങിയിട്ടുണ്ട്.
എം.ടി യുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ ഭാഷാന്തരം നടത്തുക എന്ന ശ്രമകരമായ ദൗത്യം പരിഭാഷകര്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗീതാ കൃഷ്ണന്‍ കുട്ടിയുടെ ഇംഗ്ലീഷ് പരിഭാഷ നിലവിലുണ്ടെങ്കിലും അടിസ്ഥാന കൃതിയെത്തന്നെ ആശ്രയിച്ചാണ് ഇരുവരും പരിഭാഷ നിര്‍വ്വഹിച്ചത്.മലയാളി മാത്രമറിയുന്ന ശീലങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചുരുങ്ങിയ വാക്കുകളില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയത് അറബി വായനക്കാര്‍ക്ക് ഏറെ സഹായകരമാണ്.ആഖ്യാന ശൈലി കൊണ്ട് മലയാളത്തില്‍ ശ്രദ്ധ നേടിയ നാലുകെട്ട് അറബ് ലോകത്തും വായനക്കാരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം..
ഒരു വര്‍ഷത്തിലേറെ നീണ്ട ഉദ്യമത്തിന് ശേഷമാണ് ഇരുവരും ദൗത്യം പൂര്‍ത്തികരിച്ചത്.തകഴിയുടെ ചെമ്മീനും ബെന്യാമിന്റെ അടുജീവിതത്തിനും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.

0 Comments